Latest News

കൊവിഡ് 19: പ്രവാസികളുമായി കരിപ്പൂരില്‍ ആദ്യ വിമാനം നാളെ; പ്രവാസികളെ സ്വീകരിക്കാന്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സജ്ജം

കൊവിഡ് 19: പ്രവാസികളുമായി കരിപ്പൂരില്‍ ആദ്യ വിമാനം നാളെ; പ്രവാസികളെ സ്വീകരിക്കാന്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സജ്ജം
X

മലപ്പുറം: പ്രവാസികളുമായി ദുബയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനം മെയ് ഏഴ് രാത്രി 10.30 ന് കരിപ്പൂരിലെത്തും. മലപ്പുറം ജില്ലയുള്‍പ്പടെ ഒമ്പത് ജില്ലകളിലെ യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടാകുക. പ്രവാസികളെത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ജില്ലാ പോലീസ് മേധാവി യു. അബദുല്‍കരീം, ആരോഗ്യ വകുപ്പ് അധികൃതര്‍ എന്നിവര്‍ വിമാനത്താവളത്തിലെത്തി എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ശ്രീനിവാസറാവുമായി ചര്‍ച്ച നടത്തി. ആരോഗ്യ ജാഗ്രത ഉറപ്പാക്കിയുള്ള ക്രമീകരണങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു. മറ്റു ജില്ലകളിലേക്കുള്ളവരില്‍ പ്രത്യേകിച്ച് രോഗലക്ഷണങ്ങളില്ലാത്തവരെ ടാക്‌സി വാഹനങ്ങളിലോ കെ.എസ്.ആര്‍.ടി.സി ബസുകളിലോ അതത് ജില്ലാ അധികൃതര്‍ക്ക് മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കിയ ശേഷം കൊണ്ടുപോകും.

പ്രത്യേക വിമാനത്തില്‍ എത്തുന്നവരെ പുറത്തിറങ്ങിയ ശേഷം കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ആംബുലന്‍സില്‍ മഞ്ചേരി അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. ശേഷിക്കുന്നവരെ പ്രത്യേക നിരീക്ഷണാര്‍ത്ഥം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി സജ്ജമാക്കിയ കൊവിഡ് കെയര്‍ സെന്ററുകളിലേയ്ക്ക് മാറ്റും. പ്രവാസികളെ ആശുപത്രികള്‍, കൊവിഡ് കെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളിലേയ്ക്കു മാറ്റാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വിമാനത്താവളത്തില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മതിയായ ആരോഗ്യ ജാഗ്രത ഉറപ്പാക്കി ഇവരെ ജില്ലാ ഭരണകൂടം ഒരുക്കിയ വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് കൊണ്ടുപോകും. അതേ സമയം അബുദബിയില്‍ നിന്ന് കൊച്ചിയിലെത്തുന്ന വിമാനത്തില്‍ 23 പേരാണ് മലപ്പുറം സ്വദേശികളായുള്ളത്. ഇവരേയും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ജില്ലയിലെത്തിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

അതേസമയം രോഗലക്ഷണങ്ങളില്ലാത്തവരും ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം നെഗറ്റീവ് ആയവരുമായഗര്‍ഭിണികള്‍, പത്ത് വയസിന് താഴെ പ്രായമുള്ളവര്‍, പ്രായാധിക്യത്താല്‍ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, ഭിന്നശേഷിക്കാര്‍, അടുത്ത ബന്ധുവിന്റെ മരണം, അടുത്ത ബന്ധുക്കള്‍ ഗുരുതരാവസ്ഥയിലുള്ളവര്‍ എന്നിവരെ കര്‍ശനമായ വ്യവസ്ഥകളോടെയും നിരന്തര ആരോഗ്യ നിരീക്ഷണം ഏര്‍പ്പെടുത്തിയും വീടുകളില്‍ പോകാന്‍ അനുവദിക്കും. തിരിച്ചെത്തുന്നവരെല്ലാം ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം.

വിമാനത്താവളത്തിനുള്ളില്‍ സജ്ജമാക്കിയിട്ടുള്ള പ്രത്യേക സംവിധാനങ്ങള്‍ ജില്ലാ കലക്ടറും സംഘവും നേരിട്ട് വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കുടിവെള്ളം, ലഘുഭക്ഷണം, വിശ്രമിക്കാനുള്ള സൗകര്യം എന്നിവ വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിമാനത്താവള അതോറിട്ടി, സി.ഐ.എസ്.എഫ്, എമിഗ്രേഷന്‍, കസ്റ്റംസ്, മറ്റ് ഏജന്‍സികള്‍ എന്നിവയുടെ പ്രതിനിധികളും ആരോഗ്യം, പൊലീസ്, റവന്യൂ, മോട്ടോര്‍ വാഹനം ഉള്‍പ്പടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.

ദുബയി-കരിപ്പൂര്‍ വിമാനത്തില്‍ എത്തുന്ന യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം

മലപ്പുറം 82, പാലക്കാട് 8, കോഴിക്കോട് 70, വയനാട് 15, കണ്ണൂര്‍ 6, കാസര്‍ഗോഡ് 4, കോട്ടയം 1, ആലപ്പുഴ 2, തിരുവനന്തപുരം 1

Next Story

RELATED STORIES

Share it