Latest News

എംഇഎസില്‍ നിന്ന് പുറത്താക്കിയത് വിശദീകരണം തേടാതെയെന്ന് മുന്‍ സെക്രട്ടറി

എന്നാല്‍, ഗുരുതരമായ അച്ചടക്ക ലംഘനവും സംഘടനാ വിരുദ്ധ പ്രവര്‍ത്തനവും നടത്തിയതിന്റെ പേരിലാണ് ഡോ.എന്‍.എം.മുജീബ് റഹ്‌മാനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് എംഇഎസ് ഭാരവാഹികള്‍ അറിയിച്ചു

എംഇഎസില്‍ നിന്ന് പുറത്താക്കിയത് വിശദീകരണം തേടാതെയെന്ന് മുന്‍ സെക്രട്ടറി
X

മലപ്പുറം: എംഇഎസില്‍ നിന്ന് പുറത്താക്കിയത് ഒരു വിശദീകരണം പോലും തേടാതെയെന്ന് മുന്‍ സെക്രട്ടറി ഡോ. മുജീബ് റഹിമാന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പ്രസിഡന്റിനെതിരെ വ്യപകമായി ഉയര്‍ന്നു വരുന്ന എല്ലാ എതിര്‍ ശബ്ദങ്ങളെയും സമര്‍ത്ഥമായി നിശബ്ദമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടുതന്നെയാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 3 കോടി 80 ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി ആരോപിക്കപ്പെട്ട് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് നടക്കാവ് പോലീസ് ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത എം.ഇ.എസിന്റെ സംസ്ഥാന പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂറും, ജനറല്‍ സെക്രട്ടറി പ്രൊഫ .പി.ഒ.ജെ ലബ്ബയും തല്‍സ്ഥാനങ്ങളില്‍ നിന്നും മാറിനിന്ന് അന്വേഷണം നേരിടണമെന്ന് ജനാധിപത്യരീതിയില്‍ പത്രസമ്മേളനം നടത്തി ആവശ്യപ്പെട്ടതിനാണ് സംഘടനയില്‍ നിന്നും പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു.

നിയമപരമായി രാജ്യത്തിന്റെ നീതി-നിയമ വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ ഈ നടപടിയെ ശക്തമായി നേരിടും. നേരത്തെ ഉന്നയിച്ച നിലപാടുകളില്‍ ഒരുമാറ്റവുമുണ്ടാവില്ല. ആരോപണ വിധേയരായ ഡോ ഫസല്‍ ഗഫൂറും പ്രൊഫ പി ഓ ജെ ലബ്ബയും എല്ലാ അധികാര സ്ഥാനങ്ങളില്‍ നിന്നും മാറിനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍, ഗുരുതരമായ അച്ചടക്ക ലംഘനവും സംഘടനാ വിരുദ്ധ പ്രവര്‍ത്തനവും നടത്തിയതിന്റെ പേരിലാണ് ഡോ.എന്‍.എം.മുജീബ് റഹ്‌മാനെ എം.ഇ.എസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതെന്ന് എംഇഎസ് ഭാരവാഹികള്‍ അറിയിച്ചു. എം.ഇ.എസ് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ നിരവധി വര്‍ഷമായി സൂപ്രണ്ട് പദവിയിലിരുന്നു പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ഡോ.എന്‍ എം.മുജീബ് റഹ്‌മാന്‍. എന്നാല്‍ അദ്ദേഹത്തിന്റെ കൃത്യവിലോപം കാരണം കോടികളുടെ നഷ്ടമാണ് എം.ഇ.എസിന് സംഭവിച്ചിട്ടുള്ളത്. മെഡിക്കല്‍ കോളേജിലെ കഴിഞ്ഞ കാലങ്ങളില്‍ നടന്ന പര്‍ചേസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ മേല്‍നോട്ടവും ഉത്തരവാദിത്വവും ഡോ.എന്‍ എം.മുജീബ് റഹ്‌മാനായിരുന്നു. ഇദ്ദേഹം അവിടെ നിന്ന് സൂപ്രണ്ട് പദവിയിലിരുന്ന് ശമ്പളം വാങ്ങിത്തന്നെയായിരുന്നു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്.എന്നാല്‍ കൃത്യമായി വരികയോ മേല്‍കാര്യങ്ങളിലുള്ള മേല്‍നോട്ടം നിര്‍വഹിക്കുകയോ ചെയ്യാത്തതുകൊണ്ട് അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് നേരത്തെ മാനേജിംഗ് കമ്മിറ്റി നീക്കിയിരുന്നു. ഒക്ടോബര്‍ 27ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം നിയോഗിക്കപ്പെട്ട അന്വേഷണ കമ്മീഷന്റെ അന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേടും സ്വജന പക്ഷപാതവും പുറത്ത് വരികയും അവ കണ്ടെത്തിയതിനെതുടര്‍ന്ന് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. അതില്‍ നിന്നും രക്ഷ നേടാനുള്ള മാര്‍ഗ്ഗമായാണ് പത്ര സമ്മേളനം നടത്തി സംഘടനക്കെതിരെ സമൂഹമധ്യത്തില്‍ അവമതിപ്പുണ്ടാക്കുന്ന തലത്തിലുള്ള വാര്‍ത്തകള്‍ നല്‍കിയത്.ഇത് ഗുരുതര അച്ചടക്ക ലംഘനവും സംഘടനാ വിരുദ്ധ പ്രവര്‍ത്തനവുമായതിനാലാണ് സസ്‌പെന്റ് ചെയ്തതെന്ന് പ്രസിഡന്റ് ഡോ. പി. എ.ഫസല്‍ ഗഫൂറും ജനറല്‍ സെക്രട്ടറി പ്രെഫ.പി.ഒ.ജെ. ലബ്ബയും അറിയിച്ചു.

Next Story

RELATED STORIES

Share it