Latest News

കൊവാക്‌സിന്‍ 81 ശതമാനം ഫലപ്രദമെന്ന് ഐസിഎംആറും

കൊവാക്‌സിന്‍ 81 ശതമാനം ഫലപ്രദമെന്ന് ഐസിഎംആറും
X

ന്യൂഡല്‍ഹി: ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ 81 ശതമാനം ഫലപ്രദമാണെന്ന കമ്പനിയുടെ അവകാശവാദം ശരിവച്ച് ഐസിഎംആറും.

വെറും എട്ട് മാസമെന്ന ഏറ്റവും കുറവ് സമയത്തിനുള്ളില്‍ കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കാന്‍ ഭാരത് ബയോടെക്കിനു കഴിഞ്ഞത് ആത്മനിര്‍ഭര്‍ ഭാരതിന്റെ ശക്തിയാണെന്നും ആഗോള ആരോഗ്യരംഗത്ത് ഇന്ത്യയുടെ വളര്‍ച്ച ശരിവയ്ക്കുന്നതാണെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. മൂന്നാംഘട്ട വാക്‌സിന്‍ പരിശോധന ഐസിഎംആറും ഭാരത്ബയോടെക്കും സംയുക്തമായി കഴിഞ്ഞ വര്‍ഷം നവമ്പര്‍ മാസത്തില്‍ 25,800 പേര്‍ക്ക് 21 കേന്ദ്രങ്ങളില്‍ വച്ച് നല്‍കിയാണ് നടത്തിയതെന്നും പരിശോധനയില്‍ 81 ശതമാനം ഫലപ്രാപ്തി നേടിയതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് ഐസിഎംആര്‍ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കിയത്.

കൊവാക്‌സിന്‍ രണ്ടാം ഡോസെടുത്തവര്‍ക്ക് കൊവിഡ് വൈറസിനെ 81 ശതമാനത്തോളം ഫലപ്രദമായി പ്രതിരോധിക്കാനാവുമെന്ന് കമ്പനിയുടെ വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരുന്നു.

അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനായി ഇന്ത്യന്‍ മരുന്നു നിയന്ത്രണ അധികൃതര്‍ രണ്ട് വാക്‌സിനുകള്‍ക്കാണ് അനുമതി നല്‍കിയിരുന്നത്. ഒന്ന് കൊവിഷീല്‍ഡും മറ്റൊന്ന് കൊവാക്‌സിനും. ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ സഹായത്തോടെ ആസ്ട്രസെനക്ക വികസിപ്പിച്ചെടുത്ത കൊവിഷീല്‍ഡ് 70 ശതമാനം ഫലപ്രദമാണെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. മൂന്നാം ഘട്ട വാക്‌സിന്‍ പരിശോധന പൂര്‍ത്തിയാക്കാത്ത ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് അടിയന്തിര അനുമതി നല്‍കിയ നടപടി ദേശീയ തലത്തില്‍ തന്നെ വിവാദമായിരുന്നു. മൂന്നു ഘട്ടങ്ങളായി വാക്‌സിന്‍ പരിശോധന ആവശ്യമായിരുന്നെങ്കിലും കൊവാക്‌സിന്‍ രണ്ട് ഘട്ട പരിശോധന മാത്രമേ പൂര്‍ത്തിയായിരുന്നുള്ളൂ.

Next Story

RELATED STORIES

Share it