Sub Lead

മുസ്‌ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം: അധ്യാപികക്കെതിരേ ഗുരുതരവകുപ്പ് ചുമത്തി

മുസ്‌ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം: അധ്യാപികക്കെതിരേ ഗുരുതരവകുപ്പ് ചുമത്തി
X

ഡല്‍ഹി: മുസ്‌ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് മര്‍ദിപ്പിക്കുകയും വര്‍ഗീയപരാമര്‍ശം നടത്തുകയും ചെയ്ത കേസില്‍ പ്രതിയായ അധ്യാപികക്കെതിരെ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ചുമത്തി ഉത്തര്‍പ്രദേശ് പോലീസ്. 2015- ലെ ബാല നീതി നിയമത്തിലെ 75-ാം വകുപ്പ് ആണ് അധ്യാപികക്കെതിരേ പുതുതായി ചുമത്തിയത്.

ആഴ്ചകള്‍ നീണ്ടുനിന്ന അന്വേഷണത്തിനുശേഷമാണ് മുസാഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ ബാലനീതി നിയമത്തിലെ വകുപ്പ് ചുമത്തിയത്. കുട്ടികളെ ആക്രമിക്കുക, ഉപദ്രവിക്കുക, അവഗണിക്കുക അതിലൂടെ കുട്ടികള്‍ക്ക് മാനസിക ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് 3 വര്‍ഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പാണ്. വിശദമായ അന്വേഷണത്തിനുശേഷമാണ് ബാല നീതി വകുപ്പ് പ്രകാരം ഉള്ള കുറ്റം കൂടി ചേര്‍ക്കാന്‍ തീരുമാനിച്ചത് എന്ന് യുപി പോലിസ് അറിയിച്ചു.

നേരത്തെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 323, 504 വകുപ്പുകള്‍ പ്രകാരം അധ്യാപികക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മനപ്പൂര്‍വം വേദനിപ്പിക്കുക, മനപ്പൂര്‍വം അപമാനിക്കുകയും അതുവഴി പ്രകോപനമുണ്ടാകുകയും ചെയ്യുക തുടങ്ങിയ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രമായിരുന്നു ചുമത്തിയത്. ഇത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

താന്‍ ഭിന്നശേഷിക്കാരിയാണെന്നും കുട്ടി കഴിഞ്ഞ 2 മാസമായി ഗൃഹപാഠം ചെയ്യുന്നില്ലെന്നും തനിക്ക് എഴുന്നേല്‍ക്കാന്‍ കഴിയാത്തതിനാല്‍, മറ്റുകുട്ടികളെകൊണ്ട് തല്ലിച്ചതാണെന്നുമായിരുന്നു തൃപ്തി ത്യാഗിയുടെ വിശദീകരണം. സംഭവത്തിന് പിന്നില്‍ വര്‍ഗീയ താത്പര്യം ഇല്ലെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.





Next Story

RELATED STORIES

Share it