Latest News

ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ തോത് ഗുരുതരമായി തുടരുന്നു

ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ തോത് ഗുരുതരമായി തുടരുന്നു
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ വായുമലിനീകരണത്തിന്റെ തോത് ഗുരുതരമായി തുടരുന്നതായി സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്റ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്റ് റിസര്‍ച്ച്(എസ്എഎഫ്എആര്‍). രാവിലെയായിട്ടും പലയിടങ്ങളിലും ദൃശ്യതയിലും കുറവുണ്ട്.

എസ്എഎഫ്എആര്‍ കണക്കനുസരിച്ച് തലസ്ഥാനത്തെ വായുമലിനീകരണത്തിന്റെ തോത് (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്, എക്യുഐ) 432ആണ്.

എക്യുഐ 0-50ആണെങ്കില്‍ വായുമലിനീകരണത്തിന്റെ തോത് 'കുറവാ'ണ്. 51-100ന് ഇടയിലാണെങ്കില്‍ 'തൃപ്തികര'മാണ്, 101-200ന് ഇടയില്‍ 'താരതമ്യേന മെച്ചപ്പെട്ട'തും 201-300 'മോശ'വും 301-400 'വളരെ മോശ'വും 401-500 'ഗുരുതര'വുമായി കരുതുന്നു.

ഞായറാഴ്ച നഗരത്തിന്റെ പല ഭാഗങ്ങളിലും എക്യുഐ 436 ആയിരുന്നു. ഗുരുതരമായ മലിനീകരണ പ്രശ്‌നമുണ്ടെന്നാണ് അതിനര്‍ത്ഥം.

ഡല്‍ഹിയുടെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ വയല്‍കത്തിക്കല്‍ തുടരുന്നതാണ് എക്യുഐ വര്‍ധിക്കുന്നതിനു കാരണമെന്ന് എസ്എഎഫ്എആര്‍ പറയുന്നു. കൂടാതെ വാഹനങ്ങള്‍ വഴിയുണ്ടാകുന്ന മലിനീകരണവും ബാധിക്കുന്നുണ്ട്.

അടുത്ത ദിവസങ്ങളിലും മലിനീകരണത്തോത് 'വളരെ മോശ'വും 'മോശ'വും 'ഗുരുതര'വുമായി തുടരുമെന്നാണ് കരുതുന്നത്.

ഡല്‍ഹി സര്‍വകലാശാല നോര്‍ത്ത് കാംപസ് എക്യുഐ 466, പുസ റോഡ് 427, ലോധി റോഡ് 432 തുടങ്ങിയവയാണ് വിവിധ പ്രദേശങ്ങളിലെ വായുമലിനീകരണത്തോത്.

കഴിയാവുന്നിടത്തോളം പുറത്തിറങ്ങിയുളള പ്രവൃത്തികള്‍ ഒഴിവാക്കാന്‍ എസ്എഎഫ്എആര്‍ നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it