Latest News

ഓര്‍മകളില്‍ കരൂപ്പടന്നയുടെ കായികലോകം

ഓര്‍മകളില്‍ കരൂപ്പടന്നയുടെ കായികലോകം
X

മാള: വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കായിക ലോകത്തിന്റെ ഈറ്റില്ലമാണ് കരൂപ്പടന്ന. ഇവിടെയുള്ള ജനതയുടെ കൂട്ടായ്മയും പരിശ്രമവും ആണ് ഈ നാടിനെ കായിക ചരിത്രത്തിലെ ഭാഗമാക്കി തീര്‍ത്തത്. കാലാകാലങ്ങളില്‍ ഉണ്ടായ യുവജനങ്ങള്‍ അടിത്തറയുള്ള സംഘടനകള്‍ക്ക് രൂപം നല്‍കിയിരുന്നു. കരൂപ്പടന്ന സ്‌കൂള്‍ പരിസരത്താണ് സന്നദ്ധസംഘടനകളുടെ ചരിത്രവും പരമാര്‍ത്ഥവും മേളിക്കുന്നത്. ഇവിടെയുള്ള വലിയ മൈതാനി ആയിരിക്കാം ഇതിനെല്ലാം കാരണം.

1960ലെ തുടക്കത്തിലാണ് ആദ്യത്തെ രജിസ്‌ട്രേഡ് ക്ലബ്ബായ ആസാദ് രൂപം കൊണ്ടത്. മണ്‍മറഞ്ഞുപോയ അയ്യപ്പന്‍ മാസ്റ്റര്‍, സി എസ് ബാബു, എം എസ് ബാവു എന്നിവരും സി എ ഖാദര്‍, കൊല്ലി ഖാദര്‍, സി ഐ അബൂബക്കര്‍, കെ എ മുഹമ്മദ്, കെ എ ഹമീദ് എന്നിവരായിരുന്നു തുടക്കത്തില്‍ ആസാദിന്റെ ശില്‍പ്പികള്‍. അന്ന് പന്തുകളിയും, നാടകവുമാണ് മുഖ്യമായും സംഘടിപ്പിച്ചിരുന്നത്. ഫുട്‌ബോളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ വിക്ടര്‍ മഞ്ഞില, ചാത്തുണ്ണി, ബേബി തുടങ്ങിയവര്‍ ഈ മൈതാനത്തെ ധന്യമാക്കിയിട്ടുണ്ട്. ഏകദേശം 15 വര്‍ഷം ഇതിന്റെ പ്രവര്‍ത്തനം നീണ്ടുനിന്നു.

അതേ കാലയളവില്‍ സ്‌കൂളിന്റെ പ്രാന്തപ്രദേശമായ പേഴുംകാട്ടില്‍ പി വൈ എം എസ് എന്നൊരു ക്ലബ്ബ് രൂപം കൊണ്ടിരുന്നു. വോളിബോള്‍ കമ്പക്കാരായിരുന്ന ഇവര്‍ ധാരാളം ട്രോഫികളും സമ്മാനങ്ങളും വാരിക്കൂട്ടിയിരുന്നു. ഈ സംഘടനകളുടെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ പുതുതായി ലക്കിസ്റ്റാറും ഫൈറ്റിംഗ് ഹീറോസും ഉടലെടുത്തു. ബലാരിഷ്ടത കഴിഞ്ഞപ്പോള്‍ ഫൈറ്റിംഗ് ഹീറോസ് വളര്‍ന്ന് പന്തലിച്ചു. നീണ്ടു നിരന്നു നിന്നിരുന്ന പൈന്‍മരങ്ങളുടെ ചുവട്ടില്‍ സന്ധ്യകള്‍ക്ക് നിറം ചാര്‍ത്തുന്ന ഒരുകൂട്ടം യുവാക്കള്‍ ഗെയിംസിന് മാത്രമല്ല സ്‌പോര്‍ട്‌സിന്റെ വളര്‍ച്ചക്ക് വേണ്ടി പ്രവര്‍ത്തിച്ചു പോന്നിരുന്നു. ഇതിന്റെ ഫലമെന്നോണം വേലപറമ്പില്‍ രവീന്ദ്രന്‍, ഇസ്മയില്‍ എന്നീ സ്പ്രിന്റര്‍മാരും പുരുഷോത്തമന്‍ എന്ന ദീര്‍ഘദൂര ഓട്ടക്കാരനും സംസ്ഥാനതല സ്‌കൂള്‍ കായിക മത്സരത്തില്‍ മെഡലുകള്‍ നേടിയിട്ടുണ്ട്.

എഴുപതുകളുടെ അന്ത്യത്തില്‍ പ്രവര്‍ത്തനമാന്ദ്യം നേരിട്ടെങ്കിലും ജില്ലയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്തിയിരുന്നു. പ്രശസ്തന്‍ ആവുന്നതിനു മുമ്പ് ഐ എം വിജയന്‍ ആദ്യമായി ബെസ്റ്റ് പ്ലെയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത് ന്യൂ ഹീറോസ് നടത്തിയ പ്രഥമ ടൂര്‍ണ്ണമെന്റില്‍ ആണ്. സംസ്ഥാന യൂണിവേഴ്‌സിറ്റി താരങ്ങളെ മറികടന്ന് കൊണ്ടുള്ള പ്രകടനം ആയിരുന്നു അത്. പുതുതലമുറയിലും പരീക്ഷണത്തിനൊരുങ്ങാന്‍ ആഗ്രഹിക്കുകയാണ് പഴയ കളിക്കാര്‍.

Next Story

RELATED STORIES

Share it