Latest News

ചെലവ്ചുരുക്കല്‍ കര്‍ശനമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

ചെലവ്ചുരുക്കല്‍ കര്‍ശനമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
X

തിരുവനന്തപുരം: സംസ്ഥാനം ചെലവുകളില്‍ ഗണ്യമായ കുറവ് വരുത്തുമെന്നും മുന്‍ഗണനകളില്‍ മാറ്റം വരുത്തുമെന്നും ധനമന്ത്രി ഡോ: ടി.എം. തോമസ് ഐസക് പറഞ്ഞു. കൊവിഡ്19 നെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ സംസ്ഥാന സമ്പദ്ഘടനയെ എങ്ങനെ ബാധിക്കുന്നുവെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ചില പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അതു പ്രകാരം ബജറ്റ് എസ്റ്റിമേറ്റിലെ 1,14,636 കോടിയില്‍ നിന്നും റവന്യൂവരുമാനം 81,180 ആയി കുറയുമെന്നാണ് സൂചിപ്പിക്കുന്നത്. റവന്യൂ കമ്മി 4.18 ശതമാനമായും ധനകമ്മി 5.95 ശതമാനമായും വര്‍ധിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

ഏപ്രില്‍ ഒന്നു മുതലുള്ള 47 ദിവസത്തെ ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ എല്ലാം സാധാരണ ഗതിയിലാകുമെന്നു ഗണിച്ചാല്‍പോലും 79,300 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകും. എങ്കിലും വര്‍ഷാവസാനം എത്തുമ്പോള്‍ 2.06 ശതമാനത്തിന്റെ വര്‍ധന ആഭ്യന്തര വരുമാനത്തില്‍ ഉണ്ടാകും.

രണ്ടാമത്തെ കണക്കുകൂട്ടല്‍ സ്ഥിതിഗതികള്‍ സാധാരണഗതിയിലാകാന്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞ് മൂന്നു മാസമെടുക്കുമെന്ന അനുമാനത്തെ ആസ്പദമാക്കിയാണ്. ഈ സാഹചര്യത്തില്‍ 1,35,523 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകും.

മൂന്നാമത്തെ കണക്കുകൂട്ടല്‍ സ്ഥിതിഗതികള്‍ സാധാരണഗതിയിലാകാന്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞ് ആറ് മാസമെടുക്കുമെന്ന അനുമാനത്തെ ആസ്പദമാക്കിയാണ്. ഈ സാഹചര്യത്തില്‍ 1,65,254 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകും. കേരള രൂപീകരണത്തിനുശേഷം സംസ്ഥാന സമ്പദ്ഘടനയിലുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയായിരിക്കും ഇതെന്ന് ധനമന്ത്രി പറഞ്ഞു. കേരളം ആവശ്യപ്പെടുന്നതുപോലെ രണ്ടു ശതമാനം കൂടുതല്‍ വായ്പയെടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുവാദം തന്നാല്‍പ്പോലും അഞ്ചു ശതമാനമേ വായ്പയെടുക്കാന്‍ കഴിയൂ.

സംസ്ഥാനം ചെലവുകളില്‍ ഗണ്യമായ കുറവ് വരുത്തിയേ തീരൂ എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനായി പ്രത്യേകം കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപോര്‍ട്ടുകൂടി വന്നതിനുശേഷം ഇതുസംബന്ധിച്ച് അവസാനം തീരുമാനം എടുക്കുമെന്ന് മന്ത്രി പറഞ്ഞു. വിപണിയില്‍ ഡിമാന്റ് ഇടിവ് പരിഹരിക്കാന്‍ കൂടുതല്‍ ഇടപെടല്‍ കേന്ദ്രത്തില്‍നിന്ന് ഉണ്ടാകണമെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്രധനമന്ത്രി പ്രഖ്യാപിച്ച പാക്കേജില്‍ ആവശ്യകത ഇല്ലായ്മ പരിഹരിക്കാന്‍ വളരെ കുറച്ച് ഇടപെടലേ ഉള്ളൂ. കാര്‍ഷിക അനുബന്ധ മേഖലയ്ക്കായി കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച ഒരു ലക്ഷം കോടിയുടെ പാക്കേജില്‍ 20,000 കോടി രൂപയോളമേ ബജറ്റില്‍നിന്ന് അധിക ചെലവായി വരൂ. പുതുതായി പ്രഖ്യാപിക്കുന്ന പദ്ധതികളുമായി സഹകരിക്കുകയും അവ കേരളത്തിന് പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യും. എന്നാല്‍ പ്രഖ്യാപിച്ചവയില്‍ ഏതൊക്കെയാണ് നിലവിലുള്ള സ്‌കീമുകളെന്ന് പറയാന്‍ തയ്യാറാകണം. കേന്ദ്ര പാക്കേജ് സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുമെന്ന് പൊതുവില്‍ വിലയിരുത്തപ്പെടുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. സെന്‍സെക്‌സിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകുന്നിലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it