Latest News

തിരുവല്ലം കസ്റ്റഡി മരണത്തിലെ പോലിസ് വാദം പൊളിയുന്നു; ശരീരത്തില്‍ നിരവധി ചതവുകള്‍, മര്‍ദ്ദനമേറ്റിരുന്നുവെന്നും ഡോക്ടര്‍മാര്‍

ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെങ്കിലും മര്‍ദ്ദനമാണ് പെട്ടന്ന് ഹൃദയാഘാതത്തിന് കാരണമായതെന്നും ഡോക്ടര്‍മാര്‍

തിരുവല്ലം കസ്റ്റഡി മരണത്തിലെ പോലിസ് വാദം പൊളിയുന്നു; ശരീരത്തില്‍ നിരവധി ചതവുകള്‍, മര്‍ദ്ദനമേറ്റിരുന്നുവെന്നും ഡോക്ടര്‍മാര്‍
X

തിരുവനന്തപുരം: തിരുവല്ലത്ത് പോലിസ് കസ്റ്റഡിയില്‍ ഇരിക്കെ മരിച്ച സുരേഷിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന പോലിസ് വാദം പൊളിയുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെങ്കിലും സുരേഷിന്റെ ശരീരത്തിലെ ചതവുകളാണ് പെട്ടന്ന് ഹൃദയാഘാതത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സുരേഷിന്റെ ശരീരത്തിലുണ്ടായ ചതവുകളില്‍ അന്വേഷണം വേണമെന്നും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പോലിസിനെ അറിയിച്ചു. തിരുവല്ലം ജഡ്ജികുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ഉപദ്രവിച്ചെന്നാരോപിച്ചാണ് സുരേഷ് ഉള്‍പ്പടെ അഞ്ചുപേരെ പോലിസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 28 നായിരുന്നു സംഭവം. പിറ്റേദിവസം പോലിസ് കസ്റ്റഡിയിലിരിക്കെ സുരേഷ് ആശുപത്രയില്‍ മരിച്ചു.

പോസ്റ്റ്മാര്‍ട്ടം റിപോര്‍ട്ടിന് അനുബന്ധമായുള്ള കുറുപ്പിലാണ് ശരീരത്തില്‍ നിരവധി ചതവുകളുള്ളതായി രേഖപ്പെടുത്തിയിരിക്കുന്നത്. പൂര്‍ണ ആരോഗ്യവാനായ സുരേഷിന് പെട്ടന്ന് ഹൃദയാഘാതമുണ്ടാകാന്‍ സാധ്യതയില്ലെന്ന് ബന്ധുക്കള്‍ നേരത്തേ ആരോപിച്ചിരുന്നു. സുരേഷിനെ ജഡ്ജിക്കുന്നില്‍ നിന്ന് കസ്റ്റഡിയിലെടുക്കുമ്പോള്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി കൂട്ട് പ്രതികളായി പിടികൂടിയവര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.

സുരേഷിന് ക്രൂരമര്‍ദ്ദനം ഏറ്റിരുന്നെന്ന് സഹോദരന്‍ സുഭാഷ് പറഞ്ഞു. ശരീരത്തില്‍ ഉടനീളം മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. സുരേഷിനെ പോലിസ് മര്‍ദ്ദിച്ച് കൊന്നതാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും വരെ നിയമപോരാട്ടം തുടരുമെന്നും സുഭാഷ് പറഞ്ഞു.

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സുരേഷ് മരിച്ചെന്നായിരുന്നു പോലിസ് വിശദീകരണം. എന്നാല്‍ പോലിസ് മര്‍ദ്ദനമാണ് മരണകാരണമെന്ന് നാട്ടുകാരും സുരേഷിന്റെ കുടുംബവും ആരോപിച്ചതോടെ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. പ്രതികളെ രാത്രിയില്‍ കസ്റ്റഡയിലെടുത്ത ശേഷം വൈദ്യപരിശോധനക്ക് കൊണ്ടുപോയപ്പോഴും കൊണ്ടുവന്നപ്പോഴും സ്‌റ്റേഷന്‍ ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തിയില്ലെന്നും വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ വീഴ്ച്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. എസ്‌ഐമാരായ ബിപിന്‍ പ്രകാശ്, വൈശാഖ്, ഗ്രേഡ് എസ്‌ഐ സജീവ് എന്നിവരെയാണ് സിറ്റി പോലിസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്.

Next Story

RELATED STORIES

Share it