Latest News

''കോമഡി സ്‌കിറ്റുകള്‍ക്ക് സ്‌ക്രിപ്‌റ്റെഴുതുന്നവരുടെ പണി കളയരുത്. പ്ലീസ്...'' -അമിത് ഷായെ ട്രോളി തോമസ് ഐസക്ക്

കോമഡി സ്‌കിറ്റുകള്‍ക്ക് സ്‌ക്രിപ്‌റ്റെഴുതുന്നവരുടെ പണി കളയരുത്. പ്ലീസ്... -അമിത് ഷായെ ട്രോളി തോമസ് ഐസക്ക്
X

തിരുവനന്തപുരം: കേരളത്തിലെ അഴിമതിക്കഥകളുടെ മുഴുവന്‍ വിവരങ്ങളും കയ്യിലുണ്ടെന്നും എന്നാല്‍ അതൊന്നും പുറത്തുവിട്ട് കേരള മുഖ്യമന്ത്രിയെ കുഴപ്പത്തിലാക്കില്ലെന്നുമുള്ള അമിത് ഷായുടെ ഭീഷണിയെ ട്രോളി ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. കഴിഞ്ഞ ദിവസം ബിജെപിയുടെ വിജയയാത്രയുടെ സമാപനസമ്മേളനത്തില്‍ അമിത് ഷാ നടത്തിയ പ്രസംഗത്തെക്കുറിച്ചാണ് ഐസിക്കിന്റെ പ്രതികരണം. മുഴുവന്‍ അഴിമതിക്കഥകളും തന്റെ കയ്യിലുണ്ടെന്നു പറഞ്ഞ് അടുത്ത നിമിഷം അതൊന്നും ഇപ്പോള്‍ ഉപയോഗിക്കുന്നില്ലെന്ന് പറഞ്ഞ അമിത് ഷാ ബിജെപി അണികളെ ഉദയനാണ് താരം സിനിമയിലെ സലിംകുമാറിന്റെ കഥാപാത്രത്തെപ്പോലെയാക്കിമാറ്റിയെന്നും അദ്ദേഹം പരിഹസിച്ചു.

''അമിത്ഷായില്‍ നിന്ന് അദ്രി മൂഷിക പ്രസവ ന്യായം കേട്ട് കണ്ണും തള്ളിയിരുന്നുപോയ പാവം ബിജെപിക്കാരോട് സഹതപിക്കുകയേ വഴിയുള്ളൂ. നിങ്ങളുടെ നേതാക്കള്‍ നിങ്ങള്‍ക്ക് അത്ര വിലയേ കല്‍പ്പിച്ചിട്ടുള്ളൂ എന്നു കരുതി സമാധാനിക്കുക. കാര്യം, മല എലിയെ പ്രസവിച്ചതുപോലെയെന്ന് മലയാളത്തില്‍ പറയുന്ന ഏര്‍പ്പാടാണ്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പദവിയ്ക്കു നിരക്കുന്ന രീതിയില്‍, സംസ്‌കൃതത്തില്‍ പറഞ്ഞെന്നേയുള്ളൂ. കേരളത്തില്‍ നടന്ന പല അഴിമതികളുടെയും വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്ന് അമിത് ഷായുടെ നാവില്‍ നിന്ന് കേട്ടപ്പോള്‍, ഉദയനാണ് താരം സിനിമയിലെ സലിംകുമാറിനെപ്പോലെ ബിജെപി അണികള്‍ കസേരയില്‍ ഇളകിയിരുന്നു കാണും. സിപിഐഎം നേതാക്കള്‍ക്കെതിരെ അന്വേഷണം, അറസ്റ്റ്, കോടതി, ജയില്‍ തുടങ്ങി എന്തെല്ലാം കിനാവുകള്‍ അവരുടെ മനസിലൂടെ കടന്നുപോയിട്ടുണ്ടായിരിക്കണം. പറയുന്നത് ചില്ലറക്കാരനല്ലല്ലോ. കേന്ദ്ര ആഭ്യന്തര മന്ത്രിയാണ്. പോരെങ്കില്‍ അമിത്ഷായാണ്. കാക്കത്തൊള്ളായിരം അന്വേഷണ ഏജന്‍സികളുടെ അധിപനാണ്. കേരളത്തിലെ സിപിഐഎമ്മിന്റെ ആപ്പീസു പൂട്ടി, താക്കോല്‍ ഷാ ജി കൊണ്ടുപോകും എന്നുറപ്പിച്ചിരിക്കുമ്പോള്‍ അതാ വരുന്നു അടുത്ത ഡയലോഗ്. അതെല്ലാം ഉന്നയിച്ച് മുഖ്യമന്ത്രിയെ ഇപ്പോള്‍ ആശയക്കുഴപ്പത്തിലാക്കുന്നില്ലത്രേ''- ഐസക് തന്റെ എഫ് ബി പേജില്‍ എഴുതി.

വിവിധ സിനിമകളിലെ കഥാപാത്രങ്ങളോട് ഉപമിച്ചുകൊണ്ട് ആക്ഷേപഹാസ്യസ്വരത്തിലാണ് ഐസക്കിന്റെ പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണരൂപം

അമിത്ഷായില്‍ നിന്ന് അദ്രി മൂഷിക പ്രസവ ന്യായം കേട്ട് കണ്ണും തള്ളിയിരുന്നുപോയ പാവം ബിജെപിക്കാരോട് സഹതപിക്കുകയേ വഴിയുള്ളൂ. നിങ്ങളുടെ നേതാക്കള്‍ നിങ്ങള്‍ക്ക് അത്ര വിലയേ കല്‍പ്പിച്ചിട്ടുള്ളൂ എന്നു കരുതി സമാധാനിക്കുക. കാര്യം, മല എലിയെ പ്രസവിച്ചതുപോലെയെന്ന് മലയാളത്തില്‍ പറയുന്ന ഏര്‍പ്പാടാണ്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പദവിയ്ക്കു നിരക്കുന്ന രീതിയില്‍, സംസ്‌കൃതത്തില്‍ പറഞ്ഞെന്നേയുള്ളൂ.

കേരളത്തില്‍ നടന്ന പല അഴിമതികളുടെയും വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്ന് അമിത് ഷായുടെ നാവില്‍ നിന്ന് കേട്ടപ്പോള്‍, ഉദയനാണ് താരം സിനിമയിലെ സലിംകുമാറിനെപ്പോലെ ബിജെപി അണികള്‍ കസേരയില്‍ ഇളകിയിരുന്നു കാണും. സിപിഐഎം നേതാക്കള്‍ക്കെതിരെ അന്വേഷണം, അറസ്റ്റ്, കോടതി, ജയില്‍ തുടങ്ങി എന്തെല്ലാം കിനാവുകള്‍ അവരുടെ മനസിലൂടെ കടന്നുപോയിട്ടുണ്ടായിരിക്കണം. പറയുന്നത് ചില്ലറക്കാരനല്ലല്ലോ. കേന്ദ്ര ആഭ്യന്തര മന്ത്രിയാണ്. പോരെങ്കില്‍ അമിത്ഷായാണ്. കാക്കത്തൊള്ളായിരം അന്വേഷണ ഏജന്‍സികളുടെ അധിപനാണ്. കേരളത്തിലെ സിപിഐഎമ്മിന്റെ ആപ്പീസു പൂട്ടി, താക്കോല്‍ ഷാ ജി കൊണ്ടുപോകും എന്നുറപ്പിച്ചിരിക്കുമ്പോള്‍ അതാ വരുന്നു അടുത്ത ഡയലോഗ്.

അതെല്ലാം ഉന്നയിച്ച് മുഖ്യമന്ത്രിയെ ഇപ്പോള്‍ ആശയക്കുഴപ്പത്തിലാക്കുന്നില്ലത്രേ. പാവം ബിജെപിക്കാര്‍. ഒറ്റ നിമിഷം കൊണ്ട് അമിത് ഷാ അവരുടെ മുന്നില്‍ ഹരിഹര്‍ നഗര്‍ സിനിമയിലെ അപ്പുക്കുട്ടനായി. 'നശിപ്പിച്ചു' എന്ന് മുകേഷിനെപ്പോലെ അവരും പല്ലുഞെരിച്ചു. കാശും മുടക്കി ഈ പൊരിവെയിലു കൊണ്ടത് ഇതു കേള്‍ക്കാന്‍ വേണ്ടിയായിരുന്നോ എന്നു ചിന്തിക്കുന്ന ആര്‍ക്കും അരിശം വരും. സ്വാഭാവികം.

നേരിട്ടും ചാനലുകളിലുമൊക്കെ അമിത്ഷായുടെ പ്രസംഗം ശ്രവിച്ചവര്‍ക്ക് വല്ലാത്ത അക്കിടിയാണ് പറ്റിയത്. നാടൊട്ടുക്കു നടന്ന് സുരേന്ദ്രനും മുരളീധരനും പറഞ്ഞ അതേകാര്യങ്ങള്‍ ഹിന്ദിയിലാക്കി അമിത്ഷായെക്കൊണ്ടു പറയിപ്പിച്ചു. എന്നിട്ട് മുരളീധരന്‍ അതു മലയാളത്തിലാക്കി വീണ്ടും ബിജെപിക്കാരെ കേള്‍പ്പിച്ചു. ഡബ്ബു ചെയ്ത സിനിമ റിവേഴ്‌സ് ഡബ്ബു ചെയ്ത് അതേ കാണികളെത്തന്നെ വീണ്ടും കാണിക്കുക എന്നു പറഞ്ഞാല്‍. ഇത്രയ്‌ക്കൊക്കെ സഹിക്കാന്‍ എന്തു മഹാപാപമാണ് ബിജെപി അണികള്‍ ചെയ്തത്? അവരും മനുഷ്യരല്ലേ. ബിജെപിക്കാരാണെന്നുവെച്ച് അവരോട് എന്തും ചെയ്യാമോ?

നാന്‍ നിനച്ചാല്‍ പുലിയെ പിടിക്കിറേന്‍, ആനാല്‍ ഉശിരു പോനാലും നിനയ്ക്കമാട്ടേന്‍ എന്നൊരു ഗീര്‍വാണമുണ്ട്. വിചാരിച്ചാല്‍ പുലിയെ പിടിക്കും, പക്ഷേ, ഉയിരു പോയാലും വിചാരിക്കില്ലെന്നാണ് വീരവാദം. അതാണ് അമിത് ഷായും പറുന്നത്. അഴിമതിയുടെ വിവരങ്ങളൊക്കെ കൈയിലുണ്ട്, പക്ഷേ, അതു പുറത്തുവിട്ട് ആശയക്കുഴപ്പമുണ്ടാക്കില്ല പോലും.

അദ്ദേഹത്തോട് ഒരഭ്യര്‍ത്ഥനയുണ്ട്. കോമഡി സ്‌കിറ്റുകള്‍ക്ക് സ്‌ക്രിപ്‌റ്റെഴുതുന്നവരുടെ പണി കളയരുത്. പ്ലീസ്...

Next Story

RELATED STORIES

Share it