Latest News

ജാതിക്കൊലയും ബലാല്‍സംഗവും ദേശീയ വിനോദമായി ആചരിക്കുന്നവര്‍ വിനായകനെ അളക്കുന്നു

ജാതിക്കൊലയും ബലാല്‍സംഗവും ദേശീയ വിനോദമായി ആചരിക്കുന്നവര്‍ വിനായകനെ അളക്കുന്നു
X

എസ് മനുരാജ്‌

ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേനത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ നടന്ന ചില അഭിപ്രായപ്രകടനങ്ങള്‍ വലിയ വിവാദമായിരുന്നു. അതേ കുറിച്ചാണ് ഈ എഫ് ബി കുറിപ്പ്

കുറിപ്പിന്റെ പൂര്‍ണരൂപം

വിനായകന്മാര്‍ കമ്മട്ടിപ്പാടത്ത് ''ഹോക്കി സ്റ്റിക്ക് '' കൊണ്ട് കൊന്നൊടുക്കേണ്ട ശല്യങ്ങള്‍ മാത്രമാണ്- ഞാനൊരു കലാകാരനൊന്നുമല്ല, വാങ്ങുന്ന കാശിന് ജോലി ചെയ്യുന്ന ഒരു തൊഴിലാളി മാത്രമാണ് എന്ന വിനായകന്റെ നിലപാട് ''തോട്ടിയെ മഹാനായ ഭാംഗി'' ആക്കി സ്വന്തം തീട്ടം കോരിക്കാന്‍ നോക്കിയ ഗാന്ധിയുടെ കാപട്യത്തിന് നേരെയുള്ള ചാട്ടയടിയാണ്. മറ്റൊരു തരത്തില്‍ നോക്കിയാല്‍ ഭക്തരുടെ കയ്യില്‍ നിന്നും കാശ് വാങ്ങി പൂജ ചെയ്യുന്ന നമ്പൂതിരിയും ഒരു തൊഴിലാളി മാത്രമാണെന്നാണ് വിനായകന്‍ പറഞ്ഞുവച്ചത്. കാശ് മേടിക്കുക, തെറ്റില്ലാതെ ജോലി ചെയ്യുക എന്നതിനപ്പുറം തന്റെ ജോലിയില്‍ മറ്റൊരു കാര്യവും ഇല്ലെന്നാണ് വിനായകന്‍ തെളിച്ചുപറയുന്നത്. ബ്രഹ്മണ്യത്തിന് പാദസേവ ചെയ്യേണ്ടതില്ല എന്ന് അറിഞ്ഞോ അറിയാതെയോ പറഞ്ഞുവെയ്ക്കുകയാണ് വിനായകന്‍.

താന്‍ സെറ്റില്‍ വരുന്നത് നായികയോട് സൊള്ളാന്‍ അല്ലെന്ന് പറയുന്നതിലെ പ്രൊഫഷണലിസം കാണാതെ സ്പാര്‍ക് കിട്ടിയില്ലല്ലേ എന്ന് പറയുന്നതില്‍ പ്രശ്‌നമില്ലേ. നമ്മുടെ വീട്ടില്‍ ജോലിക്ക് വരുന്ന ആള്‍ ജോലി ചെയ്യണോ അതോ വീട്ടിലുള്ള ആളുകളോട് സൊള്ളിക്കൊണ്ട് നില്‍ക്കണോ. സ്പാര്‍ക്ക് എന്നതുകൊണ്ട് ആ പത്രക്കാരന്‍ ഉദ്ദേശിച്ചത് പ്‌ളേറ്റോ പറഞ്ഞ ''പ്‌ളേറ്റോണിക് പ്രണയം'' വല്ലതുമായിരുന്നോ എന്തോ. ആ ''സ്പാര്‍ക്ക് '' എന്ന പ്രയോഗം ജാതിയില്ലാ കേരളത്തിലെ ജാതി തന്നെയാണ്. സ്പാര്‍ക്ക് കിട്ടിയല്ലേ എന്ന് ഒരു വളിച്ച ചിരിയോട് ചോദിച്ചത് തന്നെയാണ് ശബരിമല സമരത്തില്‍ മറ്റൊരു തരത്തില്‍ ''ചോവകൂതീ മോനെ'' എന്ന പ്രയോഗത്തില്‍ കണ്ടതും. ജാതിയുടെ പ്രയോഗത്തിലും നമുക്ക് ''കേരളാ മോഡല്‍'' ഉണ്ട് . നമ്മള്‍ കൊല്ലില്ല , ബലാല്‍സംഗം ചെയ്യില്ല എന്നാലോ ജീവനോടെ പൊതുമധ്യത്തില്‍ വെച്ച് തിളപ്പിച്ച എണ്ണയില്‍ മുക്കി വറത്തെടുക്കും.

തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ സ്ഥലവും സന്ദര്‍ഭവും നോക്കാതെ തലയിട്ട പത്രക്കാരോട് തന്റെ ദേഷ്യം പ്രകടിപ്പിക്കാന്‍ പറഞ്ഞതാണ് ''പത്തിന്റെ കണക്ക് '' എന്ന് മനസിലാക്കാനുള്ള സാമാന്യബോധമെങ്കിലും ആളുകള്‍ കാണിക്കണം. ഞാന്‍ പേജ് ത്രീ അല്ലെന്ന പ്രയോഗത്തില്‍ ഉറപ്പിച്ച് നിര്‍ത്തുന്ന ''സവര്‍ണ്ണത്വവുമായി സന്ധി ചെയ്യാനോ, ജയമോഹന്റെ നൂറു സിംഹാസനത്തിലെ പൈലിയെപ്പോലെ കുനിഞ്ഞ് കാലകത്തി നില്‍ക്കാന്‍ കഴിയില്ലെന്ന'' ഉറച്ച രാഷ്ട്രീയബോധ്യം അംഗീകരിക്കാന്‍ മാത്രം നവോഥാനമൊന്നും കേരളത്തില്‍ ഉണ്ടായിട്ടില്ല. വിനായകന്റെ ശരീരഭാഷ വിധേയത്വത്തിന്റെ ആയിരുന്നില്ല. ഇവിടെ തനിക്കും ഇടമുണ്ടാകണം എന്നുള്ള ഉറക്കെയുള്ള പ്രഖ്യാപനമായിരുന്നു. പുറമ്പോക്കില്‍ കിടന്ന് തുള്ളിയാല്‍ ഫഌറ്റ് വരെ എന്ന് കരുതുന്ന ആളുകള്‍ക്ക് വിനായകന്മാര്‍ കമ്മട്ടിപ്പാടത്ത് ''ഹോക്കി സ്റ്റിക്ക് '' കൊണ്ട് കൊന്നൊടുക്കേണ്ട ശല്യങ്ങള്‍ മാത്രമാണ്.

ജാതിക്കൊലയും ബലാല്‍സംഗവും ദേശീയ വിനോദമായി ആചരിക്കുന്ന നാട്ടിലെ സ്ത്രീവിരുദ്ധതയുടെ അളവുകോല്‍ ആത്മാഭിമാനമുള്ള വിനായകനെപ്പോലുള്ളവരെ എത്ര തെറി പറയാം എന്നത് തന്നെയാണ് എന്നറിയുന്നവരും കൂടിയാണ് കേരളം. പിന്നാക്കജാതിക്കാര്‍ മാത്രം കണ്ടാലും വിനായകന്മാര്‍ നിലനില്‍ക്കും.

Next Story

RELATED STORIES

Share it