Latest News

ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങള്‍ സമയബന്ധിതമാക്കുന്നു; പെര്‍ഫോമന്‍സ് ഓഡിറ്റിനും തീരുമാനം

ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങള്‍ സമയബന്ധിതമാക്കുന്നു; പെര്‍ഫോമന്‍സ് ഓഡിറ്റിനും തീരുമാനം
X

തിരുവനന്തപരും: ഗ്രാമപഞ്ചായത്തുകളില്‍ നിന്നും പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കാനും പരാതികള്‍ പരിഹരിക്കാനും പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി അവലോകന യോഗങ്ങള്‍ ചേരുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് പല സേവനങ്ങളും സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. പഞ്ചായത്തുകളില്‍ അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കാതെ കെട്ടിക്കിടക്കുന്ന നില പാടില്ലെന്നും മന്ത്രി പറഞ്ഞു.

പഞ്ചായത്തുകളിലെ കെട്ടിട നിര്‍മ്മാണാനുമതി, നമ്പറിംഗ്, ഉടമസ്ഥാവകാശം മാറ്റല്‍ തുടങ്ങിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സെക്ഷന്‍ ക്ലര്‍ക്കുമാരുടെ യോഗം എല്ലാ മാസവും ഒന്നാമത്തെ പ്രവൃത്തി ദിവസം ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് ചേരണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈകാര്യം ചെയ്യുന്ന ക്ലര്‍ക്കുമാരുടെ യോഗം എല്ലാ മാസവും രണ്ടാമത്തെ പ്രവൃത്തി ദിവസം ചേരും. ലൈസന്‍സ് സെക്ഷനിലെ ക്ലര്‍ക്കുമാരുടെ യോഗം എല്ലാ മാസവും മൂന്നാമത്തെ പ്രവൃത്തി ദിവസവും അസിസ്റ്റന്റ് സെക്രട്ടറിമാരുടെ യോഗം എല്ലാ മാസവും നാലാമത്തെ പ്രവൃത്തി ദിവസവും ചേരും. ജൂനിയര്‍ സൂപ്രണ്ടുമാരുടെയും ഹെഡ് ക്ലര്‍ക്കുമാരുടെയും യോഗം എല്ലാ മാസവും അഞ്ചാമത്തെ പ്രവര്‍ത്തി ദിവസം നടക്കും. ഓരോ അവലോകന യോഗവും ചേര്‍ന്ന് വിശദമായ റിപ്പോര്‍ട്ട് എല്ലാ മാസവും അഞ്ചാമത്തെ പ്രവൃത്തി ദിവസം പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍മാര്‍ മുഖേന പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് നല്‍കണം. പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റുകളുടെ യോഗം എല്ലാ മാസവും ആറാമത്തെ പ്രവൃത്തി ദിവസം ചേരണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

ജില്ലാ പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍ അവര്‍ക്ക് കീഴിലുള്ള യൂണിറ്റുകളിലെ എല്ലാ ജിവനക്കാരുടെയും യോഗം വിളിച്ച് ഓരോ പഞ്ചായത്തിനെ കുറിച്ചും അവലോകനം നടത്തണം. ഈ യോഗത്തിന്റെ റിപ്പോര്‍ട്ട് പഞ്ചായത്ത് ഡയറക്ടര്‍ നേരിട്ട് പരിശോധിക്കും. തുടര്‍ന്ന് സംസ്ഥാനത്തെ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെയും പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍മാരുടെയും സംസ്ഥാനതല യോഗം എല്ലാ മാസവും എട്ട്, പത്ത് തിയതികള്‍ക്കുള്ളില്‍ ചേരും. അവലോകന യോഗങ്ങള്‍ സജീവമായി നടത്തുകയും വീഴ്ചകള്‍ അടിയന്തിരമായി പരിഹരിക്കുകയും ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ കൈക്കൊള്ളുകയും ചെയ്യണമെന്ന് മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it