Latest News

ഇന്ന് ലോക ഒആര്‍എസ് ദിനം: വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ വേണം; മന്ത്രി വീണാ ജോര്‍ജ്

ഇന്ന് ലോക ഒആര്‍എസ് ദിനം: വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ വേണം; മന്ത്രി വീണാ ജോര്‍ജ്
X

തിരുവനന്തപുരം: വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണകാരണം വയറിളക്ക രോഗങ്ങളാണ്. ഒആര്‍എസ് പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാകും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആര്‍.എസ്., സിങ്ക് എന്നിവ സൗജന്യമായി ലഭ്യമാണ്. വയറിളക്കം കുറയാതിരിക്കുക, രക്തം പോകുക, പനി, അമിതദാഹം, നിര്‍ജലീകരണം, പാനീയങ്ങള്‍ കുടിക്കാന്‍ പറ്റാത്ത അവസ്ഥ, മയക്കം, കുഴിഞ്ഞു താണ കണ്ണുകള്‍, വരണ്ട വായും നാക്കും തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

എല്ലാ വര്‍ഷവും ജൂലൈ 29 ലോക ഒആര്‍എസ് ദിനമായി ആചരിക്കുന്നു. മഴക്കാലമായതിനാല്‍ കോളറ, ടൈഫോയിഡ്, ഡയേറിയ, ഡിസെന്‍ട്രി, ഹെപ്പറ്റൈറ്റിസ് എ, ഇ, ഷിഗെല്ല തുടങ്ങിയ ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് രോഗ നിയന്ത്രണത്തിനും ബോധവല്‍ക്കരണത്തിനുമായാണ് ലോക ഒ.ആര്‍.എസ്. ദിനം ആചരിക്കുന്നത്. വയറിളക്ക രോഗങ്ങള്‍ മൂലമുള്ള നിര്‍ജലീകരണം തടയുവാനും ജീവന്‍ രക്ഷിക്കാനും ഒ. ആര്‍. എസ്. സഹായിക്കുന്നു.

പാനീയ ചികിത്സ കൊണ്ട് നിര്‍ജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും കുറയ്ക്കാന്‍ സാധിക്കുന്നു. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ ഗൃഹ പാനീയങ്ങള്‍ പാനീയ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്നതാണ്.

ഒ.ആര്‍.എസില്‍ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാഷ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു. രോഗികള്‍ക്ക് ലവണാംശമുള്ള ഒ.ആര്‍.എസ്. നല്‍കുന്നതിലൂടെ ജലാംശവും ലവണാംശവും നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുന്നു. ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടേയോ നിര്‍ദ്ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒ.ആര്‍. എസ്. ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛര്‍ദ്ദി ഉണ്ടെങ്കില്‍ അല്‍പാല്‍പമായി ഒ.ആര്‍.എസ്. ലായനി നല്‍കണം.

അഞ്ചു വയസിനു താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. ശരിയായ അളവില്‍ മൂത്രം പോകാതിരിക്കുക, ഇരുണ്ട നിറത്തിലുള്ള മൂത്രം, തണുത്ത അല്ലെങ്കില്‍ വരണ്ട ചര്‍മം, ഉറക്കമില്ലായ്മ, കുഴിഞ്ഞ കണ്ണുകള്‍, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ക്ഷീണം, ആശയക്കുഴപ്പം എന്നിവയാണ് നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍.

ഒആര്‍എസ് ഉപയോഗിക്കേണ്ട വിധം

* എല്ലാ വീടുകളിലും പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളില്‍ ഒ.ആര്‍.എസ്. പാക്കറ്റുകള്‍ സൂക്ഷിക്കുക

* ഉപയോഗിക്കുന്നതിന് മുമ്പ് എക്‌സ്പയറി ഡേറ്റ് നോക്കുക

* വൃത്തിയുള്ള പാത്രത്തില്‍ 200 മില്ലി ഗ്രാമിന്റെ ന്റെ 5 ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളം എടുക്കുക

* ഒരു പാക്കറ്റ് ഒ.ആര്‍.എസ്. വെള്ളത്തിലിട്ട് സ്പൂണ്‍ കൊണ്ട് ഇളക്കുക

* വയറിളക്ക രോഗികള്‍ക്ക് ലായനി നല്‍കാം

* കുഞ്ഞുങ്ങള്‍ക്ക് ചെറിയ അളവില്‍ നല്‍കാം. ഛര്‍ദ്ദിയുണ്ടെങ്കില്‍ 5 മുതല്‍ 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും നല്‍കുക

* ഒരിക്കല്‍ തയ്യാറാക്കിയ ലായനി 24 മണിക്കൂറിനുള്ളില്‍ ഉപയോഗിക്കേണ്ടതാണ്.

വയറിളക്ക രോഗമുള്ളപ്പോള്‍ ഒ.ആര്‍.എസിനൊപ്പം സിങ്കും നല്‍കേണ്ടതാണ്. സിങ്ക് നല്‍കുന്നത് ശരീരത്തില്‍ നിന്നും ഉണ്ടായ സിങ്ക് നഷ്ടം പരിഹരിക്കുന്നതിനും വിശപ്പ്, ശരീരഭാരം എന്നിവ വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു. രണ്ടു മുതല്‍ ആറുമാസം വരെ പ്രായമുള്ള കുട്ടികള്‍ക്ക് 10 മില്ലി ഗ്രാമും ആറുമാസത്തിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 20 മില്ലി ഗ്രാമും ദിവസം തോറും 14 ദിവസം വരെ സിങ്ക് നല്‍കുക. വെള്ളത്തില്‍ അലിയുന്ന ഗുളികയായതിനാല്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ അലിയിച്ചോ, കൊച്ചു കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലില്‍ അലിയിച്ചോ സിങ്ക് നല്‍കാവുന്നതാണ്.

ലോക ഒ.ആര്‍.എസ്. ദിനത്തോനടനുബന്ധിച്ചുള്ള പോസ്റ്റര്‍ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പി.പി. പ്രീത, സ്‌റ്റേറ്റ് ഒ.ആര്‍.ടി. ഓഫിസര്‍ ഡോ. ബിനോയ് എസ്. ബാബു എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it