Latest News

ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗക്കാരെ യുഎസ് സൈന്യത്തില്‍ നിന്ന് പുറത്താക്കുമെന്ന് റിപോര്‍ട്ട്

നിലവില്‍ അമേരിക്കന്‍ സൈന്യത്തിലുള്ള 15,000 പേരെ ഇത് പ്രതികൂലമായി ബാധിക്കും.

ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗക്കാരെ യുഎസ് സൈന്യത്തില്‍ നിന്ന് പുറത്താക്കുമെന്ന് റിപോര്‍ട്ട്
X

വാഷിങ്ടണ്‍: യുഎസ് സൈന്യത്തില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരെ പുറത്താക്കാന്‍ ഡോണള്‍ഡ് ട്രംപ് ഉത്തരവിറക്കുമെന്ന് റിപോര്‍ട്ട്. ജനുവരിയില്‍ പ്രസിഡന്റായി ചുമതലയേറ്റാല്‍ ഉടന്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് ഇറക്കുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ അമേരിക്കന്‍ സൈന്യത്തിലുള്ള 15,000 പേരെ ഇത് പ്രതികൂലമായി ബാധിക്കും. സൈനിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള ശാരീരിക-മാനസിക ശേഷി ഇവര്‍ക്കില്ലെന്നാണ് ട്രംപിന്റെ അനുമാനം.

ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗക്കാരെ സൈന്യത്തില്‍ എടുക്കില്ലെന്ന് 2016ല്‍ ആദ്യമായി അധികാരത്തിലെത്തിയ ട്രംപ് അപ്പോള്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. സൈന്യത്തില്‍ നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്ക് വിരമിക്കുന്നത് വരെ സര്‍വീസില്‍ തുടരാമെന്നും അദ്ദേഹം പറഞ്ഞു. 2019ല്‍ പ്രാബല്യത്തില്‍ വന്ന വ്യവസ്ഥ ഡെമോക്രാറ്റിക് പാര്‍ടി നേതാവ് ജോ ബൈഡന്‍ പ്രസിഡന്റായതോടെ പിന്‍വലിച്ചു. ഇത്തവണ വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ ട്രംപ് പഴയ നിലപാട് പുതുക്കി എടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. സൈനികരുടെ ശാരീരിക-മാനസിക ശേഷിക്കു പകരം ട്രാന്‍സ് ജെന്‍ഡര്‍ പ്രചാരണത്തിന് പിന്തുണ നല്‍കാനാണ് ചില ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യമെന്നും ട്രംപ് നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു.


ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് തുല്യ അവകാശം വിഭാവനം ചെയ്യുന്ന തുല്യതാ നിയമത്തോട് ട്രംപ് നേരത്തെ തന്നെ വിയോജിപ്പിച്ച് പ്രകടിപ്പിച്ചിരുന്നു. ഡെമോക്രാറ്റുകളുടെ കാലത്ത് നിയമിച്ച ജഡ്ജിമാര്‍ എല്‍ജിബിടിക്യു പ്ലസ് അനുകൂലികളാണെന്നും അവര്‍ അമേരിക്കയെ തകര്‍ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഗര്‍ഭഛിദ്രം നിയമപരമാക്കിയ 1972ലെ സുപ്രിംകോടതി ഉത്തരവ് റദ്ദാക്കിയ 2022ലെ വിധി പുറപ്പെടുവിച്ചത് ട്രംപിന്റെ കാലത്ത് നിയമിച്ച ജഡ്ജിമാരായിരുന്നു. എല്‍ജിബിടിക്യു പ്ലസിനെ കുറിച്ച് പഠിപ്പിക്കുന്ന സ്‌കൂളുകള്‍ക്ക് ഫെഡറല്‍ ഫണ്ട് ലഭിക്കില്ലെന്നും ട്രംപ് വോട്ടെടുപ്പില്‍ വിജയിച്ച ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. തന്റെ മകന്‍ സേവ്യര്‍, ട്രാന്‍സ് ജെന്‍ഡറായതില്‍ പ്രതിഷേധമുള്ള ടെസ്‌ല ചെയര്‍മാന്‍ ഈലണ്‍ മസ്‌കും ഇക്കാര്യത്തിലെല്ലാം ട്രംപിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് എതിരായ മോംസ് ഫോര്‍ അമേരിക്ക പോലുള്ള സംഘടനകള്‍ക്കും റിപ്പബ്ലിക്കന്‍ അനുകൂലികള്‍ പിന്തുണ നല്‍കുന്നുണ്ട്.

Next Story

RELATED STORIES

Share it