Latest News

ലഖിംപൂര്‍ സംഭവത്തെ വിമര്‍ശിച്ച് ട്വീറ്റ്; മനേകാ ഗാന്ധിയും വരുണ്‍ ഗാന്ധിയും ബിജെപി ദേശീയ എക്‌സിക്യൂട്ടിവില്‍ നിന്ന് പുറത്ത്

ലഖിംപൂര്‍ സംഭവത്തെ വിമര്‍ശിച്ച് ട്വീറ്റ്; മനേകാ ഗാന്ധിയും വരുണ്‍ ഗാന്ധിയും ബിജെപി ദേശീയ എക്‌സിക്യൂട്ടിവില്‍ നിന്ന് പുറത്ത്
X

ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബിജെപി നേതൃത്വത്തിനുമെതിരേ ട്വീറ്റ് ചെയത മനേക ഗാന്ധിയും മകനും എംപിയുമായ വരുണ്‍ ഗാന്ധിയും ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടിവില്‍ നിന്ന് പുറത്ത്. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയാണ് 80 അംഗ ദേശീയ എക്‌സിക്യൂട്ടീവിലെ അംഗങ്ങളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ കേന്ദ്ര മന്ത്രിമാരും എല്‍ കെ അധ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരും ഉള്‍പ്പെടുന്നതാണ് ദേശീയ എക്‌സിക്യൂട്ടീവ്.

ലഖിംപൂരിലെ കര്‍ഷകര്‍ക്കു നേരെ എസ് യുവി ഓടിച്ചു കയറ്റിയ സംഭവത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചതിനു തൊട്ടുപിന്നാലെയാണ് ഇരുവരെയും എക്‌സിക്യൂട്ടിവില്‍ നിന്ന് പുറത്താക്കിയ വിവരം പുറത്തുവന്നത്.

മനപ്പൂര്‍വമാണ് വാഹനം ഓടിച്ചുകയറ്റിയതെന്നും ആരുടെയും മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ് ഈ പ്രവര്‍ത്തിയെന്നും മനേക ട്വീറ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വീഡിയോ എടുത്തയാളെയും വാഹനത്തിന്റെ ഉടമയെയും കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കൊലപാതകത്തിലൂടെ പ്രക്ഷോഭകരെ നിശബ്ദരാക്കാന്‍ സാധിക്കില്ലെന്നായിരുന്നു വരുണ്‍ ഗാന്ധിയുടെ ട്വീറ്റ്. യാതൊരു പ്രകോപനവും ഇല്ലാതെ പ്രതിഷേധവുമായി മുന്നോട്ട് പോകുകയായിരുന്ന കര്‍ഷകര്‍ക്ക് നേരെ അതിവേഗതയില്‍ എത്തിയ വാഹനം ഇടിച്ചുകയറ്റുന്നതിന്റെ പുതിയ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വരുണിന്റെയും പ്രതികരണം. സംഭവത്തില്‍ ബിജെപിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും പ്രതിക്കൂട്ടില്‍ നില്‍ക്കെ രണ്ടാം തവണയാണ് വരുണ്‍ ഗാന്ധി ഇത്തരത്തില്‍ പ്രതികരണവുമായി രംഗത്തെത്തുന്നത്. ലഖിംപുര്‍ ഖേരിയുടെ സമീപത്തുള്ള പിലിഭിത്തിലെ ബിജെപി എംപിയാണ് വരുണ്‍ ഗാന്ധി.

പാര്‍ട്ടിയുടെ സംഘടനാപരമയാ അജണ്ട നിര്‍ണയിക്കുന്ന ബോഡിയാണ് ദേശീയ എക്‌സിക്യൂട്ടിവ്. തിരഞ്ഞെടുക്കപ്പെടുന്ന 80 പേര്‍ക്ക് പുറമെ 50 ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും ഉള്‍പ്പെടുന്നതാണ് എക്‌സിക്യൂട്ടിവ്.

അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍, കിരണ്‍ റിജ്ജുജു, എസ് ജയശങ്കര്‍, രവിശങ്കര്‍ പ്രസാദ്, മന്‍സുഖ് മാണ്ഡവ്യ, ഭൂപേന്ദ്ര യാദവ്, അനുരാഗ് സിംഗ് ഠാക്കൂര്‍, ജിതേന്ദ്ര സിംഗ്, നിര്‍മ്മലാ സീതാരാമന്‍, ജ്യോതിരാദിത്യ സിന്ധ്യ, പ്രകാശ് ജാവദേക്കര്‍ എന്നിവരാണ് എക്‌സിക്യൂട്ടീവിലെ മറ്റ് അംഗങ്ങള്‍.

ലഖിംപൂര്‍ സംഭവത്തില്‍ 8 കര്‍ഷകരാണ് മരിച്ചത്. സംഭവത്തിനുശേഷം ബിജെപി കനത്ത പ്രതിരോധത്തിലാണ്.

സംഭവത്തില്‍ സുപ്രിംകോടതിയും സ്വമേധയാ കേസെടുത്തിട്ടുണ്ട്. യുപി സര്‍ക്കാരിനോട് സംഭവത്തെക്കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it