- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അന്യായ വിധിയുടെ രണ്ടാണ്ട്; മറവിയിലേക്ക് മായാതെ ബാബരി
പി സി അബ്ദുല്ല
കോഴിക്കോട്: പരമോന്നത നീതി പീഠത്തിന്റെ വിശ്വാസ്യതക്കും ബാബരി മസ്ജിദ് എന്ന ചരിത്ര യാഥാര്‍ഥ്യങ്ങള്‍ക്കും മീതെ പെരും നുണകളെ ഗീബല്‍സിയന്‍ നേരുകളാക്കി വാഴിച്ച അന്യായ വിധിക്ക് നോവിന്റെ ഒരാണ്ട്. ഹിന്ദുത്വ ഭീകരാതിക്രമങ്ങളുടെ നാള്‍ വഴികളിലെല്ലാം നീതി നിഷേധത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് പക്ഷേ, മറവിയിലേക്കു മായാതെ ഭരണകൂട, വര്‍ഗീയ ഫാഷിസ്റ്റ് ഉപജാപങ്ങള്‍ക്കെതിരേ അതിജീവന പ്രതീക്ഷകളുടെ ഉണര്‍ത്തു പാട്ടായി രാജ്യത്തിന്റെ ആത്മാവില്‍ അലയടിക്കുകയാണ്.
തെറ്റ് ചെയ്തവര്‍ക്ക് നല്‍കിയ സമ്മാനമെന്നാണ് ബാബരി കേസിലെ സുപ്രിംകോടതിയുടെ അന്തിമ വിധിയെ ജസ്റ്റിസ് എ പി ഷാ അടക്കമുള്ളവര്‍ വിശേഷിപ്പിച്ചത്. ജുഡീഷ്യറിയുടെയും ജനാധിപത്യത്തിന്റെയും എല്ലാ സത്യങ്ങളെയും തമസ്‌കരിച്ച് ബാബരിയുടെ മണ്ണ് ഹിന്ദുത്വ അതിക്രമകാരികള്‍ക്കു വിട്ടു കൊടുത്ത ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് എന്ന ചീഫ് ജസ്റ്റിസ് പടിയിറങ്ങി നാലാം മാസം മോദി സര്‍ക്കാരില്‍നിന്നു സ്വീകരിച്ച രാജ്യ സഭാംഗത്വം രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തെ ഒറ്റു കൊടുത്തതിന്റെ സമ്മാനമായിരുന്നു.
''ഈ സ്ഥാപനമാണ് പ്രത്യാശയുടെ അവസാന തുരുത്ത്. എന്തു വന്നാലും നീതി കിട്ടുമെന്ന് പൗര സമൂഹം വിശ്വസിക്കുന്ന ഇടം. ജുഡീഷ്യറിയില്‍ സമൂഹത്തിന് വിശ്വാസമുണ്ട്. ഇതാണ് ജുഡീഷ്യറിക്ക് വിശ്വാസ്യത നല്‍കുന്നത്. ഈ വിശ്വാസ്യതയാണ് ജുഡീഷ്യറിക്ക് സാധുതയും സാധ്യതയും നല്‍കുന്നത്. സ്വതന്ത്രവും നിര്‍ഭയവുമായിരിക്കണം ജുഡീഷ്യറി. അതിന്റെ വിശ്വാസ്യതയ്ക്ക് ഒരിക്കലും കളങ്കമുണ്ടാവരുത്..' 2018 ജൂലൈയില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് നടത്തിയ പ്രസംഗത്തില്‍നിന്നുള്ളതാണ് ഈ വാക്കുകള്‍. ഡല്‍ഹിയില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ ആഭിമുഖ്യത്തില്‍ രാമനാഥ് ഗോയങ്ക സ്മാരക പ്രഭാഷണം നടത്തവെയാണ് ജസ്റ്റിസ് ഗൊഗൊയ് ജുഡീഷ്യറിയുടെ കാതലിലേക്ക് വിരല്‍ചൂണ്ടിയത്. അന്നദ്ദേഹം ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്നില്ല.
എന്നാല്‍, ജസ്റ്റിസ് ഗൊഗൊയ് ഇന്ത്യയിലെ പരമോന്നത നീതി പീഠത്തിന്റെ അമരക്കാരനായി ബാബരി കേസിന്റെ 'ചരിത്ര' വിധിയെഴുതുമ്പോള്‍ അതേവരെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും വിശ്വാസ്യതയും കടങ്കഥയായി.
തനിക്കെതിരേയുള്ള ലൈംഗിക പീഡനക്കേസ് സുപ്രിംകോടതി തള്ളിക്കളഞ്ഞതോടെ വലിയൊരു വിഷമസന്ധിയില്‍നിന്ന് മോചിതനായതിന്റെ കടപ്പാടുകളാവാം അദ്ദേഹത്തിലെ ധാര്‍മിക, നീതി, നിയമ, പൗര ബോധങ്ങളെ മവിയിലേക്ക് നയിച്ചതെന്നും ബാബരി കേസില്‍ വിചിത്ര വിധി പുറപ്പെടുവിച്ചതെന്നുമുള്ള ആരോപണങ്ങള്‍ നില നില്‍ക്കുന്നു.
ജനാധിപത്യത്തിന്റെ അടിസ്ഥാന ധാരണകളെയും ശുഭാപ്തി വിശ്വാസങ്ങളെയും ജുഡീഷ്യറിയെക്കുറിച്ചുള്ള പ്രത്യാശകളെയുമൊക്കെ കീഴ്‌മേല്‍ മറിച്ചാണ് ബാബരി ഭൂമി കേസില്‍ സുപ്രിംകോടതിയില്‍നിന്ന് അന്തിമ വിധിയുണ്ടായത്. ബാബരി മസ്ജിദ് ഒരു യാഥാര്‍ഥ്യമായിരുന്നു. രാമജന്മഭൂമി ഒരു സങ്കല്‍പ്പവും. രേഖകളാല്‍ തെളിയിക്കപ്പെട്ട ബാബരി മസ്ജിദ് എന്ന ചരിത്ര വസ്തുതകള്‍ക്കുമേല്‍ ചരിത്രംകൊണ്ടോ വിശ്വാസംകൊണ്ടോ തെളിയിക്കപ്പെടാത്ത രാമക്ഷേത്രത്തെ സ്ഥാപിക്കുക വഴി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശേഷിപ്പിലേക്കും ജുഡീഷ്യറിയുടെ വിശ്വാസ്യതയിലേക്കും ബാബരിയുടെ വഖ്ഫ് ഭൂമിയില്‍ ഹിന്ദുത്വര്‍ നടത്തിയ അതിക്രമങ്ങള്‍ക്കു സമാനമായ 'കര്‍സേവ'യാണ് രാജ്യത്തെ പരമോന്നത നീതിപീഠവും അന്യായ വിധിയിലൂടെ നിര്‍വഹിച്ചത്.
134 വര്‍ഷം നീണ്ട നിയമ വ്യവഹാരങ്ങള്‍ക്കൊടുവില്‍ ബാബരി ഭൂമി കേസിലുണ്ടായ വിധി വാസ്തവത്തില്‍ രാജ്യത്തിന്റെയോ ജനാധിപത്യത്തിന്റെയോ ശാശ്വത സമാധാനത്തിലേക്കുള്ള തീര്‍പ്പോ ദിശാ സൂചികയോ ആയിരുന്നില്ല. മറിച്ച്, രാജ്യത്തിന്റെ സാമൂഹിക സഹവര്‍തിത്വത്തിനും ജനാധിപത്യത്തിനും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന വിധം ഹിന്ദുത്വ രാഷ്ട്രീയ വിധ്വംസക അജണ്ടകള്‍ക്ക് കൂടുതല്‍ പ്രേരണയും പ്രചോദനവുമേകുന്ന വിധിയാണ് ബാബരി കേസില്‍ സുപ്രിംകോടതിയില്‍നിന്നുണ്ടായത്. ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം ചരിത്രത്തിന്റെ ഒരു ഘട്ടത്തിലും പ്രത്യയ ശാസ്ത്ര നിബദ്ധമോ സാമൂഹിക പ്രതിബദ്ധമോ ആയിരുന്നില്ല. അപര സമൂഹങ്ങളോടുള്ള വിദ്വേഷവും ആക്രമണോത്സുകതയുമാണതിന്റെ ആണിക്കല്ലും ആയുധവും. ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ക്കു പകരം മതത്തിന്റെ പേരിലുള്ള ഭ്രാന്തമായ ഉന്‍മാദവും രക്തരൂഷിത കലാപങ്ങളുമടങ്ങിയ 'മനുഫെസ്‌റ്റോ' ആയിരുന്നു ഹിന്ദുത്വരുടെ മാനിഫെസ്‌റ്റോ. അതിന്റെ വിളംബരവും ആവിഷ്‌കാരവും സാക്ഷാത്കാരവുമായിരുന്നു, അയോധ്യ. ഒരു ഘട്ടത്തില്‍ ഇന്ത്യയിലെ ഹിന്ദുത്വ വിശാല ബോധം ആര്‍എസ്എസിന്റെ 'അയോധ്യ'ക്കൊപ്പമായിരുന്നില്ല. എന്നാല്‍, ധര്‍മപുരാണങ്ങളിലെ ശ്രീരാമനെ പുതിയ അയോധ്യയില്‍ രക്തരൂഷിതമായി സംഘപരിവാരം പ്രതിഷ്ഠിച്ചതോടെ വിദ്വേഷത്തിന്റെ വൈകാരികത ഭൂരിപക്ഷ ഹിന്ദുസമൂഹത്തിലും അവര്‍ക്ക് പിന്‍ബലമുണ്ടാക്കി.
മുസ്‌ലിം കബന്ധങ്ങളിലൂടെ ഉരുണ്ട അഡ്വാനിയുടെ രഥത്തിലൂടെ, ഭീവണ്ടിയിലും മുറാദാബാദിലും താനെയിലും കുന്നു കൂടിയ മയ്യിത്തുകളിലൂടെ, മോദിയുടെയും അമിത് ഷായുടെയും രക്തപങ്കില ഗുജറാത്തിലൂടെ, സത്യാനന്തര മോദി കാലത്തെ പശു ഭീകരതകളിലൂടെയൊക്കെ ഹിന്ദുത്വ ഭീകരത നവ ദേശീയതയായി സ്ഥാപിക്കപ്പെട്ടു. അയോധ്യയില്‍നിന്ന് പുറപ്പെട്ട് നാളിതുവരെ മത ഭീകരതയായി നടപ്പിലാക്കിയ ഹിന്ദുത്വ രാഷ്ട്രീയമാണ് ഒരു വര്‍ഷം മുന്‍പ് സുപ്രിംകോടതി വിധിയിലൂടെ സാധൂകരിക്കപ്പെട്ടത്.
1528ല്‍ നിര്‍മിക്കപ്പെട്ട ബാബരി മസ്ജിദ് എന്ന യാഥാര്‍ഥ്യം അവഗണിച്ച് അവിടെ ക്ഷേത്രമായിരുന്നു എന്ന അവകാശവാദത്തിന് അംഗീകാരം നല്‍കി ക്ഷേത്രം പണിയാന്‍ അനുമതി നല്‍കിയതിലൂടെ മഥുരയും വാരാണസിയും മാത്രമല്ല മുഗള്‍ ഭരണകാലത്തും ടിപ്പുവിന്റെയും കാലത്തും പണിത പള്ളികള്‍കളിന്‍മേലും താജ് മഹലിലുമൊക്കെ 'കര്‍സേവ'കളുടെയും കാര്‍മേഘങ്ങളാണ് ഉരുണ്ടു കൂടിയിരിക്കുന്നത്.
'യേ തോ സിര്‍ഫ് ജംഗി ഹെ, അബ് കാശി, മഥുര ബാക്കി ഹേ' (ഇതൊരു സൂചന മാത്രമാണ്, കാശിയും മഥുരയും ബാക്കിയുണ്ട്) .. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതിനു ശേഷം ആയിരക്കണക്കിന് കര്‍സേവകര്‍ ഉച്ചത്തില്‍ വിളിച്ച മുദ്രാവാക്യമാണിത്. വരാണസിയിലെ കാശി ക്ഷേത്രത്തെയും അതിന്റെ ചുറ്റുമുള്ള സ്ഥലങ്ങളെയും മുന്‍നിര്‍ത്തി 'ടാര്‍ഗറ്റ് വരാണസി പ്രൊജക്ട്' ആര്‍എസ്എസ് ആരംഭിച്ചിരിക്കുന്നു. ആര്‍എസ്എസ് മേധാവി മോഹന്‍ റാവു ഭഗവത് യുപി മുഖ്യമന്ത്രി യോഗിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വരാണസി പദ്ധതി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ധാരണയായിട്ടുണ്ടെന്നാണ് പുറത്തു വന്ന വാര്‍ത്തകള്‍.
കാശി ക്ഷേത്രത്തിന്റെ അടുത്തുള്ള മുസ്‌ലിം പള്ളികള്‍ അന്യാധീനപ്പെടുത്താനാണ് ആദ്യ പദ്ധതി എന്നാണ് സൂചനകള്‍. വരാണസിയിലെ ഗ്യാന്‍വാപി പള്ളി നിര്‍മിച്ചത് വിശ്വനാഥ ക്ഷേത്രത്തിന്റെയും മഥുരയിലെ ഈദ് ഗാഹ് മസ്ജിദ് നിര്‍മിച്ചത് കൃഷ്ണ ജന്‍മ സ്ഥലത്തുമാണെന്നാണ് ഹിന്ദുത്വരുടെ വാദം. ബാബരി വിധിയുടെ പശ്ചാത്തലത്തില്‍ വരാണസിയിലും കാശിയിലും ചരിത്രത്തിനും വസ്തുതകള്‍ക്കും പ്രസക്തിയില്ലാതാവുന്നത് സംഘപരിവാരത്തിന് പുത്തനുണര്‍വേകുമെന്ന ആശങ്ക അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്നതാണ് ബിജെപി സര്‍ക്കാരുകള്‍ ഭരിക്കുന്ന ഹരിയാനയിലെ ഗുഡ്ഗാവിലും ത്രിപുരയില്‍ വ്യാപകമായും മുസ്‌ലിം പള്ളികള്‍ക്ക് നേരെ ഇപ്പോള്‍ നടക്കുന്ന സംഘടിത ഹിന്ദുത്വ ആക്രമണങ്ങള്‍.
ലോകാദ്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിനെതിരേ ഉത്തര്‍പ്രദേശിലെ ബിജെപി നേതാക്കള്‍ ആരംഭിച്ച വിദ്വേഷ പ്രചാരണങ്ങള്‍ക്കും യോഗി സര്‍ക്കാരിന്റെ താജിനോടുള്ള നിഷേധാത്മക സമീപനത്തിലും ഇതു വ്യക്തമാണ്.
മോദി കാലത്തെ ഭരണകൂട ഫാഷിസത്തെയും ജനാധിപത്യ വിരുദ്ധ താല്‍പ്പര്യങ്ങളെയും രാജ്യത്തെ പരമോന്ന കോടതി നാള്‍ക്കു നാള്‍ അന്വര്‍ഥമാക്കുന്നുവെന്നതിന്റെ എക്കാലത്തെയും സാക്ഷ്യമാണ് കഴിഞ്ഞ നവംബറിലെ ബാബരി വിധി.
യോഗി ഭരണത്തിന്‍ കീഴില്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത തകരുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്ന് വാര്‍ത്തസമ്മേളനം നടത്തി ജനങ്ങളെ ഓര്‍മിപ്പിച്ചത് സുപ്രിംകോടതിയിലെ നാലു ജഡ്ജിമാരായിരുന്നു. അവര്‍ നല്‍കിയ മുന്നറിയിപ്പ് യാഥാര്‍ഥ്യമാണെന്ന് ബോധ്യപ്പെട്ടുവരുകയാണ്. വ്യത്യസ്ത സംഭവങ്ങളില്‍ കോടതികളില്‍നിന്നുള്ള ഭരണകൂട താല്‍പ്പര്യം സംരക്ഷിക്കുന്ന വിധിന്യായങ്ങള്‍ ഇതിലേക്ക് വിരല്‍ചൂണ്ടുന്നതാണ്.
ഹൈദരാബാദ് മക്ക മസ്ജിദ് സ്‌ഫോടന കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടുള്ള എന്‍ഐഎ പ്രത്യേക കോടതിയുടെ വിധിന്യായം ഉദാഹരണം. 2007 മെയ് 18ന് ജുമാ നമസ്‌കാര വേളയിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പതു പേരാണ് കൊല്ലപ്പെട്ടത്, അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ കേസില്‍ അസീമാനന്ദ ഉള്‍പ്പെടെയുള്ള ആര്‍എസ്എസുകാരായ പ്രതികളെയാണ് കുറ്റവിമുക്തരാക്കിയിടയത്. അജ്മീര്‍ സ്‌ഫോടന കേസിലും അസീമാനന്ദയെ കുറ്റവിമുക്തനാക്കിയിരുന്നു. മക്ക മസ്ജിദ് സ്‌ഫോടന കേസില്‍ കൊല്ലപ്പെട്ടവരെല്ലാം മുസ്‌ലിംകളായിരുന്നു. പ്രതികളാക്കപ്പെട്ടവര്‍ സംഘപരിവാരവുമായി ബന്ധപ്പെട്ടവരും.
ജൂഡീഷ്യറിയുടെ കാര്യക്ഷമതയില്‍ സംശയമുണര്‍ത്തുന്ന രണ്ടാമത്തെ സുപ്രധാന വിധി ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച് അന്വേഷണം വേണമെന്ന ഹര്‍ജികള്‍ തള്ളിക്കൊണ്ടുള്ള സുപ്രിംകോടതിയുടെ ഉത്തരവായിരുന്നു. അമിത് ഷാ പ്രതിയായ സൊഹ്‌റാബുദീന്‍ കേസ് പരിഗണിക്കുന്ന സിബിഐ കോടതി ജഡ്ജിയായിരുന്നു ബി എച്ച് ലോയ. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ നാഗ്പുരില്‍ പോയ വേളയിലാണ് ഏറെ സംശയകരമായ അന്തരീക്ഷത്തില്‍ അദ്ദേഹം മരിക്കുന്നത്. എന്നാല്‍, ലോയയുടെ മരണത്തില്‍ സംശയത്തിന്റെ കണികയില്ലെന്നും അതാവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യഹരജി ജുഡീഷ്യറിക്കെതിരേയുള്ള തുറന്ന ആക്രമണമാണെന്നുമാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് അഭിപ്രായപ്പെട്ടത്. ജുഡീഷ്യറിയുടെ വിശ്വാസ്യതയെത്തന്നെ ഈ വിധി തകര്‍ത്തു.
2014ല്‍ ബി എച്ച് ലോയ കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന നാലുപേരുടെ സത്യവാങ്മൂലത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വിധിന്യായം. ബി എച്ച് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച് മാധ്യമങ്ങളും ബോംബെ ലോയേഴ്‌സ് അസോസിയേഷനും ഉയര്‍ത്തിയ സംശയങ്ങള്‍ സുപ്രിംകോടതി തീര്‍ത്തും അവഗണിച്ചു.
ഗുജറാത്തിലെ നരോദപാട്യ കൂട്ടക്കൊല കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച മുന്‍ മന്ത്രിമായ കോഡ്‌നാനിയെയും ഗുജറാത്ത് ഹൈക്കോടതി വെറുതെ വിട്ടത് രാജ്യത്തെ നീതി വ്യവസ്ഥക്ക് മുന്‍പില്‍ ഇപ്പോഴും ചോദ്യ ചിഹ്നമായവശേഷിക്കുന്നു. ഗോധ്ര സംഭവവുമായി ബന്ധപ്പെട്ടാണ് നരോദപാട്യ കൂട്ടക്കൊല നടന്നത്. 2002 ഫെബ്രുവരി 28നുണ്ടായ ഈ ഹിന്ദുത്വ കൂട്ടക്കുരുതിയില്‍ 97 മുസ്‌ലിംകളാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് ജനക്കൂട്ടത്തെ തിരിച്ചുവിട്ടത് മായ കോഡ്‌നാനിയാണെന്നാണ് വിചാരണക്കോടതി കണ്ടെത്തിയത്. എന്നാല്‍, കോഡ്‌നാനിക്കെതിരേ സാക്ഷിമൊഴി നല്‍കിയ 11 പേരുടെ വിവരണം വിശ്വസനീയമല്ലെന്ന് പറഞ്ഞാണ് നരേന്ദ്ര മോദി മന്ത്രിസഭയിലെ( ഗുജറാത്ത്) മുന്‍ അംഗത്തെ കോടതി കുറ്റവിമുക്തമാക്കിയത്.
ബാബരി വിധിയിലടക്കം ഈ സുപ്രധാന കേസുകളുടെ വിധിന്യായങ്ങളിലൊക്കെയുള്ള പൊതുവായ സമാനത വിധിന്യായത്തിന്റെ ആനുകൂല്യം ലഭിച്ച പ്രതികള്‍ സംഘപരിവാരവുമായി ബന്ധമുള്ളവരാണെന്നതാണ്.
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTനീലേശ്വരം വെടിക്കെട്ടപകടം: ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMT