Latest News

ഉംറ പെര്‍മിറ്റ്: വ്യാജ പരസ്യങ്ങളില്‍ കുടുങ്ങരുതെന്ന് മന്ത്രി

ആരോഗ്യ വ്യവസ്ഥകള്‍ക്ക് അനുസൃതമായി 'ഇഅ്തമര്‍നാ', 'തവക്കല്‍നാ' ആപ്പുകള്‍ വഴിയാണ് ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കുക

ഉംറ പെര്‍മിറ്റ്: വ്യാജ പരസ്യങ്ങളില്‍ കുടുങ്ങരുതെന്ന് മന്ത്രി
X

മക്ക: ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കുമെന്ന് അവകാശപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരസ്യങ്ങളില്‍ കുടുങ്ങരുതെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മുശാത്ത് മുന്നറിയിപ്പു നല്‍കി. ഉംറ പെര്‍മിറ്റ് ലഭിക്കുന്നതിന് വ്യവസ്ഥകള്‍ ബാധകമാണ്. വാക്‌സിനേഷന്‍ നടത്തിയവര്‍ തവക്കല്‍നാ ആപ്പ് വഴിയാണ് പെര്‍മിറ്റ് കരസ്ഥമാക്കേണ്ടത്.


ആരോഗ്യ വ്യവസ്ഥകള്‍ക്ക് അനുസൃതമായി 'ഇഅ്തമര്‍നാ', 'തവക്കല്‍നാ' ആപ്പുകള്‍ വഴിയാണ് ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കുക. ഇരു ഹറമുകളിലും എത്തുന്നവര്‍ എട്ടു മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കണമെന്ന് ഹറംകാര്യ വകുപ്പ് ആവശ്യപ്പെട്ടു. ഇരു ഹറമുകളിലും എത്തുന്നവര്‍ മുഴുസമയം മാസ്‌കുകള്‍ ധരിക്കണം. മാസ്‌കുകള്‍ നീക്കം ചെയ്യാനോ ഊരിക്കളയാനോ പാടില്ല. ഹറമുകളില്‍ പ്രവേശിക്കുമ്പോള്‍ പ്രവേശന കവാടങ്ങളിലെ തെര്‍മല്‍ ക്യാമറകള്‍ വഴി ശരീര ഊഷ്മാവ് പരിശോധിക്കണം. സ്വന്തം നമസ്‌കാരപടവും മുസ്ഹഫും കൈയില്‍ കരുതണം.


സ്വന്തം മുസ്ഹഫ് കൈയിലില്ലാത്തവര്‍ മൊബൈല്‍ ഫോണുകളിലെ മുസ്ഹഫ് ആപ്പുകള്‍ ഖുര്‍ആന്‍ പാരായണത്തിന് ഉപയോഗിക്കണം. ഹറമുകളില്‍ പ്രവേശിക്കുമ്പോള്‍ കൈകള്‍ അണുവിമുക്തമാക്കുകയും ശാരീരിക അകലം പാലിക്കുകയും ത്വവാഫ് കര്‍മത്തിനും നമസ്‌കാരം നിര്‍വഹിക്കാനും നിശ്ചയിച്ച പ്രത്യേക ട്രാക്കുകളും സ്ഥലങ്ങളും പാലിക്കുകയും വേണം. വിശുദ്ധ ഹറമിലേക്കും മസ്ജിദുന്നബവിയിലേക്കും പ്രവേശിക്കുമ്പോള്‍ ലഗേജുകളോ ഭക്ഷണ, പാനീയങ്ങളോ കൈവശം വെക്കരുതെന്നും ഹറംകാര്യ വകുപ്പ് ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it