Latest News

യുപി നിയമസഭാ തിരഞ്ഞെടുപ്പ്; സമാജ് വാദി പാര്‍ട്ടി മുസ്‌ലിംകളെ സഭയിലെത്തിക്കുമോ?

യുപി നിയമസഭാ തിരഞ്ഞെടുപ്പ്; സമാജ് വാദി പാര്‍ട്ടി മുസ്‌ലിംകളെ സഭയിലെത്തിക്കുമോ?
X

ലഖ്‌നോ: ഫെബ്രുവരി 10ാം തിയ്യതി മുതല്‍ മാര്‍ച്ച് 7വരെ ഏഴ് ഘട്ടങ്ങളായി യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. പാര്‍ട്ടികള്‍ തങ്ങളുടെ തന്ത്രങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ചില സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. ഇത്തവണ സമാജ് വാദി പാര്‍ട്ടിയെ ഭാഗ്യം തുണയ്ക്കുമെന്നാണ് പൊതു സംസാരം. ഇക്കാര്യത്തില്‍ ബിജെപിക്കും സംശയമില്ലെന്നു തോന്നുന്നു. യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയില്‍ നിന്നുതന്നെ മറുകണ്ടത്തിലേക്ക് ആള് പോകുമ്പോള്‍ ലഭിക്കുന്ന സൂചന ആതായിരിക്കുമല്ലോ?

തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയാണെങ്കിലും യോഗി തന്റെ തിരഞ്ഞെടുപ്പ് തന്ത്രം ഇപ്പോഴേ പ്രഖ്യാപിച്ചുകഴിഞ്ഞു. 80 ഉം 20ഉം തമ്മിലുള്ള പോരാട്ടമെന്നാണ് യോഗി പറയുന്നത്. എണ്‍പത് ശതമാനം ഹിന്ദുക്കളും 20 ശതമാനം മുസ് ലിംകളും എന്നാണ് വിവിക്ഷ. ഇത്തവണയും ശ്രദ്ധ ഹിന്ദുത്വത്തിലും മതപരമായ ധ്രുവീകരണത്തിലുമായിരിക്കും.

വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ സംസ്ഥാനം നിരവധി പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഗ്രാമീണ മേഖല തകര്‍ച്ചയുടെ വക്കിലാണ്. കൊവിഡ് എല്ലാതിനെയും തകര്‍ത്തുകഴിഞ്ഞു. തൊഴിലില്ലായ്മ വര്‍ധിച്ചു. അലഞ്ഞുതിരിയുന്ന പശുക്കല്‍ സംസ്ഥാനത്തെ വലയ്ക്കുന്നു. എല്ലാം വികസന അജണ്ടക്കുള്ളില്‍ തീര്‍ക്കാമെന്നാണ് യോഗി ആദിത്യനാഥിന്റെ പ്രതീക്ഷ. മാത്രമല്ല, മതവര്‍ഗീയത ഭരണപരാജയത്തിന് മറുമരുന്നായും അദ്ദേഹം കാണുന്നു.

ബിജെപിക്കെതിരേ ശക്തമായ പ്രതിരോധമുയര്‍ത്തി മുന്നോട്ട് വന്നിരിക്കുന്നത് ഇത്തവണ എസ്പിയാണ്. എസ്പിയെ മുസ് ലിംകളുടെ പാര്‍ട്ടിയെന്നാണ് യോഗി പരിഹസിക്കുന്നത്. എസ്പി ഭയപ്പെടുന്നതും ഈ പരിഹാസമാണെന്നാണ് പല നേതാക്കളും പറയുന്നത്. ഏത് വിധേനയും ഹിന്ദു- മുസ് ലിം ധ്രുവീകരണം ഇല്ലാതാക്കുകയാണ് എസ്പിയുടെ തന്ത്രം. മുസ് ലിംകളെ മല്‍സര രംഗത്തിറക്കിയാല്‍ അത് തങ്ങള്‍ക്ക് കഴിയാതാവുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. മുസ് ലിം സ്ഥാനാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള കാരണവും അതുതന്നെ.

മുസ് ലിംകളെ കൂടുതല്‍ മല്‍സരിപ്പിക്കുന്നതിനെ മുസ് ലിം പ്രീണനമെന്നാണ് ബിജെപി വിളിക്കാറുള്ളത്. ഈ ആക്ഷേപം ഇത്തവണയും ഉയര്‍ന്നേക്കാം. മല്‍സരരംഗത്ത് മുസ് ലിംകളുടെ എണ്ണം കുറച്ച് ധ്രുവീകരണമൊഴിവാക്കാമെന്ന് എസ് പി കരുതുന്നു. ചില നേതാക്കള്‍ അത് പരസ്യമായി പറയുന്നുമുണ്ട്.

ആദിത്യനാഥിന്റെ വീഴ്ചകളിലാണ് എസ്പിയുടെ ഊന്നല്‍. കൂട്ടത്തില്‍ ഒബിസി വിഭാഗത്തെ കൂടെ നിര്‍ത്താനും ശ്രമിക്കുന്നു. താഴ്ന്ന വിഭാഗങ്ങളായ ഹിന്ദുക്കളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് എസ്പി കണക്കുകൂട്ടുന്നു.

മുസ് ലികളുടെ വോട്ടുകള്‍ ധാരാളം ലഭിച്ചാല്‍ വിജയിക്കാമെന്നാണ് എസ്പിയുടെ പ്രതീക്ഷ. പക്ഷേ, മുസ് ലിംവോട്ടുകള്‍ ഒരൊറ്റ അടരായി ലഭിക്കാന്‍ സാധ്യതയില്ല. അവരുടെ വോട്ടുകള്‍ ബിഎസ്പിയിലും എസ്പിയിലും മറ്റ് സംഘടനകളിലും വിഭജിച്ചുപോകും. എങ്കിലും യാദവ സമുദായത്തിന്റെ വോട്ടുകള്‍ തങ്ങള്‍ക്കു കിട്ടുമെന്ന് എസ്പി കരുതുന്നു.

ജാട്ടുകളുടെ സംഘടനയായ ആര്‍എല്‍ഡി ഇത്തവണ എസ്പിക്കൊപ്പമാണ്. പക്ഷേ, കലാപകാലത്ത് ജാട്ടുകള്‍ ബിജെപിയുടെ വലംകയ്യായിരുന്നു. കൂടുതല്‍ മുസ് ലികളെ മല്‍സരിപ്പിച്ചാല്‍ ആര്‍എല്‍ഡി പിണങ്ങുമെന്ന് അഖിലേഷിന് അറിയാം. അപ്പോള്‍ സുരക്ഷിതം മുസ് ലിംകളെ മല്‍സരിപ്പിക്കാതിരിക്കുകയാണ്.

ചുരുക്കത്തില്‍ ബിജെപിയും മുസ് ലിംകളെ മല്‍സരിപ്പിക്കില്ല. ബിജെപിയെ പേടിച്ച് എസ്പിയും മുസ് ലിംകളെ മല്‍സരിപ്പിക്കില്ല. നഷ്ടം മുസ് ലിംകള്‍ക്കുമാത്രം.

Next Story

RELATED STORIES

Share it