Latest News

'യുപിഎസ്‌സി ജിഹാദ്': വര്‍ഗീയപ്രചാരണം നടത്തുന്ന സുദര്‍ശന്‍ ടിവി പരിപാടി സ്‌റ്റേ ചെയ്ത് ഡല്‍ഹി ഹൈക്കോടതി

യുപിഎസ്‌സി ജിഹാദ്: വര്‍ഗീയപ്രചാരണം നടത്തുന്ന സുദര്‍ശന്‍ ടിവി പരിപാടി സ്‌റ്റേ ചെയ്ത് ഡല്‍ഹി ഹൈക്കോടതി
X

ന്യൂഡല്‍ഹി: യുപിഎസ്‌സിയിലേക്ക് മുസ്‌ലിംകള്‍ നുഴഞ്ഞുകയറുന്നുവെന്ന് ആരോപിച്ച് സുദര്‍ശന്‍ ടിവി പ്രക്ഷേപണം ചെയ്യാനിരുന്ന വാര്‍ത്താധിഷ്ഠിത പരിപാടി ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജാമിഅ മില്ലിയ ഇസ്ലാമിയ്യ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ജസ്റ്റിസ് നവിന്‍ ചാവ്‌ലയുടെ ബഞ്ചിന്റെതാണ് ഉത്തരവ്.

സുദര്‍ശന്‍ ടിവി ഇന്ന് വൈകീട്ട് 8 മണിക്ക് പ്രക്ഷേപണം ചെയ്യുന്ന ബിന്ദാസ് ബോല്‍ എന്ന പരിപാടി ജാമിഅ മില്ലിയ ഇസ്ലാമിയ്യ വിദ്യാര്‍ത്ഥികളെയും പൂര്‍വവിദ്യാര്‍ത്ഥികളെയും പ്രത്യേകിച്ചും മുസ്‌ലിം ജനവിഭാഗത്തെ സാമാന്യമായും അവഹേളിക്കുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്നതുമായ പരിപാടിയാണെന്ന് പരാതിക്കാര്‍ ബോധിപ്പിച്ചു. സുദര്‍ശന്‍ ടിവിയിലെ മാധ്യമപ്രവര്‍ത്തകനായ സുരേഷ് ചാവ്ഹാന്‍കെയുടെ മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷം പ്രചരിപ്പിക്കുന്ന പരിപാടിയുടെ ട്രയിലറിന്റെ കോപ്പി പരാതിക്കാര്‍ കോടതിക്ക് കൈമാറി. അഭിഭാഷകനായ ഷാദന്‍ ഫറാസാത്താണ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഹാജരായത്.

ജാമിഅയിലെ ജിഹാദികളും ഭീകരവാദികളുമായ വിദ്യാര്‍ത്ഥികള്‍ സിവില്‍ സര്‍വീസിലേക്ക് നുഴഞ്ഞുകയറുന്നുവെന്ന് പ്രചരിപ്പിച്ച് അമുസ്ലിം പ്രേക്ഷകരില്‍ ഭീതി പടര്‍ത്താനാണ് ചവ്ഹാന്‍കെ ലക്ഷ്യമിടുന്നത്. ഇത് കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് റെഗുലേഷന്‍ ആക്റ്റിനും കാബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയമം 1994നും എതിരാണ്. കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത ട്രയിലര്‍ മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷം പ്രചരിപ്പിക്കുന്നതും ഐപിസി സെക്ഷന്‍ 153എ(1), 153ബി(1), 295എ, 499 വകുപ്പുകളനുസരിച്ച് കുറ്റകരവുമാണ്. ഈ പരിപാടി പ്രക്ഷേപണം ചെയ്യാന്‍ അനുവദിക്കുകയാണെങ്കില്‍ അത് സിവില്‍ സര്‍വീസ് പ്രവേശനം നേടിയ ജാമിഅ വിദ്യാര്‍ത്ഥികളെയും മറ്റ് മുസ്ലിം വിദ്യാര്‍ത്ഥികളെയും തുറന്ന ആക്രമണങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നതിനും തുല്യമായിരിക്കും- ജാമിഅ വിദ്യാര്‍ത്ഥികളുടെ അഭിഭാഷകന്‍ വാദിച്ചു.

ഈ പരിപാടിയെ കുറിച്ച് നിരവധി പരാതികള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് വാര്‍ത്താവിനിമയ മന്ത്രാലയവും അറിയിച്ചു. ഇതുകൂടി പരിഗണച്ചാണ് അടുത്ത ഉത്തരവ് ഉണ്ടാകും വരെ പരിപാടി പ്രക്ഷേപണം ചെയ്യരുതെന്ന് ചാനലിനോട് ജസ്റ്റിസ് നവിന്‍ ചാവ്‌ല നിര്‍ദേശിച്ചത്.

ഐഎഎസ്, ഐപിഎസ് തസ്തികയിലേക്ക് മുസ്ലിം സമുദായത്തില്‍ നിന്ന് കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കപ്പെടുന്നത് രാജ്യത്തിന് ദോഷകരമാണെന്നും അതിനു പിന്നില്‍ 'യുപിഎസ്സി ജിഹാദാ'ണെന്നും ആരോപിച്ചാണ് സുദര്‍ശന്‍ ടിവി വിദ്വേഷപ്രചാരണം നടത്തുന്നത്. മുസ്ലിംകളില്‍ നിന്ന് കൂടുതല്‍ പേര്‍ യുപിഎസ്സി പരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെടുന്നത് ഗൂഢാലോചനയുടെ ഫലമാണെന്നും സുദര്‍ശന്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് ആരോപിച്ചു. അതിന്റെ ട്രയിലറാണ് കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്തത്. പൂര്‍ണരൂപം ഇന്ന് പ്രക്ഷേപണം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്.

''ഈ അടുത്ത കാലത്തായി കൂടുതല്‍ പേര്‍ സിവില്‍ സര്‍വീസ് പരീക്ഷയിക്ക് ഇരിക്കുന്നുണ്ട്. ഈ അടുത്ത കാലത്തായി മുസ് ലിം ഐഎഎസ്, ഐപിഎസ് സിവില്‍ സര്‍വീസ് ഓഫിസര്‍മാരുടെ എണ്ണം വര്‍ധിച്ചത് എങ്ങനെയാണ്? ജാമിയ ജിഹാദിലൂടെ ഇവരൊക്കെ ഉയര്‍ന്ന തസ്തികയിലെത്തിയാല്‍ രാജ്യത്തിന്റെ ഗതിയെന്താവും?'' സുദര്‍ശന്‍ ടി വി വാര്‍ത്തയില്‍ പറയുന്നു.

മുസ്ലിംകളുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളില്‍ ഗൂഢാലോചന ആരോപിക്കുകയും അതിനെ വിവിധ പേരുകളില്‍ ജിഹാദ് എന്ന് ആരോപിക്കുകയും ചെയ്യുക ഇന്ത്യയിലെ ഒരു പൊതുരീതിയാണ്. റോമിയോ ജിഹാദ്, ലൗജിഹാദ്, കൗജിഹാദ് തുടങ്ങി ഇതിന്റെ നിരവധി രൂപങ്ങള്‍ കഴിഞ്ഞ കാലത്ത് ഹിന്ദുത്വശക്തികള്‍ പ്രചരിപ്പിച്ചിരുന്നു. അതില്‍ അവസാനത്തേതാണ് യുപിഎസ്സി ജിഹാദ്.

ചാനല്‍ പുറത്തുവിട്ട വാര്‍ത്തക്കെതിരേ ഐപിഎസ് അസോസിയേഷന്‍ രംഗത്തുവന്നു. സുദര്‍ശന്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചാവ്ഹന്‍കെയുടെ രീതി വര്‍ഗീയവും ഉത്തരവാദിത്തരഹിതവുമായ പത്രപ്രവര്‍ത്തനത്തിന് ഉദാഹരണമാണെന്നും അസോസിയേഷന്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 829 പേരില്‍ ആകെ 145 പേരാണ് ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. അതില്‍തന്നെ 42 പേരാണ് മുസ്ലിം വിഭാഗത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. അതായത് ആകെ തിരഞ്ഞെടുക്കപ്പെട്ടവരുടെ 5 ശതമാനം മാത്രമാണ് ഇത്. 45ാം റാങ്ക് നേടിയ സഫ്ന നാസറുദ്ദീന്‍ എന്ന മലയാളിയാണ് മുസ്ലിംകളില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 100 റാങ്കിനുളളിലുളള ഏക മുസ്ലിമും സഫ്നയാണ്. കഴിഞ്ഞ വര്‍ഷം 4 ശതമാനം മുസ്ലിങ്ങളാണ് യുപിഎസ് സി ലിസ്റ്റില്‍ പെട്ടത്. അതേസമയം രാജ്യത്ത് മുസ്ലിംകളുടെ ജനസംഖ്യ 15 ശതമാനമാണ്. ജനസംഖ്യയെ അപേക്ഷിച്ച് വളരെ കുറവാണ് സവില്‍സര്‍വീസിലെ മുസ്ലിംകളുടെ പ്രാതിനിധ്യം.

Next Story

RELATED STORIES

Share it