Latest News

ഉത്തരാഖണ്ഡ് റിസോര്‍ട്ടിലെ കൊലപാതകം: മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബം അനുമതി നല്‍കി; ജനക്കൂട്ടത്തെ നിയന്ത്രിക്കണമെന്നും ആവശ്യം

ഉത്തരാഖണ്ഡ് റിസോര്‍ട്ടിലെ കൊലപാതകം: മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബം അനുമതി നല്‍കി; ജനക്കൂട്ടത്തെ നിയന്ത്രിക്കണമെന്നും ആവശ്യം
X

ഋഷികേശ്: ഉത്തരാഖണ്ഡില്‍ 19 കാരിയായ റിസപ്ഷനിസ്റ്റിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബം അനുമതി നല്‍കി. പ്രദേശത്ത് തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കേസില്‍ പോലിസിന്റെ ഇടപെടലിനെക്കുറിച്ച് നേരത്തെ മാതാപിതാക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

പെണ്‍കുട്ടി ജോലി ചെയ്തിരുന്ന റിസോര്‍ട്ട് തകര്‍ത്തതിനെ കുടുംബം ചോദ്യംചെയ്തിരുന്നു. ഇപ്പോള്‍ പുറത്താക്കപ്പെട്ട മുതിര്‍ന്ന ബിജെപി നേതാവിന്റെ മകന്‍ മുഖ്യപ്രതിയായ കേസില്‍ റിസോര്‍ട്ട് തകര്‍ത്തത് തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നായിരുന്നു ആരോപണം.

പ്രതിഷേധ സൂചകമായി നാട്ടുകാര്‍ ശ്രീനഗര്‍കേദാര്‍നാഥ് ഹൈവേ ഉപരോധിച്ചു.

താല്‍ക്കാലിക പോസ്റ്റ്‌മോര്‍ട്ടത്തില്‍ പെണ്‍കുട്ടി മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മൂര്‍ച്ചയുള്ള ബലപ്രയോഗം മൂലമുണ്ടായ മുറിവിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്നും പറയുന്നു. റിപോര്‍ട്ട് പുറത്തുവിടണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നുവെങ്കിലും സീല്‍ ചെയ്ത കവര്‍ കോടതിയില്‍ മാത്രമേ സമര്‍പ്പിക്കാന്‍ കഴിയൂ എന്ന് പൗരി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

'നാലു ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്... ഞങ്ങള്‍ കുടുംബവുമായി നിരന്തര സമ്പര്‍ക്കത്തിലാണ്. ഇന്ന് അവര്‍ ശവസംസ്‌കാരത്തിന് സമ്മതിച്ചുു- ജില്ലാ മജിസ്‌ട്രേറ്റ് ഡോ.വിജയ് ജോഗ്ദണ്ഡെ പറഞ്ഞു.

ഹോട്ടല്‍ ഉടമയായ ബിജെപി നേതാവിന്റെ മകനും മറ്റ് രണ്ട് പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ ലൈംഗികതൊഴിലിലേക്ക് തള്ളിവിടാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. അത് ചെറുത്തതാണ് കൊലപാതത്തിന് കാരണം. ഇന്നലെ മൃതദേഹം ഒരു കനാലില്‍ നിന്ന് കണ്ടെടുത്തു.

പുറത്താക്കപ്പെട്ട ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യ, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസിസ്റ്റന്റ് മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്.

മന്ത്രി റാങ്കിലുള്ള മുന്‍ സംസ്ഥാന ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് ആര്യ, ബിജെപി പ്രവര്‍ത്തകന്‍ കൂടിയായ സഹോദരന്‍ അങ്കിത് ആര്യ എന്നിവരെ പാര്‍ട്ടി പുറത്താക്കി. എന്നാല്‍, അവര്‍ രാജിവെച്ചതായി ആര്യ അവകാശപ്പെട്ടു. പുല്‍കിത് അവരോടൊപ്പം താമസിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. 'ഇത് വളരെ ഹീനമായ കുറ്റകൃത്യമാണ്. കുറ്റവാളി ആരായാലും രക്ഷപ്പെടില്ല,' ധാമി പറഞ്ഞു.

Next Story

RELATED STORIES

Share it