Latest News

വന്ദേ ഭാരത് മിഷന്‍: സൗദിയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധന പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

വന്ദേ ഭാരത് മിഷന്‍: സൗദിയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധന പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

ജിദ്ദ: കൊറോണക്കാലത്ത് ജോലിയും വരുമാനവും മുടങ്ങി സ്വദേശത്തെത്താന്‍ കാത്തിരിക്കുന്ന പ്രവാസികളോട് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്ന വഞ്ചനയാണ് വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി ആരോപിച്ചു.

യാതൊരു വരുമാനവുമില്ലാതെ മാസങ്ങളായി പുറത്തിറങ്ങാന്‍ പോലും കഴിയാതെ ലക്ഷക്കണക്കിന് പ്രവാസികളാണ് സൗദി അറേബ്യയുടെ വിവിധ നഗരങ്ങളിലും കണ്ണെത്താത്ത പ്രദേശങ്ങളിലും കഴിയുന്നത്. സര്‍ക്കാരുകളുടെ വാഗ്ദാനങ്ങളിലും ആശ്വാസവചനങ്ങളിലും വിശ്വാസമര്‍പ്പിച്ച് കുറഞ്ഞ നിരക്കില്‍ ഏതെങ്കിലും വിമാന സര്‍വീസ് വരികയാണെങ്കില്‍ നാടുപിടിക്കാനിരിക്കുന്നവര്‍ക്ക് വലിയ ആഘാതമാണ് നിരക്കുവര്‍ധന ഉണ്ടാക്കിയിട്ടുള്ളത്. മറ്റു പല രാജ്യങ്ങളിലെ ഭരണകൂടവും തങ്ങളുടെ പൗരന്മാരെ വിദേശത്തു നിന്നും സ്വദേശത്തേക്കെത്തിക്കാന്‍ ആഭ്യന്തര വിമാനസര്‍വീസുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ നമ്മുടെ രാജ്യത്തേക്ക് മതിയായ വിമാന സര്‍വീസ് നടത്താനും പ്രവാസികളെ സ്വീകരിക്കാനും സര്‍ക്കാരുകള്‍ താത്പര്യം കാണിക്കുന്നില്ല. അതേസമയം സന്നദ്ധ സംഘടനകളും സ്വകാര്യ സ്ഥാപനങ്ങളും നടത്തുന്ന ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ക്ക് ഉയര്‍ന്ന നിരക്കാണ് പ്രവാസികളില്‍ നിന്ന് ഈടാക്കുന്നതെന്ന ആരോപണം ഉന്നയിക്കുന്ന സര്‍ക്കാര്‍ തന്നെ വിമാന യാത്രാ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യയുടെ ആഭ്യന്തര വിമാനസര്‍വീസായ എയര്‍ ഇന്ത്യയുടെ വിമാന ടിക്കറ്റ് നിരക്ക് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഇരട്ടിയോളം വര്‍ദ്ധിപ്പിച്ചത്.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി യോഗം

കൊവിഡ് - 19 ന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ നട്ടെല്ലൊടിക്കുന്ന വിമാന ടിക്കറ്റ് വര്‍ദ്ധന ഒഴിവാക്കി സ്വന്തം പൗരന്മാര്‍ക്ക് സൗജന്യമായിട്ടല്ലെങ്കിലും ചുരുങ്ങിയ ചിലവില്‍ നാടണയാനുള്ള പദ്ധതിയായി വന്ദേ ഭാരത് മിഷന്‍ സംവിധാനം ചെയ്യണമെന്ന് സോഷ്യല്‍ ഫോറം വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് ഹനീഫ കിഴിശ്ശേരി, ജനറല്‍ സെക്രട്ടറി കോയിസ്സന്‍ ബീരാന്‍കുട്ടി, മുഹമ്മദ്കുട്ടി തിരുവേഗപ്പുറ, ഷാഫി കോണിക്കല്‍, ഫൈസല്‍ തമ്പാറ, നൗഫല്‍ താനൂര്‍, ജാഫര്‍ കാളികാവ്, യാഹൂ പട്ടാമ്പി, ഹസ്സന്‍ മങ്കട, അയ്യൂബ് അഞ്ചച്ചവിടി, അബ്ദുല്ലക്കോയ, സി വി അഷ്റഫ്, ശാഹുല്‍ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it