Latest News

'ഒറ്റപ്പെട്ട സംഭവ'മെന്നത് പിണറായി കാലത്തെ തമാശ; സിപിഎം ഏരിയ സെക്രട്ടറിമാരാണ് എസ്എച്ച്ഒമാരെ നിയന്ത്രിക്കുന്നതെന്നും വിഡി സതീശന്‍

ജനങ്ങളുടെ ജീവനും ജീവനോപാധിയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. പാര്‍ട്ടിയുടെ അനാവശ്യ ഇടപെടല്‍ പോലിസിനെ നിഷ്‌ക്രിയമാക്കി

ഒറ്റപ്പെട്ട സംഭവമെന്നത് പിണറായി കാലത്തെ തമാശ; സിപിഎം ഏരിയ സെക്രട്ടറിമാരാണ് എസ്എച്ച്ഒമാരെ നിയന്ത്രിക്കുന്നതെന്നും വിഡി സതീശന്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന കൊലപാതകങ്ങള്‍ ഒറ്റപ്പെട്ട സംഭവമെന്നത് പിണറായി ഭരണകാലത്ത് ഒരു തമാശയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പരാജിതനാണെന്നും നിയമസഭയില്‍ നടത്തിയ വാക്കൗട്ട് പ്രസംഗത്തില്‍ വിഡി സതീശന്‍ കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവനും ജീവനോപാധിയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. പാര്‍ട്ടിയുടെ അനാവശ്യ ഇടപെടല്‍ പോലിസിനെ നിഷ്‌ക്രിയമാക്കി. ഏരിയ സെക്രട്ടറിമാരാണ് എസ്.എച്ച്.ഒമാരെ നിയന്ത്രിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

''ഗുണ്ടകളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യണം. കാപ്പ നിയമം നോക്കുകുത്തിയായി മാറി. പ്രതിപക്ഷമാണ് കേരളത്തിലെ ക്രമസമാധാനം തകര്‍ക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം തമാശയാണ്. തീവ്രവാദ സംഘടനകളൊള്‍ കൂടുതല്‍ തീവ്രമായി കൊലപാതകങ്ങള്‍ നടത്തുന്ന സിപിഎമ്മാണ് യുഡിഎഫിനെ കുറ്റപ്പെടുത്തുന്നത്.''സതീശന്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലെ ജയിലറകള്‍ സുഖവാസ കേന്ദ്രങ്ങളാണ്. ഹരിദാസിന്റെ കൊല നടക്കുമ്പോള്‍ സിപിഎമ്മും ബിജെപിയും കൈകോര്‍ത്തു. ധീരജിന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. കൊലപാതകികളെ സംരക്ഷിക്കില്ല. കൊലപാതകം ആസൂത്രിതമാണോ എന്ന് സ്വന്തം പോലിസിനോട് മുഖ്യമന്ത്രി ചോദിക്കണം.

സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിനു പിന്നാലെ പ്രതിപക്ഷം വാക്കൗട്ട് നടത്തുകയായിരുന്നു. സംസ്ഥാനം ഗുണ്ടാ ഇടനാഴിയായി മാറിയിരിക്കുകയാണെന്നും പോലിസ് നിഷ്‌ക്രിയത്വം കാരണമാണ് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍, ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിനു പിന്നാലെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്നാണ് പ്രതിപക്ഷം വിട്ടത്.

Next Story

RELATED STORIES

Share it