Latest News

കര്‍ഷകരെ മുന്നില്‍ നിര്‍ത്തി വനം മാഫിയയെ സംരക്ഷിക്കുന്നു; വനം കൊള്ളയെകുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ്

ഈ മാസം 17ന് യുഡിഎഫ് സംഘം വയനാട് സന്ദര്‍ശിക്കും. 1964ലെയും 2005ലെയും നിയമങ്ങള്‍ വളച്ചൊടിച്ചും പ്രധാന ഭാഗങ്ങള്‍ മറച്ചുവച്ചുമാണ് ഉത്തരവിറക്കിയിരിക്കുന്നത്. വനം മന്ത്രിയും, റവന്യു മന്ത്രിയും കാര്യങ്ങള്‍ മറച്ചുവയ്ക്കുകയാണ്.

കര്‍ഷകരെ മുന്നില്‍ നിര്‍ത്തി വനം മാഫിയയെ സംരക്ഷിക്കുന്നു; വനം കൊള്ളയെകുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ്
X

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 24ലെ വിവാദ മരം മുറി ഉത്തരവ് സദുദ്ദേശത്തോടെയായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന, വിവാദ ഉത്തരവിന് പുറകിലെ ഗൂഢസംഘത്തെ സംരക്ഷിക്കുന്നതിനെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എട്ട് ജില്ലകളിലായി കേരളം കണ്ട ഏറ്റവും വലിയ വനം കൊള്ളയാണ് നടന്നിരിക്കുന്നത്.

രണ്ട് വകുപ്പുകളും, രണ്ടു വകുപ്പുമന്ത്രിമാരും യോഗം ചേര്‍ന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായുണ്ടായ ഉത്തരവ് മുഖ്യമന്ത്രി കണ്ടിട്ടുണ്ടോ? നിയമവകുപ്പ് പരിശോധിച്ചിട്ടുണ്ടോ? മന്ത്രിസഭയുടെയോ എല്‍ഡിഎഫിന്റെയോ അനുമതിയുണ്ടായിട്ടുണ്ടോ? സിപിഎം, സിപിഐ പാര്‍ട്ടി നേതൃത്വം അറിഞ്ഞിട്ടുണ്ടോ എന്ന് എല്ലാം വ്യക്തമാക്കണം.

1964ലെയും 2005ലെയും നിയമങ്ങള്‍ വളച്ചൊടിച്ചും പ്രധാന ഭാഗങ്ങള്‍ മറച്ചുവച്ചുമാണ് ഉത്തരവിറക്കിയിരിക്കുന്നത്. വനം മന്ത്രിയും, റവന്യു മന്ത്രിയും കാര്യങ്ങള്‍ മറച്ചുവയ്ക്കുകയാണ്. കര്‍ഷകരെ സഹായിക്കുന്നതിനാവശ്യമായ രീതിയില്‍ ഉത്തരവ് പുതുക്കുമെന്ന് പറയുന്നത് കാപട്യമാണ്. കര്‍ഷകരെ സഹായിക്കാന്‍ നിയമത്തിലും, ചട്ടത്തിലുമാണ് ഭേദഗതി വരുത്തേണ്ടത്. കര്‍ഷകരെ മുന്നില്‍ നിര്‍ത്തി വനം മാഫിയയെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടന്നത്.

വനം കൊള്ള നടന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് വനം വകുപ്പും, റവന്യൂവകുപ്പും ഒഴിഞ്ഞുമാറുകയാണ്. 8 ജില്ലകളിലായി നടന്ന വ്യാപക വനം കൊള്ള എല്ലാവരും ചേര്‍ന്ന് മൂടിവയ്ക്കുകയായിരുന്നു. പട്ടയം നല്‍കുമ്പോഴുള്ള ഭൂമിയിലെ മരങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. അതിന്റെ കസ്‌റ്റോഡിയന്‍ റവന്യു വകുപ്പാണ്. വില്ലേജ് ഓഫിസില്‍ മരത്തിന്റെ രജിസ്റ്റര്‍ സൂക്ഷിക്കണം. മരം മുറിച്ചാല്‍ പരാതി കൊടുക്കേണ്ടത് തഹസീല്‍ദാരോ, വില്ലേജ് ഓഫിസറോ ആണ്. അവര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. ഇത് മനപൂര്‍വ്വമായി കേസ് ദുര്‍ബലപ്പെടുത്താനാണ്. വയനാട്ടില്‍ മാത്രമാണ് കലക്ടര്‍ ഇപ്പോള്‍ പരാതി നല്‍കിയത്.

ഇതിന് മുമ്പ് മൂന്ന് തവണ ഇക്കാര്യത്തില്‍ മരത്തിന്റെയും, ഭൂമിയുടെയും നിജസ്ഥിതി മേപ്പാടി റേഞ്ച് ഓഫിസര്‍, ഡി.എഫ്.ഒയും റവന്യു അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ മറുപടി പോലും നല്‍കിയില്ല. മറ്റ് ജില്ലകളില്‍ റവന്യൂവനം വകുപ്പ് ഉദ്യോഗസ്ഥരും ഇടത് രാഷ്ട്രീയ നേതാക്കളും ഒത്തുചേര്‍ന്ന് മരം വെട്ടി.

വ്യാപകമായ വനം കൊള്ളയെകുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തണം. ഇത് സംബന്ധിച്ച് 17ന് പ്രതിപക്ഷനേതാവിന്റെയും, ഉപനേതാവിന്റെയും നേതൃത്വത്തിലുള്ള യുഡിഎഫ്. പ്രതിനിധി സംഘം വയനാട് സന്ദര്‍ശിക്കും. ടിഎന്‍ പ്രതാപന്‍ എംപിയുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലും ബെന്നിബഹനാന്‍ എംപിയുടെ നേതൃത്വത്തില്‍ എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും യു.ഡി.എഫ്. സംഘം സന്ദര്‍ശനം നടത്തും. കാര്യങ്ങള്‍ വിശദമായി പഠിക്കുന്നതിനും റിപോര്‍ട്ട് നല്‍കുന്നതിനുമായി പരിസ്ഥിതിവനം സംരക്ഷണ പ്രവര്‍ത്തകരെയും, അഭിഭാഷകരെയും ഉള്‍പ്പെടുത്തി വസ്തുതാ അന്വേഷണ സംഘം രൂപീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it