Latest News

തൃശൂര്‍ ജില്ലയിലെ പോലിസ് സ്‌റ്റേഷനുകളില്‍ പിടിച്ചിട്ട് കാടുകയറി മണ്ണടിയുന്ന വാഹനങ്ങള്‍ ശല്യമായി മാറുന്നു

തൃശൂര്‍ ജില്ലയിലെ പോലിസ് സ്‌റ്റേഷനുകളില്‍ പിടിച്ചിട്ട് കാടുകയറി മണ്ണടിയുന്ന വാഹനങ്ങള്‍ ശല്യമായി മാറുന്നു
X

മാള: പോലിസ് സ്‌റ്റേഷനുകളില്‍ പിടിച്ചിട്ട് കാടുകയറി മണ്ണടിയുന്ന വാഹനങ്ങള്‍ കണ്ടുകെട്ടാനുള്ള വകുപ്പില്ലാതെ നശിക്കുന്നു. ജില്ലയില്‍ നൂറുകണക്കിന് വാഹനങ്ങളാണ് ഇത്തരത്തില്‍ രേഖകളില്ലാതെ കിടക്കുന്നത്.

ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പോലിസ് കമ്മിഷണര്‍, റൂറല്‍ പോലിസ് മേധാവി, മോട്ടോര്‍ വാഹനവകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് വാഹനങ്ങളുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. മണ്ണും മണലും അനധികൃതമായി കയറ്റിക്കൊണ്ട് പോകുമ്പോള്‍ പിടികൂടിയ വാഹനങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറുന്ന രീതിയായിരുന്നു മുന്‍പ്. അക്കാലത്ത് പിടികൂടിയ വാഹനങ്ങളാണ് ആര്‍ക്കും വേണ്ടാതെ കാടുകയറി മണ്ണടിയുന്നത്.

സ്‌റ്റേഷനുകളുടെ മുന്‍ ഭാഗത്തുതന്നെ കിടന്ന് നശിക്കുന്ന ഈ വാഹനങ്ങള്‍ മാറ്റാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. ഡിസ്‌പോസല്‍ കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയാല്‍ മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ. പോലിസ് സ്‌റ്റേഷനുകളില്‍നിന്ന് അക്കാലത്ത് കൈമാറിയ രേഖകളും ഫയലും എവിടെയാണെന്നുപോലും അറിയാത്ത അവസ്ഥയാണ്.

നൂറുകണക്കിന് വാഹനങ്ങളാണ് പോലിസ് കസ്റ്റഡിയില്‍ മണ്ണടിയുന്നത്. ഡിസ്‌പോസല്‍ കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് വാഹനം കണ്ടുകെട്ടുകയോ ഉടമക്ക് ബോണ്ട് വെച്ച് നല്‍കുകയോ ചെയ്യാവുന്നതാണ്.

എന്നാല്‍ ഉടമകള്‍ വാഹനം ഉപേക്ഷിക്കുന്നതോടെ ബോണ്ട് നല്‍കി വാങ്ങില്ല. അതേസമയം കണ്ടുകെട്ടി ലേലത്തില്‍ വില്‍ക്കണമെങ്കില്‍ രണ്ട് നിബന്ധനകളാണുള്ളത്. പത്ത് വര്‍ഷം കഴിഞ്ഞവ ആക്രിയായി വില്‍പ്പന നടത്തുകയും ശേഷിക്കുന്നവ 10 ശതമാനം വിലയിട്ട് ലേലം ചെയ്യുകയുമാണവ. കേസുകള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറിയത് 12 വര്‍ഷം മുന്‍പായതിനാല്‍ വാഹനങ്ങള്‍ എല്ലാംതന്നെ ആക്രി നിലയിലും മരങ്ങള്‍ വളര്‍ന്ന് ജനങ്ങള്‍ക്ക് ഭീതി വിതക്കുന്ന നിലയിലുമാണ്.

Next Story

RELATED STORIES

Share it