Latest News

വനിതാ പോലിസിന്റെ അതിക്രമം; ഇല്ലാത്ത മോഷണത്തിന്റെ പേരില്‍ മകള്‍ക്ക് മുന്നിലിട്ട് യുവാവിനെ അപമാനിച്ചു

അച്ഛന്‍ ഫോണ്‍ എടുത്തിട്ടില്ലെന്ന് പറഞ്ഞ് കുഞ്ഞു മകളും കരഞ്ഞെങ്കിലും ഇതൊന്നും വനിതാ പോലിസ് വകവെച്ചില്ല.

വനിതാ പോലിസിന്റെ അതിക്രമം; ഇല്ലാത്ത മോഷണത്തിന്റെ പേരില്‍ മകള്‍ക്ക് മുന്നിലിട്ട് യുവാവിനെ അപമാനിച്ചു
X
തിരുവനന്തപുരം: ഇല്ലാത്ത മോഷണത്തിന്റെ പേരില്‍ വനിതാ പോലിസ് യുവാവിനെ എട്ടു വയസുകാരിയായ മകള്‍ക്കു മുന്നിലിട്ട് ചോദ്യം ചെയ്യുകയും അപമാനിക്കുകയും ചെയ്തു. പിങ്ക് പോലിസാണ് ആറ്റിങ്ങലില്‍ അച്ഛനേയും മകളേയും പരസ്യ വിചാരണ നടത്തിയത്. അച്ഛന്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് മകളുടെ കയ്യില്‍ കൊടുത്തെന്നും പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും ആരോപിച്ചായിരുന്നു പിങ്ക് പോലിസ് വാഹനത്തിലെ വനിത പോലിസ് ഉദ്യോഗസ്ഥയുടെ അപമാനിക്കലും ചോദ്യം ചെയ്യലുമുണ്ടായത്. ഫോണ്‍ പിന്നീട് പോലിസുകാരിയുടെ ബാഗില്‍ നിന്നു തന്നെ ലഭിച്ചു.


ഐ എസ് ആര്‍ ഓയുടെ വലിയ വാഹനം കടന്നുപോകുന്നത് കാണാന്‍ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരി മകളും ഇന്നലെ ആറ്റിങ്ങലില്‍ നില്‍ക്കുമ്പോഴാണ് സംഭവം. കുടിക്കാന്‍ വെള്ളം വാങ്ങിയശേഷം നടന്നുവന്ന ജയചന്ദ്രനെ പിങ്ക് പോലിസ് തടഞ്ഞുനിര്‍ത്തുകയും എടുക്കെടാ മൊബൈല്‍ ഫോണ്‍ എന്ന് ആക്രോശിക്കുകയും ചെയ്തു. കാര്യമറിയാതെ ജയചന്ദ്രന്‍ സ്വന്തം മൊബൈല്‍ ഫോണ്‍ പോലിസിന് നല്‍കി. ഇതല്ല നീ കാറില്‍ നിന്നെടുത്ത എന്റെ മൊബൈല്‍ ഫോണ്‍ താടാ എന്ന് ചോദിച്ച് പോലിസ് ഉദ്യോഗസ്ഥ ജയചന്ദ്രനോട് തട്ടിക്കയറി. ഫോണ്‍ എടുത്തിട്ടില്ലെന്ന് ജയചന്ദ്രന്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും ജയചന്ദ്രന്‍ ഫോണ്‍ മോഷ്ടിച്ചും എന്നും ഇത് മകളെ എല്‍പിക്കുന്നത് കണ്ടെന്നുമുള്ള വാദം വനിത പോലിസ് ആവര്‍ത്തിച്ചു. പിടിക്കപ്പെട്ടപ്പോള്‍ മകള്‍ ഫോണ്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്ന് പറഞ്ഞ് എട്ടുവയസ്സുകാരിയെയും മോഷ്ടാവാക്കി.


അച്ഛന്‍ ഫോണ്‍ എടുത്തിട്ടില്ലെന്ന് പറഞ്ഞ് കുഞ്ഞു മകളും കരഞ്ഞെങ്കിലും ഇതൊന്നും വനിതാ പോലിസ് വകവെച്ചില്ല. കുട്ടികളേയും കൊണ്ട് ഇവനെപ്പോലെയുള്ളവര്‍ മോഷണത്തിനിറങ്ങുന്നത് പതിവാണെന്ന് പറഞ്ഞ് അഛനെയും മകളെയും ഭീഷണിപ്പെടുത്തുകയും ചോദ്യം ചെയ്യുകയുമാണ് ഉണ്ടായത്. ബഹളം കേട്ട് ആളുകള്‍ കൂടിയപ്പോഴും അഛനും മകള്‍ക്കും എതിരെയുള്ള പരസ്യ വിചാരണ തുടര്‍ന്നു.


ഇതിനിടയില്‍ അതിക്രമം നടത്തിയ പോലിസുകാരിയുടെ ബാഗില്‍ നിന്നും മറ്റൊരു വനിത പോലിസ് ഫോണ്‍ കണ്ടെടുക്കുകയായിരുന്നു. ഫോണ്‍ സൈലന്റിലായിരുന്നതിനാല്‍ വിളിച്ചപ്പോള്‍ അറിഞ്ഞിരുന്നില്ല. ഫോണ്‍ കിട്ടിയതോടെ പരസ്യ വിചാരണ അവസാനിപ്പിച്ചെങ്കിലും വളരെ മോശമായാണ് പോലിസ് പിന്നീടും പെരുമാറിയത്. എട്ടുവയസുകാരി കരഞ്ഞു തളര്‍ന്ന അവസ്ഥയിലായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.




Next Story

RELATED STORIES

Share it