Latest News

പ്രമുഖരുടെ പാര്‍ട്ടി പ്രവേശനം: ബിജെപി നടത്തുന്നത് മുന്‍പുണ്ടായിരുന്നവര്‍ക്ക് വീണ്ടും അംഗത്വം നല്‍കുന്ന നാടകം

മുസ്‌ലിം യുവാക്കളെ വേട്ടയാടാനായി മാത്രം ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ കൊണ്ടുവന്ന മതംമാറ്റ നിരോധന നിയമത്തെ പ്രശംസിച്ച് കത്തയച്ചയാളാണ് ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍

പ്രമുഖരുടെ പാര്‍ട്ടി പ്രവേശനം: ബിജെപി നടത്തുന്നത് മുന്‍പുണ്ടായിരുന്നവര്‍ക്ക് വീണ്ടും അംഗത്വം നല്‍കുന്ന നാടകം
X
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വിജയ യാത്രയുടെ ഭാഗമായി പാര്‍ട്ടിയിലേക്ക് പ്രമുഖര്‍ ചേരുന്നു എന്ന തരത്തില്‍ ബിജെപി നടത്തുന്നത് മുന്‍പുണ്ടായിരുന്നവര്‍ക്ക് വീണ്ടും അംഗത്വം നല്‍കുന്ന നാടകം. കഴിഞ്ഞ ദിവസം ബിജെപിയിലേക്ക് ചേര്‍ന്നതായി പറയുന്ന മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ വര്‍ഷങ്ങളായി ബിജെപി സഹയാത്രികനാണ്. ഹൈക്കോടതി ജഡ്ജിയായി പ്രവര്‍ത്തിക്കെ തന്നെ സംഘപരിവാരത്തിന്റെ പരിപാടികളില്‍ പങ്കെടുക്കുത്തയാളാണ് പി.എന്‍. രവീന്ദ്രന്‍. വര്‍ഷങ്ങളായി പാര്‍ട്ടിയിലുള്ള ഒരാള്‍ക്ക് വീണ്ടും അംഗത്വം നല്‍കി പ്രമുഖര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് എന്നു വരുത്തി തീര്‍ക്കുകയാണ് ബിജെപി സംസ്ഥാന ഘടകം.


മുസ്‌ലിം യുവാക്കളെ വേട്ടയാടാനായി മാത്രം ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ കൊണ്ടുവന്ന മതംമാറ്റ നിരോധന നിയമത്തെ പ്രശംസിച്ച് കത്തയച്ചയാളാണ് ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍. വര്‍ഷങ്ങളായി കടുത്ത സംഘപരിവാര നിലപാട് സൂക്ഷിക്കുന്ന പി എന്‍ രവീന്ദ്രന്‍ സംഘടനാ പരിപാടികളിലെ സജീവ സാനിധ്യവുമാണ്. ലോക്ക് ഡൗണില്‍ ബിജെപി എറണാകുളം ജില്ലാ കമ്മറ്റി രൂപം നല്‍കിയ ലീഗല്‍ ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തത് രവീന്ദ്രനായിരുന്നു. സംഘപരിവാറിന്റെ സുകൃതം ഭാഗവത സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സപ്താഹാമൃതം പരിപാടിക്ക് ആശംസ നേരാനും പി എന്‍ രവീന്ദ്രന്‍ എത്തിയിരുന്നു. വിദ്വേഷ പ്രസംഗം നടത്തി ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയെ പുകഴ്ത്തിയാണ് അന്ന് ജസ്റ്റിസ് രവീന്ദ്രന്‍ സംസാരിച്ചത്. '


നമുക്ക് ചുറ്റും ഇപ്പോള്‍ ഉയര്‍ന്നുവരുന്ന മുദ്രവാക്യങ്ങള്‍ 1921ലെ കത്തികളെ ഓര്‍മിപ്പിക്കുന്നതാണ്. അത്തരത്തിലുള്ള കത്തികളില്‍ അഭിരമിക്കുന്നവര്‍ ഓര്‍മിക്കേണ്ടത് മാറാട് സംഭവത്തിന്റെ പാഠങ്ങളാണ്. എട്ട് മത്സ്യത്തൊഴിലാളികളെ കൂട്ടക്കൊല ചെയ്ത് ആ സമൂഹത്തെ അവിടെനിന്ന് കുടിയൊഴിപ്പിച്ചു. 1921ല്‍ കത്തി ഊരിയവര്‍ നടത്തിയ നരസംഹാരത്തിലൂടെ ആ ഭൂമിയില്‍ നിന്ന് നിസ്സഹായരായ ഹിന്ദുക്കളെ ആട്ടിപ്പായിക്കാന്‍ സാധിച്ചെങ്കില്‍ മാറാട് കത്തിയൂരിയവര്‍ക്ക് അവിടെത്തെ സംഘടിത ഹിന്ദുസമൂഹത്തിന്റെ ഇച്ഛാശക്തിക്ക് മുന്നില്‍, അടിയറവു പറയേണ്ടിവന്നു' എന്നാണ് എം. രാധാകൃഷ്ണന്‍ പ്രസംഗിച്ചത്. ഹൈക്കോടതി ജഡ്ജി ആയിരിക്കെയാണ് ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ ഇത്തരമൊരു പരിപാടിയില്‍ പങ്കെടുത്തതും ആശംസ അറിയിച്ചതും.


കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നതായി പറയുന്ന ജസ്റ്റിസ് വി ചിദംബരേഷ് മുന്‍പും സംഘപരിവാര്‍ നിലപാട് സ്വീകരിച്ചയാളാണ്. ജാതി സംവരണം നിര്‍ത്തലാക്കി സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ പ്രതിഷേധവുമായി ബ്രാഹ്മണര്‍ മുന്നോട്ടുവരണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായിരുന്നു. കേരള ഹൈക്കോടതിയില്‍ ന്യായാധിപ ചുമതല വഹിക്കുന്ന അവസരത്തിലാണ് തമിഴ് ബ്രാഹ്മണ ആഗോള സമ്മേളനത്തില്‍ ജസ്റ്റിസ് വി ചിദംബരേഷ് തന്റെ സവര്‍ണ്ണ അനുകൂല നിലപാട് പ്രഖ്യാപിച്ചത്.


മുന്‍പ് ഇ ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നപ്പോഴും അത് വലിയ സംഭവമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. കുട്ടിക്കാലം മുതല്‍ തന്നെ എബിവിപയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു എന്നാണ് ഇ ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അങ്ങിനെയൊരാള്‍ക്ക് വീണ്ടും പാര്‍ട്ടി അംഗത്വം നല്‍കിയ ശേഷം അത് ബിജെപിയിലേക്കുള്ള പ്രമുഖരുടെ ഒഴുക്കായി പ്രചരിപ്പിക്കുകയായിരുന്നു പാര്‍ട്ടി നേതൃത്വം.

Next Story

RELATED STORIES

Share it