Latest News

വിഴിഞ്ഞം തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി അദാനി ഗ്രൂപ്പ്; 2023 ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് സിഇഒ

അദാനി പോര്‍ട്ട്‌സും സംസ്ഥാന സര്‍ക്കാരും ഒപ്പിട്ട കരാര്‍ പ്രകാരം 2019 ഡിസംബറില്‍ നിര്‍മ്മാണം തീര്‍ന്നില്ലെങ്കില്‍ മൂന്ന് മാസം കൂടി നഷ്ടപരിഹാരം നല്‍കാതെ ഗ്രൂപ്പിന് കരാറുമായി മുന്നോട്ട് പോകാം. അതിനു ശേഷം പ്രതിദിനം 12 ലക്ഷം വച്ച് അദാനി ഗ്രൂപ്പ് പിഴയൊടുക്കണം എന്നാണ് കരാറിലെ വ്യവസ്ഥ

വിഴിഞ്ഞം തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി അദാനി ഗ്രൂപ്പ്; 2023 ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് സിഇഒ
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി അദാനി ഗ്രൂപ്പ്. 2023 ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് പോര്‍ട്ട് സിഇഒ അറിയിച്ചു. പോര്‍ട്ട്് അധികൃതരും മന്ത്രി അഹ്മദ് ദേവര്‍ കോവിലുമായി നടത്തിയ ചര്‍ച്ചയിലാണ് സിഇഒ ഇക്കാര്യം അറിയിച്ചത്.

അതേസമയം, കരാര്‍ കാലാവധി നീട്ടി നല്‍കണമെന്നും ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ സമീപിച്ചു. ആയിരം ദിവസം കൊണ്ട് പദ്ധതി പൂര്‍ത്തിയാവും എന്നാണ് 2015ല്‍ കരാര്‍ ഒപ്പിടുമ്പോള്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി അവകാശപ്പെട്ടിരുന്നത്. അതുപ്രകാരം 2019 ഡിസംബര്‍ മൂന്നിനകം പദ്ധതി യഥാര്‍ത്ഥ്യമാക്കേണ്ടതായിരുന്നു. അദാനി പോര്‍ട്ട്‌സും സംസ്ഥാന സര്‍ക്കാരും ഒപ്പിട്ട കരാര്‍ പ്രകാരം 2019 ഡിസംബറില്‍ നിര്‍മ്മാണം തീര്‍ന്നില്ലെങ്കില്‍ മൂന്ന് മാസം കൂടി നഷ്ടപരിഹാരം നല്‍കാതെ അദാനി ഗ്രൂപ്പിന് കരാറുമായി മുന്നോട്ട് പോകാം. അതിനു ശേഷം പ്രതിദിനം 12 ലക്ഷം വച്ച് അദാനി ഗ്രൂപ്പ് പിഴയൊടുക്കണം എന്നാണ് കരാറിലെ വ്യവസ്ഥ.

കരാറുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളില്‍ ആദ്യം അനുരജ്ഞചര്‍ച്ച നടത്തണമെന്നും പ്രശ്‌നപരിഹാരമായില്ലെങ്കില്‍ ആര്‍ബ്യൂട്രേഷന്‍ ട്രൈബ്യൂണിലിനെ സമീപിക്കാം എന്നാണ് കരാറിലെ വ്യവസ്ഥ. ഇതനുസരിച്ച് 2023 ഡിസംബറോടെ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കാം എന്നാണ് ട്രൈബ്യൂണലിനെ അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പല കരാര്‍ വ്യവസ്ഥകളും സംസ്ഥാന സര്‍ക്കാര്‍ പാലിച്ചില്ലെന്ന് അദാനി ഗ്രൂപ്പ് ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്ക് റെയില്‍, റോഡ് കണക്ടിവിറ്റി ഉറപ്പാക്കുന്നത് വൈകുന്ന സ്ഥിതിയുണ്ടായി.

3100 മീറ്റര്‍ നീളത്തിലുള്ള പുലിമൂട്ടാണ് വിഴിഞ്ഞത് വേണ്ടത്. ഇതില്‍ 850 മീറ്റര്‍ മാത്രമാണ് ഇത്ര വര്‍ഷം കൊണ്ട് പൂര്‍ത്തിയായത്. 2023ഓടെ പുലിമൂട്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാവുമെന്നാണ് അദാനി ഗ്രൂപ്പിന്റെ കണക്കുകൂട്ടല്‍.

അതേ സമയം, അദാനി ഗ്രൂപ്പ് പലകാരണങ്ങള്‍ പലപ്പോഴായി പദ്ധതി നീട്ടികൊണ്ടു പോകുകയാണെന്ന് മന്ത്രി അഹ്മദ് ദേവര്‍ കോവില്‍. രണ്ട് വര്‍ഷത്തിനകം കരാര്‍ പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് 2019ല്‍ തന്നെ അന്ത്യശാസനം നല്‍കിയാണ്. നേരത്തെ സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ക്വാറികളില്‍ നിന്നും ആവശ്യമായ കല്ലുകള്‍ കിട്ടുന്നില്ലെന്ന പരാതി അവര്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് തമിഴ്‌നാട്ടില്‍ നിന്നും അവര്‍ക്ക് ആവശ്യമായ പാറ എത്തിച്ചു കൊടുത്തതാണ്. അവരുടെ എല്ലാ പരാതികളും അപ്പപ്പോള്‍ പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്തതാണെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it