Latest News

വിഴിഞ്ഞം സമരത്തില്‍ സമവായ നീക്കം; കര്‍ദിനാള്‍ ക്ലിമ്മിസ് ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

വിഴിഞ്ഞം സമരത്തില്‍ സമവായ നീക്കം; കര്‍ദിനാള്‍ ക്ലിമ്മിസ് ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഒത്തുതീര്‍പ്പാക്കാന്‍ സമവായത്തിനുള്ള സാധ്യതകള്‍ തെളിയുന്നു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമ്മിസ് കാതോലിക്കാബാവയുടെ മധ്യസ്ഥതയിലാണ് സമവായനീക്കങ്ങള്‍ നടക്കുന്നത്. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയുമായും കര്‍ദിനാള്‍ ക്ലിമ്മിസ് ബാവയുമായുമായും ചീഫ് സെക്രട്ടറി വി പി ജോയി കൂടിക്കാഴ്ച നടത്തിയിരുന്നു.

ശനിയാഴ്ച അഞ്ചുണിയോടെയാണ് മുഖ്യമന്ത്രിയും ക്ലിമ്മിസ് ബാവയും തമ്മില്‍ ചര്‍ച്ച നടത്തിയത്. സമരസമിതി ജനറല്‍ കണ്‍വീനര്‍ യൂജിന്‍ പെരേരെയും ചര്‍ച്ചയ്‌ക്കെത്തിയിരുന്നു. വിഴിഞ്ഞത്ത് സംഘര്‍ഷമൊഴിവാക്കാനും സമരം അവസാനിപ്പിക്കാനുമുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ മുന്നോട്ടുവച്ചെന്നാണ് സൂചന. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവാതെ സമാധാനാന്തരീക്ഷം സൃഷ്ടിക്കണമെന്ന ചിന്ത ഇരുപക്ഷത്തുമുണ്ട്. ഇതിനിടയിലാണ് കര്‍ദിനാള്‍ മധ്യസ്ഥനീക്കങ്ങള്‍ തുടങ്ങിവച്ചത്.

നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോള്‍ പ്രതിപക്ഷം ഈ വിഷയം സഭയില്‍ കത്തിക്കുമെന്നതും അനുരഞ്ജനത്തിലേക്ക് നീങ്ങാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചുവെന്നു കരുതണം. ഏതായാലും സമവായ നീക്കങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക് എത്തിക്കുമെന്നു തന്നെയാണു കരുതപ്പെടുന്നത്. അതിനിടെ, ഗാന്ധി സ്മാരക നിധിയുടെ നേതൃത്വത്തിലും മധ്യസ്ഥനീക്കങ്ങള്‍ നടക്കുന്നുണ്ട്. ഇനിയൊരു സംഘര്‍ഷം ഒഴിവാക്കണമെന്നാണ് പൊതുവിലുണ്ടായ ധാരണ.

തീരശോഷണം പഠിക്കാനുള്ള വിദഗ്ധസമിതിയിലേക്ക് സമരസമിതി നിര്‍ദേശിക്കുന്ന ഒരാളെ കൂടി അംഗമാക്കണമെന്ന ഒത്തുതീര്‍പ്പ് നിര്‍ദേശം പരിഗണനയിലാണ്. തീരത്തെ സംഘര്‍ഷത്തിലും പോലിസ് സ്‌റ്റേഷന്‍ ആക്രമണത്തിലും കേസെടുത്തെങ്കിലും അറസ്റ്റിലേക്ക് ഉടന്‍ പോലിസ് കടക്കാനിടയില്ല. അതേസമയം, തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന തര്‍ക്കവിഷയത്തില്‍ ധാരണയായിട്ടില്ല. അടുത്തഘട്ടത്തില്‍ മുഖ്യമന്ത്രി നേരിട്ട് സമരസമിതിയുമായി സംസാരിക്കുന്ന നിലയിലെക്കെത്തിക്കാനാണ് മധ്യസ്ഥരുടെ നീക്കം.

Next Story

RELATED STORIES

Share it