Latest News

അദാനി പോര്‍ട്ട് ഉപരോധം രണ്ടാം ദിവസത്തിലേയ്ക്ക്; മല്‍സ്യത്തൊഴിലാളികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ജില്ലാ കലക്ടര്‍

തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാതെ സമരം നിര്‍ത്തില്ലെന്ന നിലപാടിലാണ് സഭയും മത്സ്യത്തൊഴിലാളികളും

അദാനി പോര്‍ട്ട് ഉപരോധം രണ്ടാം ദിവസത്തിലേയ്ക്ക്; മല്‍സ്യത്തൊഴിലാളികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ജില്ലാ കലക്ടര്‍
X

തിരുവനന്തപുരം: വിഴിഞ്ഞം അദാനി പോര്‍ട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശാശ്വതമായി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പോര്‍ട്ട് ഉപരോധം രണ്ടാം ദിവസത്തിലേക്ക് കടന്നു. പൂവാര്‍, പുതിയതുറ ഇടവകകളാണ് ഇന്ന് മുല്ലൂരിലെ രാപ്പകല്‍ ഉപരോധ സമരത്തില്‍ പങ്കെടുക്കുന്നത്. ഈ മാസം അവസാനം വരെ സമരം തുടരാനാണ് തീരുമാനം. അടുത്ത തിങ്കളാഴ്ച കരമാര്‍ഗ്ഗവും കടല്‍മര്‍ഗ്ഗവും തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തുമെന്നാണ് സമരസമിതി അറിയിച്ചിരിക്കുന്നത്. തീരശോഷണവും പുനരധിവാസ പ്രശ്‌നങ്ങളും ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളുയര്‍ത്തിയാണ് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം നടക്കുന്നത്.

അതേസമയം, പുറത്തുനിന്നുള്ള ചിലര്‍ സമരത്തില്‍ നുഴഞ്ഞുകയറി പ്രശ്‌നത്തിന് ശ്രമിക്കുന്നുവെന്ന് ലത്തീന്‍ രൂപത ആരോപിച്ചു. മാധ്യമ പ്രവര്‍ത്തകന്റെ ഐഡി ഉപയോഗിച്ച് സമരവേദിയിലെത്തിയ ആളെ മത്സ്യത്തൊഴിലാളികള്‍ പിടികൂടിയിരുന്നു. ഇത്തരം നീക്കങ്ങളെ പോലിസ് കയ്യുംകെട്ടി നോക്കി നില്‍ക്കുകയാണെന്ന് വൈദികര്‍ ആരോപിച്ചു. എന്നാല്‍ സമരം അവസാനിപ്പിക്കാനായി തിരുവനന്തപുരം ജില്ലാ ഭരണകൂടവും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

ഇന്നലെ യുവജനങ്ങളെ അണിനിരത്തിയായിരുന്നു സമരം നടത്തിയത്. പുനരധിവാസവും മറ്റ് ആവശ്യങ്ങളും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമ്പോഴും വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ കാര്യത്തില്‍ കൃത്യമായ ഉത്തരമില്ല. തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാതെ സമരം നിര്‍ത്തില്ലെന്ന നിലപാടിലാണ് സഭയും മത്സ്യത്തൊഴിലാളികളും. ഇക്കാര്യത്തില്‍ ഉറപ്പ് ലഭിക്കുന്നതുവരെ സമരം ശക്തമാക്കാനാണ് തീരുമാനം.

Next Story

RELATED STORIES

Share it