Latest News

വോട്ടര്‍പട്ടിക ഡിസംബര്‍ എട്ട് വരെ പുതുക്കാം

വോട്ടര്‍പട്ടിക ഡിസംബര്‍ എട്ട് വരെ പുതുക്കാം
X

കോഴിക്കോട്: വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും പേര്, മേല്‍വിലാസം തുടങ്ങിയവയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഡിസംബര്‍ എട്ടുവരെ അവസരമുണ്ടാവുമെന്ന് വോട്ടര്‍ പട്ടിക നിരീക്ഷകന്‍ പി എം അലി അസ്ഗര്‍ പാഷ പറഞ്ഞു. വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടപടികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും അവലോകനം ചെയ്യുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ജില്ലയിലെത്തിയതായിരുന്നു അദ്ദേഹം. കരട് പട്ടികയില്‍ ആക്ഷേപമുണ്ടെങ്കില്‍ ഡിസംബര്‍ എട്ടുവരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാം.

ഒരു പോളിങ് സ്‌റ്റേഷന്‍/ നിയമസഭാ മണ്ഡലത്തില്‍ നിന്നും മറ്റൊരു പോളിങ് സ്‌റ്റേഷന്‍/ നിയമസഭാ മണ്ഡലത്തിലേക്ക് സ്ഥാനമാറ്റം നടത്തുന്നതിനും ഈ അവസരം ഉപയോഗപ്പെടുത്താം. ജനുവരി 5ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അലി അസ്ഗര്‍ പാഷ പറഞ്ഞു. ജനപ്രതിനിധികളുമായും തിരഞ്ഞെടുപ്പ് വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായും അദ്ദേഹം ചര്‍ച്ച നടത്തി. വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഇതുമായി ബന്ധപ്പെട്ടുള്ള കാംപയിനുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ആശങ്കകള്‍ പരിഹരിച്ച് കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഹയര്‍സെക്കന്‍ഡറി, കോളേജ് തലങ്ങളില്‍ ഇലക്ഷന്‍ ഐഡി കാര്‍ഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട് എന്റോള്‍മെന്റ് ക്യാമ്പയിനുകള്‍ സംഘടിപ്പിക്കാന്‍ അതാത് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും അലി അസ്ഗര്‍ പാഷ പറഞ്ഞു. വോട്ടര്‍പ്പട്ടിക പുതുക്കല്‍, ആധാര്‍ ലിങ്കിങ് തുടങ്ങിയവയ്ക്കായി ബി എല്‍ ഒ മാര്‍ ഗൃഹസന്ദര്‍ശനം നടത്തുന്നുണ്ട്. ആബ്‌സെന്റ്, ഷിഫ്റ്റ്, ഡെത്ത് ഇവ രേഖപെടുത്താനുള്ള ഗൂഗിള്‍ ഷീറ്റ് നല്‍കിയിട്ടുണ്ടെന്നും ബി എല്‍ ഒ മാര്‍ക്ക് ഇതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ ഹിമ പറഞ്ഞു.

വോട്ടര്‍ പട്ടിക പുതുക്കല്‍ സേവനം ലഭിക്കുന്നതിനായി ജനസേവ കേന്ദ്രങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്താം. കൂടാതെ 'വോട്ടേര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ' ഡൗണ്‍ലോഡ് ചെയ്തും www.nvsp.in എന്ന വെബ്‌സൈറ്റ് വഴിയും തിരുത്താവുന്നതാണ്. അതാത് ബൂത്തുകളില്‍ ബിഎല്‍ഒമാര്‍ക്കൊപ്പം രാഷ്ട്രീയ പാര്‍ട്ടികളും മീറ്റിങ് നടത്തിയാല്‍ ആ ബൂത്തുകളിലെ ഷിഫ്റ്റ് ,ഡെത്ത് എന്നിവയുടെ എണ്ണം പെട്ടെന്ന് കണ്ടുപിടിക്കാനാകുമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. ഇരട്ട വോട്ട് തടയാനും വോട്ടറുടെ വ്യക്തിത്വം ഉറപ്പാക്കാനുമാണ് തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതെന്നും ഇതുമായി ജനങ്ങള്‍ സഹകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലയില്‍ ഇതുവരെ 55 .9 ശതമാനം ആധാര്‍ ലിങ്കിങ് പൂര്‍ത്തിയായതായി ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. ജില്ലയിലെ 25,19,199 പേരില്‍ 14 ,08273 പേരും വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിച്ചവരാണ്. ആധാര്‍ ലിങ്കിങ് യജ്ഞം തുടരുകയാണെന്നും അവര്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫെറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കാനത്തില്‍ ജമീല എംഎല്‍എ, എഡിഎം സി മുഹമ്മദ് റഫീഖ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാരായ തഹല്‍സിദാര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it