Latest News

വഖഫ് ബോര്‍ഡില്‍ എപി സാല്‍മോന്റെ വിവാദ നിയമനം: നിയമനം അറിഞ്ഞിട്ടില്ല, പരിശോധിച്ച് പ്രതികരിക്കാമെന്നും മന്ത്രി അബ്ദുറഹ്മാന്‍

നേരത്തെ സമാനമായ തരത്തില്‍ താല്‍ക്കാലിക നിയമനം നടന്നിട്ടുണ്ടെന്നും മന്ത്രി

വഖഫ് ബോര്‍ഡില്‍ എപി സാല്‍മോന്റെ വിവാദ നിയമനം: നിയമനം അറിഞ്ഞിട്ടില്ല, പരിശോധിച്ച് പ്രതികരിക്കാമെന്നും മന്ത്രി അബ്ദുറഹ്മാന്‍
X

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് മുസ്‌ലിം ഇതര വിഭാഗത്തില്‍ നിന്നുള്ള നിയമനം അറിഞ്ഞിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. ഇക്കാര്യം പരിശോധിച്ചിട്ട് പ്രതികരിക്കാമെന്നും നേരത്തെയും സമാനമായ തരത്തില്‍ താല്‍ക്കാലിക നിയമനം നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വഖഫ് ബോര്‍ഡ് സിഇഒയുടെ സ്റ്റാഫിന്റെ താല്‍ക്കാലിക നിയമനമാണ് വിവാദമായത്.

നേരത്തെ നല്‍കിയ ഉറപ്പ് ലംഘിച്ച് വഖഫ് ബോര്‍ഡില്‍ ഇതര മതസ്ഥരെ നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്‌ലിം സംഘടനകള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. വഖഫ് ബോഡിന്റെ പുതിയ സിഇഒ വിഎസ് സക്കീര്‍ ഹുസൈന്റെ പേഴ്‌സണല്‍ സ്റ്റാഫിലേക്കാണ് സമുദായ സംഘടനകളെ ചൊടിപ്പിച്ച നിയമനം നടന്നത്.

തീരുമാനം അവകാശ ലംഘനമാണെന്നാണ് സമസ്തയുടെ പ്രതികരണം. എന്നാല്‍ സ്വീപ്പര്‍, സെക്യൂരിറ്റി തസ്തികകളിലേക്ക് മറ്റ് സമുദായ അംഗങ്ങളെ നേരത്തെ നിയമിച്ചിട്ടുണ്ടെന്നാണ് വഖഫ് ബോര്‍ഡ് സിഇഒയുടെ വിശദീകരണം. എപ്രില്‍ 25ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തൃശ്ശൂര്‍ ആലപ്പാട്ട് സ്വദേശി എപി സാല്‍മോനെ സിഇഒയുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് നിയമിക്കാന്‍ നടപടിക്ക് നിര്‍ദേശമുണ്ടായത്. ഔദ്യോഗിക പരിപാടികള്‍ പൂര്‍ത്തിയാക്കി സാല്‍മോന്‍ കഴിഞ്ഞ ദിവസം ജോലിയില്‍ പ്രവേശിച്ചു.

വഖഫ് ബോര്‍ഡ് മെമ്പര്‍മാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു ചെയര്‍മാന്‍ ടികെ ഹംസയുടെ തീരുമാനം. മുന്‍ സിഇഒയുടെ അറ്റന്‍ഡറായിരുന്ന സമുദായാംഗത്തെ പിരിച്ചു വിട്ടുകൊണ്ടുള്ള പുതിയ നിയമനം അവകാശ നിഷേധമാണെന്ന് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് 2016 ജനുവരിയിലാണ് മുസ്‌ലിം സമുദായ അംഗത്തെ മാത്രമേ നിയമിക്കാവൂ എന്ന് വഖഫ് ബോര്‍ഡ് റെഗുലേഷനില്‍ നിര്‍ദേശിച്ചത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 2020 എപ്രിലില്‍ നിയമനം പിഎസ്‌സിക്ക് വിട്ട് കൊണ്ടിറിക്കിയ വിജ്ഞാപനത്തില്‍ ഈ വ്യവസ്ഥ നീക്കുകയായിരുന്നു. ഇടത് സര്‍ക്കാറിന്റെ ആസൂത്രിത നീക്കത്തിന്റെ തുടര്‍ച്ചയാണ് പുതിയ നിയമനമെന്നാണ് എതിര്‍ക്കുന്നവരുടെ വിലയിരുത്തല്‍.

ബോര്‍ഡിന്റെ 62 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി സമുദായത്തിന് പുറത്ത് നിന്നുള്ളവരെ നിയമിച്ചതെന്നും മുസ്‌ലിം സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it