Latest News

ഖുര്‍ആന്‍ സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച വസിം റിസ്‌വി വീണ്ടും യുപി ഷിയ വഖഫ് ബോര്‍ഡ് അംഗമായി

ഖുര്‍ആന്‍ സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച വസിം റിസ്‌വി വീണ്ടും യുപി ഷിയ വഖഫ് ബോര്‍ഡ് അംഗമായി
X

ലഖ്‌നോ: ഖുര്‍ആനിലെ ഏതാനും സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച മുന്‍ യുപി ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ ചെയര്‍മാന്‍ വസിം റിസ്‌വി വീണ്ടും അതേ ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുത്വവല്ലി ക്വാട്ടയിലാണ്് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

21നെതിരേ 29 വോട്ടുകള്‍ക്കാണ് റിസ്‌വിക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിസ്‌വി ബോര്‍ഡ് ഓഫിസിലെത്തിയത് സംഘര്‍ഷങ്ങള്‍ക്കു കാരണമായി. പോലിസ് ഇടപെടലുണ്ടാവും വരെ മറ്റൊരു സ്ഥാനാര്‍ത്ഥിയുമായി പ്രശ്‌നമുണ്ടായെന്നാണ് ഹിന്ദി പത്രം അമര്‍ ഉജാല റിപോര്‍ട്ട് ചെയ്തത്.

10 മാസം മുമ്പാണ് വഖഫ് ബോര്‍ഡിന്റെ കാലാവധി കഴിഞ്ഞത്. തുടര്‍ന്ന് സര്‍ക്കാര്‍ ഒരു അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചു. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബഞ്ചിന്റെ ഇടപെടലിനെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ടോക്കടോറ ഇമാംബര മുത്വവല്ലിയും ബിജെപി നേതാവുമായ സയ്യിദ് ഫെയ്‌സിയാണ് റിസ്‌വിക്കു പുറമെ തിരഞ്ഞെടുക്കപ്പെട്ട മറ്റൊരാള്‍.

റിസ്‌വി നിലവില്‍ ആള്‍ ഇന്ത്യ ഷിയ യത്തീംഖാന പ്രസിഡന്റും ലഖ്‌നോവിലെ കര്‍ബല മല്‍ക ജഹാന്‍ മുത്വവല്ലിയുമാണ്.

ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്ന ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് റിസ്‌വി സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. മതഗ്രന്ഥത്തെ കോടതിയിലേക്ക് വലിച്ചിഴച്ചതിനും വിദ്വേഷപ്രചാരണത്തിന് ഉപയോഗിച്ചതിനുമെതിരേ കടുത്ത പ്രതിഷേധമാണ് രാജ്യത്തുണ്ടായത്. റിസ്‌വിക്കെതിരേ കുടുംബവും രംഗത്തുവന്നു. അനാവശ്യമായ കാര്യങ്ങളില്‍ കോടതിയുടെ സമയം ദുരുപയോഗം ചെയ്തതിന് കോടതി റിസ്‌വിക്ക് 50,000 രൂപ പിഴയിട്ടു.

Next Story

RELATED STORIES

Share it