Latest News

സിനിമ കാണലും ഒരു പ്രതിരോധ പ്രവര്‍ത്തനം: കമല്‍

നാടകമായാലും സിനിമയായാലും അവ സാംസ്‌കാരികമായ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും രൂപങ്ങളാണ്. ഫാസിസ്റ്റ് ഭീകരതയുടെ കാലത്ത് ഇത്തരം പ്രതിരോധത്തിന് വലിയ പ്രസക്തിയുണ്ട്.

സിനിമ കാണലും ഒരു പ്രതിരോധ പ്രവര്‍ത്തനം: കമല്‍
X

മാള: പുതിയ കാലത്ത് സിനിമ കാണുക എന്നതു തന്നെ ഒരു പ്രതിരോധ പ്രവര്‍ത്തനമാണെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. യുവ സംവിധായകന്‍ മോഹന്‍ രാഘവന്റെ സ്മരണക്കായി കുഴിക്കാട്ടുശ്ശേരി ഗ്രാമിക ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന മോഹനം 2020 അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാടകമായാലും സിനിമയായാലും അവ സാംസ്‌കാരികമായ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും രൂപങ്ങളാണ്. ഫാസിസ്റ്റ് ഭീകരതയുടെ കാലത്ത് ഇത്തരം പ്രതിരോധത്തിന് വലിയ പ്രസക്തിയുണ്ട്. ഫിലിം ഫെസ്റ്റിവലുകളിലെ പ്രേക്ഷകരില്‍നിന്നും ഇന്ന് പ്രതീക്ഷകളുയര്‍ത്തുന്ന പ്രതിഭകള്‍ ഉയര്‍ന്നു വരുന്നുണ്ട്. ആസ്വാദനത്തിന്റെ ഉയര്‍ന്ന മേഖലകളിലേക്ക് സാധാരണ പേക്ഷകരെ കൈപിടിച്ചുയര്‍ത്തുന്നതില്‍ ഫിലിം ഫെസ്റ്റിവലുകള്‍ക്ക് നല്ല പങ്കുണ്ടെന്നും കമല്‍ പറഞ്ഞു.

അഷ്ടമിച്ചിറ മഹാലക്ഷ്മി തിയേറ്ററില്‍ പ്രസിഡന്റ് തുമ്പൂര്‍ ലോഹിതാക്ഷന്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര മാധ്യമ പ്രവര്‍ത്തക ആശ ജോസഫ് മോഹന്‍ രാഘവന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ആന്റണി ഈസ്റ്റ്മാന്‍, ചലച്ചിത്ര അക്കാദമി മധ്യമേഖല പ്രതിനിധി കെ ജെ റിജോയ്, ഫാ. ജോണ്‍ കവലക്കാട്ട്, രമേഷ് കരിന്തലക്കൂട്ടം, പി ടി വിത്സന്‍, ഡോ. വടക്കേടത്ത് പത്മനാഭന്‍, പി കെ കിട്ടന്‍, വി ആര്‍ മനു പ്രസാദ് സംസാരിച്ചു. തുടര്‍ന്ന് വേണുനായര്‍ സംവിധാനം ചെയ്ത മലയാള ചിത്രം ജലസമാധി, ചൈനീസ് സിനിമ ഫീലിംഗ്‌സ് ടു ടെല്‍, ഏക് ജെ ചിലോ രാജ എന്ന ബംഗാളി സിനിമയും പ്രദര്‍ശിപ്പിച്ചു.

ഇന്നു രാവിലെ 10ന് അഷ്ടമിച്ചിറ മഹാലക്ഷ്മി തിയേറ്ററില്‍ പ്രിയനന്ദനന്‍ സംവിധാനം ചെയ്ത സൈലന്‍സര്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് സംവിധായകന്‍ പ്രേക്ഷകരുമായി സംവദിക്കും. 12.30 ന് ഇന്ദ്രാദീപ് ദാസ് ഗുപ്തയുടെ ബംഗാളി ചിത്രം കേദാര പ്രദര്‍ശിപ്പിക്കും.വൈകീട്ട് അഞ്ച് മണിക്ക് കുഴിക്കാട്ടുശ്ശേരി ഗ്രാമികയില്‍ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രൊഫ. കുസുമം ജോസഫ്, ഡോ. കെ മുത്തുലക്ഷ്മി എന്നിവര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് രണ്ട് വനിതകള്‍ സംവിധാനം ചെയ്ത എ ക്രോസ് ദി ഓഷന്‍ എന്ന മലയാള സിനിമ പ്രദര്‍ശിപ്പിക്കും. സംവിധായിക ഉമ കുമരപുരം തുടര്‍ന്ന് പ്രേക്ഷകരുമായി സംവദിക്കും. തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേള 11 വരെ തുടരും.

Next Story

RELATED STORIES

Share it