Latest News

ജല, സോളാര്‍ വൈദ്യുതി പദ്ധതികള്‍ വിപുലപ്പെടുത്തണം: മന്ത്രി കെ കൃഷ്ണന്‍ കുട്ടി

ജല, സോളാര്‍ വൈദ്യുതി പദ്ധതികള്‍ വിപുലപ്പെടുത്തണം: മന്ത്രി കെ കൃഷ്ണന്‍ കുട്ടി
X

തൃശ്ശൂര്‍: വൈദ്യുതോല്‍പ്പാദനത്തില്‍ കേരളം സ്വയംപര്യാപ്തത നേടണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. കെഎസ്ഇബിയുടെ മണ്ണുത്തി 110 കെവി സബ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാന്‍ ജല, സോളാര്‍ വൈദ്യുത പദ്ധതികള്‍ വിപുലപ്പെടുത്തണം. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിന്റെ 30 ശതമാനം മാത്രമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. ബാക്കിയുള്ള 70 ശതമാനം വൈദ്യുതിയും പുറത്തുനിന്നു വാങ്ങുകയാണ്. എല്ലാവരും ശ്രമിച്ചാല്‍ ഈ സ്ഥിതി മാറ്റിയെടുക്കാന്‍ സാധിക്കും. എട്ടു മാസത്തിനുള്ളില്‍ അടങ്കല്‍ തുകയിലും 1.50 കോടി കുറവില്‍ ഈ പദ്ധതി പൂര്‍ത്തീകരിച്ച വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.

50,000 ത്തോളം വരുന്ന ജനങ്ങള്‍ക്ക് വോള്‍ട്ടേജ് ക്ഷാമമില്ലാതെ വൈദ്യുതി എത്തിക്കുന്നതില്‍ നാഴികക്കല്ലാണ് മണ്ണുത്തി 110 കെ വി സബ് സ്‌റ്റേഷനെന്ന് അധ്യക്ഷത വഹിച്ച റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. കേരള വെറ്റിനറി യൂനിവേഴ്‌സിറ്റി, അഗ്രികള്‍ച്ചര്‍ യൂനിവേഴ്‌സിറ്റി, പുത്തൂര്‍ മൃഗശാല എന്നിവയ്ക്കും മണ്ണുത്തി സബ്‌സ്‌റ്റേഷനില്‍ നിന്നു വൈദ്യുതി ലഭ്യമാക്കും. മണ്ണുത്തി സെക്ഷന്‍ ഓഫിസ് അടുത്തു തന്നെ സബ് സ്‌റ്റേഷന്‍ കോംപൗണ്ടില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ പട്ടിക്കാട് സെക്ഷന് കീഴിലുള്ള വിദൂര സ്ഥലങ്ങളായ പാത്രക്കണ്ടം, ഒളകര എന്നിവിടങ്ങളിലേക്ക് വൈദ്യുതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കുതിരാന് അപ്പുറത്ത് ഒരു ഓഫിസ് അനുവദിക്കണമെന്ന റവന്യൂ മന്ത്രിയുടെ ആവശ്യം ചര്‍ച്ച ചെയ്ത് ഉടന്‍ പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി ഉറപ്പ് നല്‍കി. തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ്, ടി എന്‍ പ്രതാപന്‍ എംപി, കെഎസ്ഇബി ലിമിറ്റഡ് ഇന്‍ഡിപെന്റന്റ് ഡയറക്ടര്‍ അഡ്വ. മുരുകദാസ്, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ രേഷ്മ ഹെമേജ്, കേരളാ വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ പി സുധീര്‍ ബാബു, കെഎസ്ഇബി ഡയറക്ടര്‍ സിജി ജോസ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സേതുമാധവന്‍ പങ്കെടുത്തു. കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ ജെ സുനില്‍ ജോയ് റിപോര്‍ട്ട് അവതരിപ്പിച്ചു.

Water and solar power projects should be expanded: Minister K Krishnan Kutty


Next Story

RELATED STORIES

Share it