Latest News

വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ശ്രീജ നെയ്യാറ്റിന്‍കര പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു

വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ശ്രീജ നെയ്യാറ്റിന്‍കര പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു
X

തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടി നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ശ്രീജ നെയ്യാറ്റിന്‍കര പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന് നല്‍കിയ രാജിക്കത്ത് ശ്രീജ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നേരത്തെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലിനെ തുടര്‍ന്ന് ശ്രീജയ്‌ക്കെതിരേ പാര്‍ട്ടി പ്രവര്‍ത്തക സമിതി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് 18ാം തിയ്യതി ശ്രീജ രാജിക്കത്ത് നല്‍കിയത്.

ശ്രീജ സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ ചില ഇടപെടലിനെ പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതി ചോദ്യം ചെയ്തിരുന്നു. ഇതിനെക്കുറിച്ച് പാര്‍ട്ടി ജൂണ്‍ 10ന് വിശദീകരണം ആവശ്യപ്പെട്ടു. പക്ഷേ, വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ ജൂണ്‍ 10 മുതല്‍ മൂന്ന് മാസത്തേക്ക് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും എക്‌സിക്യൂട്ടിവില്‍ നിന്നും സസ്‌പെന്റ് ചെയ്തു. ഇതിനെ തുടര്‍ന്നാണ് ശ്രീജ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിന് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടി രാഷ്ട്രീയത്തോടുള്ള വിയോജിപ്പുകളാണ് തന്റെ രാജിയ്ക്ക് പിന്നിലെന്നാണ് ശ്രീജ പറയുന്നത്.

''വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രൂപീകരണ കാലം മുതല്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷത്തോളം ഞാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയോടൊപ്പം സഞ്ചരിച്ചത് നയപരമായ യോജിപ്പുകളുടേയും ജനാധിപത്യപരമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വിയോജിക്കാനുള്ള അവകാശങ്ങളുടേയും അടിസ്ഥാനത്തിലായിരുന്നു. എന്നാലിപ്പോള്‍ പാര്‍ട്ടിയുടെ രാഷ്ട്രീയത്തോടും പ്രവര്‍ത്തന രീതിയോടും യോജിപ്പുകളേക്കാള്‍ വിയോജിപ്പുകളുള്ള ഈ രാഷ്ട്രീയ സാഹചര്യത്തില്‍ വേര്‍പിരിയുകയാണ് ഉചിതമെന്ന് കരുതുന്നു. അതുകൊണ്ടു തന്നെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചേര്‍ന്നുള്ള ഒരു രാഷ്ട്രീയ സഞ്ചാരം സാധ്യമല്ല എന്ന ബോധ്യത്തില്‍ പാര്‍ട്ടിയോട് വിട പറയേണ്ടതുണ്ട് എന്ന രാഷ്ട്രീയ തീരുമാനത്തില്‍ ഞാന്‍ എത്തിചേര്‍ന്നിരിക്കുന്നു''- രാജിക്കത്തില്‍ ശ്രീജ എഴുതി.

രൂപീകരണകാലം മുതല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മുഖമായിരുന്ന ശ്രീജ പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രക്ഷോഭങ്ങളുടെ മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു.

English summary: welfare party leader sreeja neyyattinkara resigned from party


Next Story

RELATED STORIES

Share it