Latest News

കശ്മീരിലെ പുതിയ ലെഫ്.ഗവര്‍ണര്‍ ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മോദിയുടെ ഉപദേശകന്‍

ജമ്മു കശ്മീരിന് വരാനിരിക്കുന്നത് കഠിനമായ ദിനങ്ങള്‍?

കശ്മീരിലെ പുതിയ ലെഫ്.ഗവര്‍ണര്‍ ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മോദിയുടെ ഉപദേശകന്‍
X

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണറായി ഗിരീഷ് ചന്ദ്ര മുര്‍മു നിയമിതനായി. രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് കശ്മീരിന്റെ ചരിത്രത്തില്‍ നിര്‍ണായകമായ തീരുമാനമായിരിക്കുമെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ലഡാക്ക് ഡിവിഷനിലേക്കും പുതിയ ലെഫ്. ഗവര്‍ണറെ നിയമിച്ചിട്ടുണ്ട്, 1977 ഐഎഎസ് കാഡറിലെ രാധാകൃഷ്ണ മാതൂര്‍.

ആരാണ് മുര്‍മു?

കേന്ദ്ര വിരുദ്ധവികാരം കൊടുമ്പിരികൊണ്ടിരിക്കുന്ന ഈ സമയത്ത് കശ്മീരിന്റെ ഭരണം ഏല്‍പ്പിച്ചുകൊടുത്തിരിക്കുന്ന ഗിരീഷ് ചന്ദ്ര മുര്‍മു ആരാണ്? ഒറീസയില്‍ നിന്നുള്ള 1985 ബാച്ചിലെ ഗുജറാത്ത് കാഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് മുര്‍മു. മുഴുവന്‍ പേര് ഗിരീഷ് ചന്ദ്ര മുര്‍മു. പ്രധാനമന്ത്രി മോദിയുടെയും അമിത്ഷായുടെയും അടുപ്പക്കാരന്‍. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് മോദിയുടെ ഉപദേശകനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മോദി അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.

മോദി പ്രധാനമന്ത്രിയായശേഷം മുര്‍മു ധനകാര്യവകുപ്പില്‍ ജോ. സെക്രട്ടറിയായി നിയമിതനായി. ആ വകുപ്പിലെ ഏറ്റവും പ്രധാന തസ്തികയായ എക്‌സ്‌പെന്റിച്ചര്‍ ഡിപാര്‍ട്ട്‌മെന്റിന്റെ ചുമതലയും ഏല്‍പ്പിച്ചു.

നിയമപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അതീവതന്ത്രശാലിയെന്നാണ് ഉദ്യോഗസ്ഥവൃത്തങ്ങളില്‍ മുര്‍മു അറിയപ്പെടുന്നത്. മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഇസ്രത്ത് ജഹാനെ വ്യാജഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസില്‍നിന്ന് പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിന് മുര്‍മുവിനെ 2013 ല്‍ സിബിഐ ചോദ്യം ചെയ്തിരുന്നു. ഇസ്രത്ത് ജഹാനെയും മറ്റ് മൂന്നുപേരെയും മോദിയെ വധിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് വ്യാജഏറ്റുമുട്ടലിലൂടെ വധിച്ചെന്നായിരുന്നു കേസ്.

അതേവര്‍ഷം തന്നെ മുര്‍മുവും പ്രോസിക്യൂട്ടറായ കമല്‍ ത്രിവേദിയും കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേലും തമ്മില്‍ നടത്തിയ ഒരു സംഭാഷണം തെഹല്‍ക്ക പുറത്തുവിട്ടു. ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുന്നതായിരുന്നു ആ ഓഡിയോ ക്ലിപ്. അതിപ്പോള്‍ സിബിഐ കസ്റ്റഡിയിലുണ്ട്.

അമിത് ഷാ ഉള്‍പ്പെട്ട ഒരു സ്ത്രീയെ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് നിരന്തര നിരീക്ഷണത്തിനു വിധേയമാക്കിയ കേസിലും മുര്‍മു ഇടപെട്ടിരുന്നു.

വ്യാജഏറ്റുമുട്ടല്‍ പോലുള്ള നിയമപ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ തന്ത്രങ്ങള്‍ മെനയുന്നതിലുള്ള മുര്‍മുവിന്റെ കഴിവുകള്‍ ഇനി മുതല്‍ കശ്മീരിലാണ് ഉപയോഗപ്പെടുക. അത് കശ്മീരിനെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് കാത്തിരുന്നു കാണാം.

Next Story

RELATED STORIES

Share it