Latest News

സംസ്ഥാനത്ത് വ്യാപക അക്രമം; കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും

സംസ്ഥാനത്ത് വ്യാപക അക്രമം; കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും
X

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്ക് നേരേ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ സംസ്ഥാനത്ത് അരങ്ങേറിയത് സമാനകളില്ലാത്ത തെരുവുയുദ്ധം. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു. വിവിധ ജില്ലകളിലെ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെയും സിപിഎം, ഡിവൈഎഫ്‌ഐ ആക്രമണമുണ്ടായി. കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കുകയാണ്. വെള്ളയമ്പലത്തെ സിഐടിയുവിന്റെ ഓഫിസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആക്രമിച്ചു. സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയത് തലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്.

മൂന്നുദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ നേരിട്ട മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ മടങ്ങിയെത്തിയതിന് പിന്നാലെ തലസ്ഥാനം കടന്നുപോയത് സംഘര്‍ഷത്തിന്റെ വക്കിലൂടെയാണ്. സെക്രട്ടേറിയറ്റിന് മുന്നിലെ കോണ്‍ഗ്രസിന്റെ ഫഌക്‌സുകള്‍ എല്ലാം വലിച്ചുകീറി. കോണ്‍ഗ്രസ് നേതാക്കള്‍ തെരുവില്‍ നേരിടുമെന്ന ഡിവൈഎഫ് ജില്ലാ സെക്രട്ടറി ഷിജുഖാന്റെ പ്രകോപനപ്രസംഗത്തിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്ദിരാഭവനിലേക്ക് ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടത്. അക്രമം അരങ്ങേറുമ്പോള്‍ ഇന്ദിരാഭവനില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ഉണ്ടായിരുന്നു.

പുറത്തിറങ്ങിയ ആന്റണി മുഖ്യമന്ത്രിയില്‍ നിന്ന് മറുപടി തേടി. ഇന്ദിരാഭവനില്‍ നേരിട്ട് എത്തി ഇത്തരം അതിക്രമങ്ങള്‍ ശക്തമായി പ്രതിരോധിക്കുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തെരുവിലിറങ്ങി. വി കെ പ്രശാന്ത് എംഎല്‍എയുടെ ഓഫിസിലേക്ക് ഇരച്ചുകയറാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം ലാത്തി ഉപയോഗിച്ച് പോലിസ് തടഞ്ഞത് സംഘര്‍ഷത്തിന് വഴിവച്ചു. ലാത്തി അടിയില്‍ ഒരു പ്രവര്‍ത്തകന് പരുക്കേറ്റു. വെള്ളയമ്പലത്തെ സിഐടിയുവിന്റെ ചെറിയ ഓഫിസ് ആക്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ചെങ്കൊടികള്‍ കത്തിച്ചു.

ഫ്‌ളക്‌സുകള്‍ വലിച്ചുകീറി. ആക്രമണത്തിന് കോണ്‍ഗ്രസ് മുതിരില്ലെന്നും ജനാധിപത്യ രീതിയിലാണ് പ്രതിഷേധം നടത്തുന്നതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. നാടിനെ കലാപത്തിലേക്ക് തള്ളിവിടാനാണ് സിപിഎം ശ്രമം. ഇ പി ജയരാജനാണ് ഇതിന് തുടക്കമിട്ടതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കെ സുധാകരന്റെ വീടിനും കെപിസിസി ആസ്ഥാനത്തും സുരക്ഷ ഏര്‍പ്പെടുത്തി. കാംപസുകളില്‍ ഇന്ന് പ്രതിഷേധദിനം ആചരിക്കുമെന്ന് എസ്എഫ്‌ഐയും അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it