- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളം ശ്രീലങ്കയെപ്പോലെ ആകുമോ?
ഡോ. ടി എം തോമസ് ഐസക്
ശ്രീലങ്കയിലെ പ്രതിസന്ധി സില്‍വര്‍ലൈന്‍ കാലത്ത് കേരളത്തിന് മുന്നറിയിപ്പാണെന്ന വാദം കേരളത്തില്‍ ഉയര്‍ന്നിരുന്നു. അതിനോട് ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയാണ് മുന്‍ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്.
പോസ്റ്റിന്റെ പൂര്‍ണരൂപം
എന്താണ് ശ്രീലങ്കന്‍ പ്രതിസന്ധി?
അടിസ്ഥാനപരമായി അത് വിദേശനാണയ പ്രതിസന്ധിയാണ്. 1991ല്‍ ഇന്ത്യ നേരിട്ടതുപോലെ ഇറക്കുമതിക്കോ വാങ്ങിയ കടം തിരിച്ചടവിനോ ഉള്ള വിദേശനാണയ ശേഖരം ശ്രീലങ്കയുടെ കൈയില്‍ ഇല്ലാതായി. അന്നു നമ്മുടെ കൃഷിയും വ്യവസായവും ബാങ്കുകളുമൊന്നും പ്രതിസന്ധിയില്‍ ആയിരുന്നില്ല. അതുകൊണ്ട് സമൂലമായ തകര്‍ച്ചയെ നേരിട്ടില്ല. എന്നാല്‍ തെറ്റായ നയങ്ങള്‍മൂലം ശ്രീലങ്കയ്ക്ക് ഈ ആനുകൂല്യം ഇല്ല. തന്മൂലം അവരുടെ പ്രതിസന്ധി എല്ലാ സാമാന്യസീമകളെയും കവച്ചുവയ്ക്കുന്നു.
എങ്ങനെയാണു വിദേശനാണയ പ്രതിസന്ധി ഉണ്ടാവുക?
സര്‍ക്കാരുകള്‍ക്ക് അവരുടെ നാണയം അല്ലാതെ വിദേശനാണയം അച്ചടിക്കാനുള്ള അവകാശമില്ല. വിദേശനാണയം നേടണം. ചരക്കുകളോ സേവനങ്ങളോ കയറ്റുമതി ചെയ്യുമ്പോള്‍ രാജ്യത്തിനു വിദേശനാണയം കിട്ടും. ഇറക്കുമതി ചെയ്യുമ്പോള്‍ വിദേശനാണയം ചെലവാകും. 2012നും 2020നും ഇടയ്ക്ക് ശ്രീലങ്കയുടെ വിദേശവ്യാപാരം ഓരോ വര്‍ഷവും ശരാശരി 6 ബില്യണ്‍ ഡോളര്‍ കമ്മിയായിരുന്നു.
പലിശ, ലാഭവിഹിതം, റോയല്‍റ്റി തുടങ്ങിയവയ്ക്കായി ചെലവഴിക്കുന്ന പണം വിദേശനാണയ ലഭ്യതയെ കുറയ്ക്കും. ഈ പറഞ്ഞ ഇനത്തില്‍ ശ്രീലങ്കയ്ക്ക് 2012നും 2020നും ഇടയ്ക്ക് 2 ബില്യണ്‍ ഡോളര്‍ കമ്മിയായിരുന്നു. വിദേശത്തുള്ള ആളുകള്‍ അയക്കുന്ന പണം വിദേശനാണയ ലഭ്യത വര്‍ദ്ധിപ്പിക്കും. ഗള്‍ഫിലും മറ്റും പോയി ജോലി ചെയ്യുന്ന ശ്രീലങ്കക്കാര്‍ അയക്കുന്ന പണമെടുത്താല്‍ ശ്രീലങ്കയ്ക്ക് ഇതേകാലയളവില്‍ 6 ബില്യണ്‍ ഡോളര്‍ വരുമാനമായി ലഭിച്ചു.
വിദേശവ്യാപാരവും മുന്‍ ഖണ്ഡികയില്‍ പറഞ്ഞ കൈമാറ്റങ്ങളും (േൃമിളെലൃ)െ കൂടിച്ചേരുന്ന കണക്കിനെയാണ് കറണ്ട് അക്കൗണ്ട് എന്നുവിളിക്കുന്നത്. കറണ്ട് അക്കൗണ്ട് എന്നാല്‍ ഭാവിയില്‍ വിദേശനാണയ ആസ്തികളോ ബാധ്യതകളോ സൃഷ്ടിക്കാത്ത വിദേശവിനിമയ ഇടപാടുകളാണ്. ശ്രീലങ്കയ്ക്ക് 2012നും 2020നും ഇടയ്ക്ക് 2.2 ബില്യണ്‍ ഡോളര്‍ കറണ്ട് അക്കൗണ്ട് കമ്മിയായിരുന്നു.
ഇത്ര ഭീമമായ വിദേശനാണയകമ്മി തുടര്‍ച്ചയായി ഉണ്ടായിട്ടും 2013 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ശ്രീലങ്കയ്ക്ക് എല്ലാവര്‍ഷവും ആരംഭത്തില്‍ 7.2 ബില്യണ്‍ ഡോളര്‍ വിദേശനാണയ ശേഖരം ഉണ്ടായിരുന്നു. അതുകൊണ്ട് വ്യാപാരകമ്മിയൊന്നും പ്രശ്‌നമായിരുന്നില്ല. (അടവുശിഷ്ടകമ്മിയും വിദേശനാണയശേഖരവും സംബന്ധിച്ച് കൂടുതല്‍ പഠിക്കണമെന്നുള്ളവര്‍ എന്റെ 'ആഗോളപ്രതിസന്ധിയും ആഗോളവല്‍ക്കരണവും' എന്ന ഗ്രന്ഥത്തിന്റെ 'അമേരിക്കന്‍ പ്രതാപവും ഫ്‌ലോട്ടിംഗ് ഡോളറും' എന്ന 6ാം അധ്യായം വായിക്കുക)
എങ്ങനെയാണ് ഇത്ര വലിയ വിദേശനാണയശേഖരം ശ്രീലങ്ക ഉറപ്പാക്കിയത്?
ഇതിനു മുഖ്യമായും രണ്ടു മാര്‍ഗ്ഗങ്ങളാണുള്ളത്. ഒന്ന്, വിദേശത്തിനിന്നും ബോണ്ട് ഇറക്കിയോ, വിദേശധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു വായ്പയെടുക്കുകയോ ചെയ്യുക. രണ്ട്, വിദേശമൂലധന നിക്ഷേപത്തെ ആകര്‍ഷിക്കുക.
ശ്രീലങ്ക ഓരോ വര്‍ഷവും 3.1 ബില്യണ്‍ ഡോളറിന്റെ ബാധ്യതകള്‍ വിദേശനാണയം ഉറപ്പുവരുത്തുന്നതിനുവേണ്ടി ഏറ്റെടുത്തു. ഇതില്‍ ഏതാണ്ട് 2 ബില്യണ്‍ ഡോളര്‍ വിദേശനിക്ഷേപമാണ്. അതിന്റെ പകുതി വളരെ ചുരുങ്ങിയ കാലത്തേക്ക് ഓഹരി കമ്പോളത്തിലേക്കും മറ്റും കളിക്കാന്‍ വന്ന പോര്‍ട്ട്‌ഫോളിയ നിക്ഷേപവുമാണ്. 1.1 ബില്യണ്‍ ഡോളര്‍ പ്രതിവര്‍ഷം വായ്പകളുമെടുത്തു.
ഇപ്പോള്‍ സംഭവിച്ചത് 2020 വരെ നടന്ന തോതില്‍ വിദേശമൂലധനം ശ്രീലങ്കയിലേക്കു വരാതായി. എന്നുമാത്രമല്ല, വിദേശമൂലധനം പിന്‍വാങ്ങുകയാണ്. ഓഹരി കമ്പോളത്തിലെ പോര്‍ട്ട്‌ഫോളിയോ നിക്ഷേപം ഏതാണ്ട് പൂര്‍ണ്ണമായി പുറത്തേയ്‌ക്കൊഴുകി. വായ്പ കിട്ടാനും പറ്റാതായി. ഇതിന്റെ ഫലമായി വിദേശനാണയ ശേഖരം ഏതാനും മാസങ്ങള്‍കൊണ്ട് അപ്രത്യക്ഷമായി. ശ്രീലങ്ക നിലയില്ലാ കയത്തിലുമായി.
എന്തുകൊണ്ട് വിദേശമൂലധനം പിന്‍വാങ്ങി?
പല കാരണങ്ങളുണ്ട്. ഒന്നാമത്തേത്, വാറ്റ് നികുതി നിരക്ക് 15 ശതമാനത്തില്‍ നിന്ന് 8 ശതമാനമായി കുറച്ചതാണ്. തന്മൂലം കൊവിഡുകൂടി വന്നപ്പോള്‍ ധനക്കമ്മി 15 ശതമാനത്തിലേറെയായി. രണ്ടാമത്തേത്, ധനക്കമ്മി വര്‍ദ്ധിച്ചതും ജൈവകൃഷി നയത്തിന്റെ ഫലമായി കാര്‍ഷികോല്‍പ്പാദനം ഇടിഞ്ഞതും ആഗോള എണ്ണവില കൂടിയതുംമൂലം വിലക്കയറ്റം കുത്തനെ ഉയര്‍ന്നു. 2022 മാര്‍ച്ച് 1ാം തീയതി ഉപഭോക്തൃ വില സൂചിക 15 ശതമാനം കടന്നു. ഈ രണ്ട് പ്രവണതകളും വിദേശമൂലധനത്തിനു ചതുര്‍ത്ഥിയാണ്. അവര്‍ കൂട്ടത്തോടെ പിന്‍വാങ്ങി. ശ്രീലങ്ക പ്രതിസന്ധിയിലുമായി.
കേരളവും ശ്രീലങ്കയെപ്പോലെ പ്രതിസന്ധിയിലാകുമോ?
എന്നാല്‍ ഇതുവച്ച് കേരളത്തിലെ വായ്പാനയത്തിന്റെ മേല്‍ കുതിര കയറുന്നതിന് അര്‍ത്ഥമില്ല. കാരണം ഇന്ത്യയെന്ന പരമാധികാര രാജ്യത്തിലെ ഒരു സംസ്ഥാനം മാത്രമാണ് കേരളം. ഒരു സംസ്ഥാനത്തിനു മാത്രമായി വിദേശനാണയ പ്രതിസന്ധി ഉണ്ടാവില്ല.
വിദേശനാണയ സംബന്ധിയായ എല്ലാ കാര്യങ്ങളും കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധിയിലാണ്. കേരള സര്‍ക്കാരോ, സര്‍ക്കാരിനു പങ്കുള്ള ഏതെങ്കിലും സ്ഥാപനമോ വിദേശത്തുനിന്നും ധനസഹായമോ വായ്പയോ എടുക്കുന്നുണ്ടെങ്കില്‍ അതു കേന്ദ്രസര്‍ക്കാര്‍ അല്ലെങ്കില്‍ റിസര്‍വ്വ് ബാങ്കിന്റെ തീരുമാനത്തിനു വിധേയമായിട്ടാണ്. നമ്മള്‍ സ്വമേധയാ വിദേശവായ്പ വേണ്ടെന്നുവച്ചതുകൊണ്ട് രാജ്യത്തിനു മൊത്തത്തില്‍ വിദേശബാധ്യത കുറയാന്‍ പോകുന്നില്ല. നമ്മള്‍ എടുക്കാത്ത വായ്പ മറ്റൊരു സംസ്ഥാനത്തിനു കൊടുക്കും.
ഇന്ത്യയില്‍ ശ്രീലങ്ക ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടോ?
ശ്രീലങ്കയില്‍ നടന്നത് ഇന്ത്യാ രാജ്യത്തും നടക്കാം. ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് സ്ഥിരമായി കമ്മിയിലാണ്. ഇന്ത്യയുടെ വിദേശനാണയ ശേഖരം ശ്രീലങ്കയുടെ 100 മടങ്ങുവരും. 600 ബില്യണ്‍ ഡോളറിലേറെ. പക്ഷെ ഈ ശേഖരത്തിന്റെ അടിസ്ഥാനം ഇന്ത്യയിലേക്കുള്ള വിദേശമൂലധനത്തിന്റെ കുത്തൊഴുക്കാണ്. ഇത് വലിയ നേട്ടമായി നിയോലിബറല്‍ വക്താക്കള്‍ ഉയര്‍ത്തിപ്പിടിക്കാറുമുണ്ട്.
ശ്രീലങ്കയിലെപ്പോലെ ഏതെങ്കിലും കാരണവശാല്‍ നമ്മളോട് അപ്രീതിതോന്നി വിദേശമൂലധനം പിന്‍വലിയാന്‍ തീരുമാനിച്ചാല്‍ കാറ്റുപോയ ബലൂണ്‍ പോലെ വിദേശനാണയശേഖരം അപ്രത്യക്ഷമാകാന്‍ അധികനാള്‍ വേണ്ടിവരില്ല. പ്രത്യേകിച്ച് ശ്രീലങ്കയെയും മറ്റും അപേക്ഷിച്ച് നമ്മുടെ വിദേശമൂലധന നിക്ഷേപത്തിന്റെ സിംഹപങ്കും പോര്‍ട്ട്‌ഫോളിയ നിക്ഷേപമാകുമ്പോള്‍.
അതുകൊണ്ട് ഇന്ത്യാ സര്‍ക്കാരിന്റെ നയപരിപാടികളുടെ ഏറ്റവും വലിയ ലക്ഷ്യം വിദേശമൂലധനത്തെ പ്രീതിപ്പെടുത്തുക എന്നതായിത്തീര്‍ന്നിരിക്കുന്നു. കോവിഡുകാലത്തും ചെലവ് ചുരുക്കാനാണു പരിശ്രമിച്ചത്. ഈ ദുരന്തകാലത്തും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും എതിരായ നയങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കി. ഇന്നിപ്പോള്‍ ബാങ്കുകളും എല്‍ഐസിയും സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടി സ്വീകരിക്കുകയാണ്. ഇതിനേക്കാള്‍ വിദേശ മൂലധനത്തെ പ്രീതിപ്പെടുത്താന്‍ ഫലപ്രദമായ മാര്‍ഗ്ഗം വേറെയൊന്നില്ല. ഇന്ത്യയും നിയോലിബറലിസത്തിന്റെ പുലിപ്പുറത്താണ്.
RELATED STORIES
വയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര് അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര് വാവര് പള്ളിയില് പോകരുത്: ബിജെപി എംഎല്എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന് എന് പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്ഡര്-ഗവാസ്കര് ട്രോഫി; ഓസിസിന്റെ അതേ നാണയത്തില് തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില് കാലുകുത്തിയാല് ബെഞ്ചമിന് നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMT