Latest News

ഭരണഘടനാവിരുദ്ധമായ വിധികള്‍ അംഗീകരിക്കില്ല:അല്‍ ഹാദി അസോസിയേഷന്‍

ഖുര്‍ആനും പ്രവാചക അധ്യാപനങ്ങളുമാണ് ശരീഅത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ . അതനുസരിച്ച് നിര്‍ബന്ധ ബാധ്യതയായ ഹിജാബ് നിര്‍ബന്ധമല്ലെന്ന് പറയാന്‍ കോടതി ആശ്രയിച്ചത് സര്‍ക്കാര്‍ വക്കീല്‍ എഴുതി നല്‍കിയ വാറോലയാണ്

ഭരണഘടനാവിരുദ്ധമായ വിധികള്‍ അംഗീകരിക്കില്ല:അല്‍ ഹാദി അസോസിയേഷന്‍
X

തിരുവനന്തപുരം:ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ടുള്ള കര്‍ണാടക ഹൈക്കോടതി വിധി ഭരണഘടനാ വിരുദ്ധവും സംഘപരിവാര്‍ താല്‍പര്യങ്ങള്‍ കടന്നുകൂടി മലിനമാക്കപ്പെട്ടതുമാണെന്ന് അല്‍ ഹാദി അസോസിയേഷന്‍.ഭരണഘടനാ വിരുദ്ധമായ ഈ വിധി അംഗീകരിക്കേണ്ട ബാധ്യതയില്ലെന്നും അല്‍ ഹാദി അസോസിയേഷന്‍ പ്രസ്താവിച്ചു.

ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും മതപരമായ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനുമുള്ള മൗലികാവകാശമാണ് കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചത്. അത് ശരിയാണോ എന്ന് പരിശോധിക്കുമ്പോള്‍ ഭരണഘടനാ തത്വങ്ങള്‍ പരിഗണിക്കുന്നതിന് പകരം ഇസ്‌ലാമില്‍ ഹിജാബ് നിര്‍ബന്ധമാണോ എന്നാണ് കോടതി പരിശോധിച്ചത്.ഖുര്‍ആനും പ്രവാചക അധ്യാപനങ്ങളുമാണ് ശരീഅത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ . അതനുസരിച്ച് നിര്‍ബന്ധ ബാധ്യതയായ ഹിജാബ് നിര്‍ബന്ധമല്ലെന്ന് പറയാന്‍ കോടതി ആശ്രയിച്ചത് സര്‍ക്കാര്‍ വക്കീല്‍ എഴുതി നല്‍കിയ വാറോലയാണ്. അതിനാല്‍ തന്നെ ഭരണഘടനാ വിരുദ്ധമായ ഈ വിധി അംഗീകരിക്കാന്‍ നമുക്ക് ബാധ്യതയില്ലെന്നും അല്‍ ഹാദി അസോസിയേഷന്‍ ആഹ്വാനം ചെയ്തു.

ബാബ്‌രി മസ്ജിദ് കേസിലേതുപോലെ നിരുത്തരവാദപരമായ നിലപാടുകള്‍ കോടതികളും തുടരുക യാണെങ്കില്‍ അത് നീതിന്യായ സംവിധാനങ്ങളുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് നയിക്കുക .കോടതികളുടെ പ്രസക്തി പോലും ഇല്ലാതാക്കിക്കളയുന്ന ഇത്തരം ഭരണഘടനാവിരുദ്ധമായ വിധികള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങളോരോന്നും ഭരണകൂടങ്ങളും നീതിന്യായ സംവിധാനങ്ങളും ചേര്‍ന്നു കവര്‍ന്നെടുക്കുമ്പോള്‍ പുതിയൊരു സമരമുഖം കൂടി തുറക്കാന്‍ ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തകരും ന്യൂനപക്ഷങ്ങളും നിര്‍ബന്ധിതമാവുകയാണെന്നും അല്‍ ഹാദി അസോസിയേഷന്‍ വ്യക്തമാക്കി.

സുപ്രിംകോടതിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വിശ്വാസമുണ്ട്.ആസുരമായ വര്‍ത്തമാനകാലത്ത് അനൈക്യപ്പെടാതെ ഒന്നിച്ച് നിന്ന് പോരാടാന്‍ എല്ലാ സമുദായ അംഗങ്ങളും ജനാധിപത്യവിശ്വാസികളും തയ്യാറാകണമെന്നും അല്‍ ഹാദി അസോസിയേഷന്‍ ആഹ്വാനം ചെയ്തു.

Next Story

RELATED STORIES

Share it