Latest News

സ്ത്രീധന നിയമ ഭേദഗതിക്ക് ശുപാര്‍ശ; ആര്‍ഭാടവിവാഹങ്ങള്‍ക്കും സ്ത്രീധനത്തിനും എതിരേ പ്രചരണവുമായി വനിതാ കമ്മിഷന്‍

വകുപ്പ് 8ബി പ്രകാരം സ്ത്രീധന നിരോധന ഓഫിസര്‍മാര്‍, ഉപദേശക സമിതി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ ശിപാര്‍ശ

സ്ത്രീധന നിയമ ഭേദഗതിക്ക് ശുപാര്‍ശ; ആര്‍ഭാടവിവാഹങ്ങള്‍ക്കും  സ്ത്രീധനത്തിനും എതിരേ പ്രചരണവുമായി വനിതാ കമ്മിഷന്‍
X

തിരുവനന്തപുരം: നിയമവിരുദ്ധമായ സ്ത്രീധനത്തിന്റെ പേരില്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് നേരെ കുടുംബങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ പ്രചാരണവുമായി കേരള വനിതാ കമ്മിഷന്‍. ഇതിന് മുന്നോടിയായി നിലവിലുള്ള സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച കമ്മിഷന്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. 1961ലെ സ്ത്രീധന നിരോധന ആക്റ്റ് വകുപ്പ് 2 വിശദീകരണം ഒന്നില്‍ വിവാഹ സമയത്ത് വിവാഹത്തിലെ ഇരു കക്ഷികളില്‍ ഒരാള്‍ക്ക് പണത്തിന്റെയോ, ആഭരണങ്ങളുടെയോ വസ്ത്രങ്ങളുടെയോ രൂപത്തില്‍ നല്‍കുന്ന സമ്മാനം ഈ വകുപ്പിന്റെ അര്‍ഥത്തില്‍ സ്ത്രീധനമായി കരുതപ്പെടുതല്ലെന്ന് പറയുന്നു. സമ്മാനം നല്‍കുന്നു എന്ന വ്യാജേന കേരളത്തിലെ വിവാഹങ്ങളില്‍ പരോക്ഷമായ സ്ത്രീധനക്കൈമാറ്റമാണ് നടക്കുന്നത്. അപ്രകാരം ഒരു വിവാഹം നടന്നാല്‍ സ്ത്രീധന നിരോധന ആക്റ്റ് പ്രകാരമുള്ള കുറ്റം ചുമത്തി കേസ് ചാര്‍ജ് ചെയ്യുന്നുമില്ല. എന്നാല്‍, വിവാഹിതയായ സ്ത്രീയ്ക്ക് ജീവഹാനി സംഭവിച്ചതിനു ശേഷം മാത്രമാണ് ഈ വകുപ്പ് തന്നെ ചുമത്തുന്നുവെന്നതാണ് സാഹചര്യം ഇത്രയും ദുരന്തപൂര്‍ണമാക്കുതും കൂടുതല്‍ പേരെ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പ്രേരിപ്പിക്കുന്നതുമെന്ന് കമ്മിഷന്‍ വിലയിരുത്തുന്നു.

1985ലെ സ്ത്രീധന നിരോധനം (വധുവിനും വരനും ലഭിക്കുന്ന സമ്മാനങ്ങള്‍ അടങ്ങിയ പട്ടിക പരിപാലിക്കുന്ന) ചട്ടങ്ങള്‍, ചട്ടം 5 ആയി 'വിവാഹത്തിന് സമ്മാനം കിട്ടിയവയുടെ ലിസ്റ്റ് തയാറാക്കി വരന്റെയും വധുവിന്റെയും, കൂടാതെ അവര്‍ രണ്ടു പേരുടെയും മാതാപിതാക്കളുടെ/രക്ഷാകര്‍ത്താക്കളുടെ കൈയ്യൊപ്പോടെ ഒരു നോട്ടറിയുടെ മുമ്പാകെ സാക്ഷ്യപ്പെടുത്തി വിവാഹം രജിസ്റ്റര്‍ ചെയ്യുതിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കണം. ഇതു സംബന്ധിച്ച സത്യവാങ്മൂലം വധുവിന്റെ മാതാപിതാക്കള്‍/രക്ഷാകര്‍ത്താക്കള്‍ ബന്ധപ്പെട്ട സ്ത്രീധന നിരോധന ഓഫിസര്‍ക്ക് കൈമാറാവുതാണ്' എന്ന് ചേര്‍ക്കണമെന്ന് കമ്മിഷന്‍ നിയമഭേദഗതി സര്‍ക്കാരിന് ശിപാര്‍ശ ചെയ്തു.

വകുപ്പ് 4എ പ്രകാരം സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്നതരം പരസ്യങ്ങള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹവുമായി ബന്ധപ്പെട്ട്് സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണക്കടകള്‍ എന്നിവയുടെ പരസ്യങ്ങള്‍ പത്രദൃശ്യ മാധ്യമങ്ങളില്‍ വ്യാപകമാണ്. നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള നടപടികള്‍ കൃത്യമായി സ്വീകരിക്കുന്നുമില്ല.

വകുപ്പ് 8 ബി പ്രകാരം സ്ത്രീധന നിരോധന ഓഫിസര്‍മാര്‍, ഉപദേശക സമിതി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ ശിപാര്‍ശ ചെയ്തു.

സാമൂഹ്യമാധ്യമങ്ങള്‍, പത്രങ്ങള്‍, എഫ്എം റേഡിയോ, ഫേസ്ബുക്ക് പേജ് എന്നിവയിലൂടെയുള്ള സമഗ്രമായ ദൃശ്യശ്രാവ്യ പ്രചാരണമാണ് ലക്ഷ്യമിടുന്നത്. പൊതുജനങ്ങള്‍ക്ക് സ്ത്രീധനം, ആര്‍ഭാട വിവാഹം എന്നീ തിന്മകള്‍ക്കെതിരേ വനിതാ കമ്മിഷനോട് അണിചേരാന്‍ കമ്മിഷന്റെ ഫേസ്ബുക്ക് പേജില്‍ നിന്നുള്ള പോസ്റ്ററുകള്‍ അവരവരുടെ അക്കൗണ്ട് പോസ്റ്റ് ചെയ്ത് എന്‍ഡ് ഡൗറി, കേരള വിമെന്‍സ് കമ്മിഷന്‍ എന്നിങ്ങനെ ഹാഷ്ടാഗ് ചെയ്യാവുന്നതാണ്.

കമ്മിഷന്റെ കലാലയജ്യോതി പരിപാടിയിലൂടെ പ്രധാനമായും സ്ത്രീധന നിരോധന നിയമം, വിവാഹ നിയമങ്ങള്‍, ഗാര്‍ഹിക പീഡനത്തില്‍ നിന്നും സംരക്ഷണ നിയമം എന്നിവയലധിഷ്ഠിതമായ ബോധവത്കരണ പരിപാടികളാണ് നടന്നുവരുന്നത്. ഇതിനു പുറമേ വിവാഹ പൂര്‍വ കൗണ്‍സലിങ്ങും കമ്മിഷന്‍ സ്ത്രീകള്‍ക്കായി സംഘടിപ്പിച്ചുവരുന്നുണ്ട്. കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി ആയിരത്തോളം കലാലയ ജ്യോതി പരിപാടികളും നൂറോളം വിവാഹ പൂര്‍വ കൗണ്‍സലിങ്ങും കമ്മിഷന്‍ സംഘടിപ്പിച്ചു. ഇതിലൂടെ പതിനായിരത്തിലേറെ സ്ത്രീകള്‍ക്ക് തങ്ങളുടെ സുരക്ഷയ്ക്കായുള്ള വിവിധ നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കാന്‍ കഴിഞ്ഞു.

Next Story

RELATED STORIES

Share it