Latest News

18 വര്‍ഷം മുന്‍പ് പങ്കെടുത്ത പരിപാടിയെക്കുറിച്ച് ഓര്‍മ്മയില്ല; സജി ചെറിയാനും ഗോള്‍വാള്‍ക്കറും പറഞ്ഞത് ഒരേ ആശയമെന്നും വിഡി സതീശന്‍

വിഎസ് ആണ് പുസ്തകം പ്രകാശനം ചെയ്തത്. ദിവസങ്ങള്‍ക്ക് ശേഷമാണ് ആ വേദിയിലെത്തിയത്. പരമേശ്വര്‍ജിയെ ഋഷിതുല്യനെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്

18 വര്‍ഷം മുന്‍പ് പങ്കെടുത്ത പരിപാടിയെക്കുറിച്ച് ഓര്‍മ്മയില്ല; സജി ചെറിയാനും ഗോള്‍വാള്‍ക്കറും പറഞ്ഞത് ഒരേ ആശയമെന്നും വിഡി സതീശന്‍
X

തിരുവനന്തപുരം: മുന്‍ മന്ത്രി സജി ചെറിയാനും ഗോള്‍വാള്‍ക്കറും പറഞ്ഞത് ഒരേ ആശയം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു സിപിഎം നേതാവും സജി ചെറിയാനെ തള്ളി പറഞ്ഞിട്ടില്ല. മറിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ പുകഴ്ത്തുകയാണ് ചെയ്തത്. സജി ചെറിയാന്‍ മാപ്പ് പറയാതെ അത് മാധ്യമങ്ങളുടെ തലയില്‍ വെച്ചുവെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് റഞ്ഞു.

' താന്‍ ആര്‍എസ്എസിന്റെ വേദിയില്‍ എത്തിയെന്നാരോപിച്ച് ബിജെപി നേതാക്കള്‍ പുറത്ത് വിട്ട ഫോട്ടോയ്ക്ക് ഏറ്റവും കൂടുതല്‍ പ്രചാരം നല്‍കിയത് ഇവിടുത്തെ സിപിഎം ആണ്. സിപിഎമ്മിന്റെ സോഷ്യല്‍മീഡിയയിലും അവരുടെ മാധ്യമങ്ങളിലുമാണ് പ്രചരിപ്പിച്ചത്. ബിജെപി നേതാക്കള്‍ എന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ വേണ്ടെന്നാണ് പികെ കൃഷ്ണദാസ് പറഞ്ഞത്. അതും സജി ചെറിയാന്‍ പറഞ്ഞതും തമ്മില്‍ വ്യത്യാസമൊന്നുമില്ല. പിന്നാലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഭരണഘടനയെ ഭാരതീയവല്‍ക്കരിക്കണം എന്ന് പറഞ്ഞുവെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. എന്നാല്‍ എന്‍ വി രമണയുടെ പ്രസംഗം ഞാന്‍ വായിച്ചതാണ്. അദ്ദേഹം ഒരിടത്തും ഇന്ത്യന്‍ ഭരണഘടന ഭാരതീയവല്‍കരിക്കണമെന്ന് പറഞ്ഞിട്ടില്ല. ഇന്ത്യയുടെ നിയമ വ്യവസ്ഥ അതാത് ഭാഷകളില്‍ ഭാരതീയവല്‍കരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ആര്‍എസ്എസിനേയും സംഘ്പരിവാറിനേയും എതിര്‍ത്താല്‍ ഹിന്ദുക്കളെ ആക്രമിക്കല്‍ ആകുന്നതെങ്ങനെ. ഹിന്ദുക്കളുടെ മുഴുവന്‍ അട്ടിപ്പേറും ആര്‍എസ്എസ് എടുത്തിട്ടുണ്ടോ?. ഒരു വര്‍ഗീയവാദിയും എന്നെ വിരട്ടാന്‍ വരേണ്ട. മുട്ടുമടക്കില്ല. കേസുകൊടുക്കാനാണെങ്കില്‍ അങ്ങനെ. ഞാന്‍ നിയമപരമായി നേരിട്ടോളാം, സജി ചെറിയാനും ഗോള്‍വാള്‍ക്കാറും പറഞ്ഞത് ഒരേ കാര്യമാണെന്നും വിഡി സതീശന്‍ ആവര്‍ത്തിച്ചു.

പറവൂരില്‍ വി ഡി സതീശന്‍ ആര്‍എസ്എസിന്റെ വോട്ട് തേടിയെന്ന ആര്‍വി ബാബുവിന്റെ ആരോപണത്തിലും അദ്ദേഹം വിശദീകരണം നല്‍കി. തനിക്കെതിരെ ആരോപണമുന്നയിച്ച ബിജെപി നേതാവ് ആര്‍വി ബാബു ആ സമയത്ത് പറവൂരിലുണ്ടായിരുന്നോയെന്ന് നിങ്ങള്‍ അന്വേഷിച്ചു നോക്കൂ. എന്ത് പശ്ചാത്തലത്തിലാണ് അവര്‍ പറവൂരില്‍ വന്നതെന്ന് അന്വേഷിക്കണം. ഒരു വര്‍ഗീയവാദിയോടും ഇതുവരെ ഞാന്‍ വോട്ട് ചോദിച്ചിട്ടില്ല. എന്റെ വീട്ടിലേക്ക് ഏറ്റവും കൂടുതല്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിട്ടുള്ളത് സംഘ്പരിവാറാണ്. സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡ് വഴി ക്ഷേത്രസമ്പത്ത് കൊള്ളയടിക്കുകയാണെന്ന് സംഘ്പരിവാര്‍ വാദം പൊളിച്ചത് ഞാനാണ്. അന്നും എനിക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

2016 ല്‍ എന്നെ തോല്‍പിക്കാന്‍ ഹിന്ദുമഹാസംഗമം നടത്തി. കുമ്മനം രാജശേഖരനും കെ പി ശശികലയും പങ്കെടുത്തു. വി ഡി സതീശനെ രാഷ്ട്രീയ വനവാസത്തിന് അയക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചപ്പോള്‍ എന്റെ ഭൂരിപക്ഷം 20,000 ആയി വര്‍ധിക്കുകയാണ് ചെയ്തതെന്നും വി ഡി സതീശന്‍ പറഞ്ഞു. 'പ്രചരിക്കുന്ന ചിത്രം സെമിനാറിന്റേതാണ്. 18 മുന്‍പ് വര്‍ഷം പങ്കെടുത്ത പരിപാടിയേക്കുറിച്ച് എനിക്ക് ഓര്‍മ്മയില്ല. അന്നൊക്കെ സെമിനാറുകള്‍ ഉണ്ടായിരുന്നു. എല്ലാ പാര്‍ട്ടിക്കാരും ഉണ്ടാവാറുണ്ട്.

വിചാരധാര ഞാന്‍ കോളജില്‍ പഠിക്കുന്ന കാലത്ത് വായിച്ചതാണ്. വര്‍ഗീയതയെ എതിര്‍ക്കാനായി സ്ഥിരം അത് ഉദ്ധരിക്കാറുണ്ട്. മുതിര്‍ന്നപ്പോഴും വായിച്ചു. അതിനെ നേരിടാന്‍ വേണ്ടിയാണ്. ഇനിയും എതിര്‍ക്കും. ഒരു കോംപ്രമൈസും ഇല്ല. സിപിഎം എന്തിനാണിത് ആഘോഷിക്കുന്നത്. രണ്ട് പേരും ഒരേ തോണിയിലാണ് യാത്ര. വര്‍ഗീയതയെ എതിര്‍ക്കല്‍ ഞങ്ങളുടെ രാഷ്ട്രീയ നിലപാടാണ്. ലോകത്തില്‍ ഏറ്റവും വലിയ പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടി കോണ്‍ഗ്രസാണ്. വിഎസ് ആണ് പുസ്തകം പ്രകാശനം ചെയ്തത്. ദിവസങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ആ വേദിയിലെത്തിയത്. പരമേശ്വര്‍ജിയെ ഋഷിതുല്യനെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.' വി ഡി സതീശന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it