Latest News

പോലീസ് കസ്റ്റഡിയില്‍ യുവാവിന്റെ മരണം: കാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്

ഷെഫീക്കിന്റെ തലയുടെ മുന്‍ഭാഗത്ത് ഇടതു കണ്ണിന് മുകളില്‍ പരുക്കുണ്ട്

പോലീസ് കസ്റ്റഡിയില്‍ യുവാവിന്റെ മരണം: കാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്
X
എറണാകുളം: ഉദയംപേരൂരില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് മരിച്ചത് തലയ്ക്ക് ക്ഷതമേറ്റതു കാരണമെന്ന് പ്രാഥമിക നിഗമനം. തലയിലെ പരുക്കിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് ഷഫീഖിന്റെ മരണത്തിനു കാരണമായതെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മേധാവി രഞ്ജു രവീന്ദ്രന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.


ഷെഫീക്കിന്റെ തലയുടെ മുന്‍ഭാഗത്ത് ഇടതു കണ്ണിന് മുകളില്‍ പരുക്കുണ്ട്. ശരീരത്തില്‍ മറ്റു ഭാഗങ്ങളില്‍ പരുക്കുകള്‍ ഇല്ല. മരണത്തിലേക്ക് നയിച്ച ക്ഷതം വീഴ്ച മൂലമോ മര്‍ദനം മൂലമോ എന്ന് സ്ഥിരീകരിക്കാന്‍ ആയിട്ടില്ല. ശാസ്ത്രീയ പരിശോധനാഫലം ലഭ്യമായാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത കൈവരൂ. ഉദയംപേരൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ ഷെഫീക്കിന് ക്രൂരമര്‍ദനം ഏറ്റെന്ന് ബന്ധുക്കള്‍ പറയുന്നുണ്ട്. ഇതാണ് ഷെഫീഖിന്റെ മരണത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും ബന്ധുക്കള്‍ അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കെത്തിയ എറണാകുളം സബ് കലക്ടര്‍ ഹാരിസ് റഷീദിനെയും ഉദയംപേരൂര്‍ പൊലീസിനേയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കിയിരുന്നു.


ഉദയംപേരൂരില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയില്‍ നിന്ന് പണം തട്ടിയെന്ന കേസില്‍ തിങ്കളാഴ്ചയാണ് ഷെഫീക്ക് അറസ്റ്റിലായത്. റിമാന്‍ഡില്‍ കഴിയവെ ആശുപത്രിയിലെത്തിച്ച ഷെഫീക്ക് ഇന്നലെ വൈകിട്ട് മരിച്ചു. ഷെഫീഖിന്റെ കസ്റ്റഡി മരണത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായെന്ന് മധ്യമേഖല ജയില്‍ ഡിഐജി സാം തങ്കയ്യന്‍ പ്രതികരിച്ചു.




Next Story

RELATED STORIES

Share it