Latest News

കൊറോണ വൈറസ് ഗന്ധവും രുചിയും നഷ്ടപ്പെടുത്തുമോ?

കൊറോണ വൈറസ് ഘ്രാണ നാഡിയെ ബാധിക്കുകയും തകരാറിലാക്കുകയും ചെയ്യുന്നുണ്ട്.

കൊറോണ വൈറസ് ഗന്ധവും രുചിയും നഷ്ടപ്പെടുത്തുമോ?
X

കൊറോണ വൈറസിന്റെ നിരവധിയായ സാധാരണ ലക്ഷണങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. സ്ഥിരമായ വരണ്ട ചുമ, ഉയര്‍ന്ന താപനില തുടങ്ങിയവയാണവ. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ നിങ്ങള്‍ വീട്ടില്‍ തന്നെ തുടരുകയും കുറഞ്ഞത് ഏഴു ദിവസമെങ്കിലും ക്വാറന്റൈനില്‍ കഴിയുകയും വേണം.

കൊവിഡ് 19 എങ്ങിനെ പ്രവര്‍ത്തിക്കുന്നു

വൈറസിനെക്കുറിച്ചും അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചും വിവിധങ്ങളായ പഠനങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. മിക്ക അണുബാധകളെയും പോലെ വ്യത്യസ്ത ആളുകളില്‍ വ്യത്യസ്ത ലക്ഷണങ്ങളും കൊറോണ വൈറസ് പ്രകടിപ്പിക്കുന്നുണ്ടെന്നത് വ്യക്തമാണ്. ശ്വാസതടസ്സം, തലവേദന, തൊണ്ടവേദന തുടങ്ങിയവും കൊവിഡ് 19ന്റെ അനേകം രോഗലക്ഷണങ്ങളില്‍ ചിലതാണ്.

അതിനിടെ, കൊറോണ വൈറസ് ബാധിതര്‍ക്ക് അവരുടെ രുചിയും ഗന്ധവും നഷ്ടപ്പെടുന്നതായുള്ള നിരവധി റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചില ആളുകള്‍ക്ക് ഗന്ധം (അനോസ്മിയ) അല്ലെങ്കില്‍ രുചിബോധം (അഗൂസിയ) എന്നിവ നഷ്ടപ്പെടുന്നത് അവര്‍ക്ക് മാത്രമുള്ള ലക്ഷണങ്ങളാണെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.

കൊറോണ വൈറസ് സ്ഥിരീകരിച്ച ചൈന, ഇറാന്‍, ഇറ്റലി, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ വൈറസ് ബാധിതര്‍ക്ക് അവരുടെ ഗന്ധം അല്ലെങ്കില്‍ രുചിയില്‍ താല്‍ക്കാലിക നഷ്ടം ഉണ്ടായതായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ രണ്ട് ലക്ഷണങ്ങളും 'മറ്റ് രോഗലക്ഷണങ്ങളുടെ അഭാവത്തില്‍' 'നിരവധി കൊറോണ രോഗികളില്‍' കണ്ടെത്തിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് ഒട്ടോറിനോളറിംഗോളജി (ഇഎന്‍ടി യുകെ) നടത്തിയ പഠനം വ്യക്തമാക്കുന്നു. മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍

മറഞ്ഞിരിക്കുന്ന വൈറസ് വാഹകരായിരിക്കാമെന്നും ഇവര്‍ കൊറോണ അതിവേഗം വ്യാപിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും ബ്രിട്ടീഷ് റിനോളജിക്കല്‍ സൊസൈറ്റി പ്രസിഡന്റ് പ്രഫസര്‍ ക്ലെയര്‍ ഹോപ്കിന്‍സ്, ഇഎന്‍ടി യുകെ പ്രസിഡന്റ് പ്രൊഫസര്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. നിര്‍ഭാഗ്യവശാല്‍, ഈ രോഗികള്‍ പരിശോധനയ്ക്കോ സ്വയം ഒറ്റപ്പെടലിനോ ഉള്ള നിലവിലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. മാര്‍ച്ച് 22 ന് വിര്‍ജീനിയയിലെ അലക്‌സാണ്ട്രിയയിലെ അമേരിക്കന്‍ അക്കാദമി ഓഫ് ഒട്ടോളറിംഗോളജി-ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറിയുടെ (AAO-HNS) പഠനവും ഈ പ്രസ്താവനയ്ക്കു പിന്തുണ നല്‍കുന്നതാണ്.

ജലദോഷം ഉള്‍പ്പെടെയുള്ള അപ്പര്‍ എയര്‍വേസിനെ (വായ, മൂക്ക്, തൊണ്ട, സൈനസുകള്‍) ബാധിക്കുന്ന പല വൈറസുകളും ഗന്ധം തിരിച്ചറിയാനുള്ള ശേഷിയെ പ്രതികൂലമായി ബാധിക്കാറുണ്ട്. നാസികാദ്വാരത്തില്‍ അമിതമായ മ്യൂക്കസ് ഉണ്ടാകുന്നതിലൂടെ ഇത് മൂക്കിലേക്കുള്ള വായുപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ഗന്ധം തിരിച്ചറിയാന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നു.

എപ്പോഴെങ്കിലും ജലദോഷം പിടിപ്പെട്ടവര്‍ക്ക് ഇക്കാര്യം വ്യക്തമാവും. മൂക്ക് അടച്ചില്‍ സാധാരണയായി താല്‍ക്കാലികവും രണ്ടാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കുന്നതുമാണ്.

അതേസമയം, കൊറോണ വൈറസുകള്‍ വ്യത്യസ്ഥമാണ്. കാരണം ഇത് മിക്ക രോഗികളിലും അമിതമായ മ്യൂക്കസ് ഉല്‍പാദനത്തിന് കാരണമാകില്ല. എന്നാല്‍, വൈറസ് ബാധിതരില്‍ മൂക്കിലെ പാതകളുടെ (നേസല്‍ പാസേജ് വേ) പുറകില്‍ ഈ വൈറസ് വന്‍തോതില്‍ കാണപ്പെടുന്നു.

ഇവിടെ, ഗന്ധത്തിന് സഹായിക്കുന്ന സെല്ലുകളെ വൈറസ് ആക്രമിക്കുന്നു. ഇത് സെല്ലുകളിലേക്ക് പ്രവേശിക്കുകയും സ്വയം പുനര്‍നിര്‍മ്മിക്കാനുള്ള ഒരു പ്ലാറ്റ്‌ഫോമായി ഉപയോഗിക്കുകയും ചെയ്യുന്നതിനാല്‍ അവയെ അകത്തു നിന്ന് നശിപ്പിക്കുകയും ചെയ്യുന്നു.ഈ കോശങ്ങള്‍ക്ക് അവയുടെ ഉപരിതലത്തില്‍ വളരെ ചെറിയ രോമങ്ങളുണ്ട്, അത് ഗന്ധം കണ്ടെത്താന്‍ സഹായിക്കുന്നു. എന്നാല്‍, കൊറോണ ബാധിത കോശങ്ങള്‍ക്ക് ഈ പ്രത്യേക രോമങ്ങള്‍ നഷ്ടപ്പെട്ടതായി കാണുന്നു.

കൊറോണ വൈറസ് ഘ്രാണ നാഡിയെ ബാധിക്കുകയും തകരാറിലാക്കുകയും ചെയ്യുന്നുണ്ട്. ഗന്ധവുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ തലച്ചോറിലേക്കും അവിടെനിന്ന് തിരികെയും കൊണ്ടുവരുന്ന ഈ നാഡിക്ക് സംഭവിക്കുന്ന തകരാറുകള്‍ ഗന്ധത്തിന്റെ ആഴത്തിലുള്ള നഷ്ടത്തിന് കാരണമാവും. മിക്ക വൈറല്‍ അനോസ്മിയകളെയും പോലെ, ഇതിന്റെ ഫലങ്ങള്‍ താല്‍ക്കാലികമാണ്, മിക്ക ആളുകളും നാല് ആഴ്ചയ്ക്കുള്ളില്‍ അവരുടെ ഗന്ധം വീണ്ടെടുക്കാന്‍ കഴിയാറുണ്ട്.

ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെട്ട കൊറോ രോഗികളുടെ എണ്ണം അറിവായിട്ടില്ലെങ്കിലും, മറ്റ് തരത്തിലുള്ള കൊറോണ വൈറസുകളെക്കുറിച്ചുള്ള പഠനത്തില്‍ വ്യക്തമായത് ഏതെങ്കിലും തരത്തിലുള്ള വൈറല്‍ അനോസ്മിയ ബാധിച്ചവരില്‍ 1 ശതമാനം പേര്‍ക്ക് സ്ഥിരമായ ഗന്ധം നഷ്ടപ്പെടുന്നുണ്ടെന്നാണ്. ഭൂരിപക്ഷം പേര്‍ക്കും സ്വമേധയാ പരിഹാരം ഉണ്ടാവാറുണ്ട്. എന്നാല്‍, ചിലര്‍ക്ക് ഗന്ധത്തിന് കാരണമാകുന്ന സെന്‍സറി സെല്ലുകളെ പുനര്‍പരിശീലിപ്പിച്ചും ബോധപൂര്‍വും ഇടപെട്ടും മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരംകാണാന്‍ സാധിക്കൂ.

നാവിലെ രുചി മുകുളങ്ങളെ വൈറസ് ബാധിക്കില്ലെങ്കിലും ഗന്ധത്തിന്റെ അര്‍ത്ഥം രുചിയുമായി മനശാസ്ത്രപരമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, ആളുകള്‍ക്ക് അവരുടെ രുചിയുടെ കഴിവ് നഷ്ടപ്പെട്ടതായി അനുഭവപ്പെടും.

ഗന്ധത്തിന്റെ അഭാവമോ രുചി നഷ്ടമോ നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഏഴു ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം.

Next Story

RELATED STORIES

Share it