Loksabha Election 2019

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്, ബിജെപി ഗൂഢാലോചനയെന്ന് കോടിയേരി

സംസ്ഥാനത്താകെ ഉയര്‍ന്നുവന്ന എല്‍ഡിഎഫ് തരംഗത്തില്‍ വിറളിപൂണ്ട് നടത്തുന്ന ഇത്തരം അക്രമസംഭവങ്ങളില്‍ പോലിസും തിരഞ്ഞെടുപ്പ് കമ്മീഷനും ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടിയേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്, ബിജെപി ഗൂഢാലോചനയെന്ന് കോടിയേരി
X

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ അക്രമം അഴിച്ചുവിട്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഒരു വശത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുഡിഎഫും മറുവശത്ത് ബിജെപിയും നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബോധപൂര്‍വം പ്രകോപനം സൃഷ്ടിച്ച് അക്രമം അഴിച്ചുവിടുകയും മുതലെടുപ്പ് നടത്തുകയുമാണ് യുഡിഎഫും ബിജെപിയും. അക്രമങ്ങള്‍ പരക്കെ അഴിച്ചുവിടുകയും എല്‍ഡിഎഫ് അക്രമം എന്ന പ്രചാരണ കോലാഹലം നടത്തുകയും ചെയ്ത് മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ആലത്തൂര്‍ എംഎല്‍എ കെ ഡി പ്രസന്നന് യുഡിഎഫ് അക്രമത്തില്‍ സാരമായി പരിക്കേറ്റു. തലസ്ഥാനത്ത് വേളിയില്‍ എ കെ ആന്റണിയെ തടഞ്ഞെന്ന നുണക്കഥ സൃഷ്ടിച്ച് യുഡിഎഫുകാര്‍ സംഘര്‍ഷം സൃഷ്ടിച്ചു. വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ വില്യാപ്പള്ളിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ പരക്കെ അക്രമം അഴിച്ചുവിട്ടു. പൊന്നാനിയില്‍ യുഡിഎഫുകാര്‍ അഴിഞ്ഞാടി. ആറ്റിങ്ങല്‍ മണ്ഡലത്തിലെ വര്‍ക്കലയില്‍ യുഡിഎഫും ബിജെപിയും അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. കൊല്ലം കരുനാഗപ്പള്ളിയില്‍ എല്‍ഡിഎഫ് ജാഥ ആക്രമിച്ചു. തിരുവല്ലയില്‍ എല്‍ഡിഎഫ് പ്രചാരണ സമാപനത്തിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഇത്തരം പ്രകോപനങ്ങളില്‍ കുടുങ്ങാതെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തികഞ്ഞ ആത്മസംയമനം പാലിക്കണം. ഓരോ വോട്ടറെയും ബൂത്തിലെത്തിച്ച് വോട്ട് രേഖപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളിലാവണം എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ശ്രദ്ധ. സംസ്ഥാനത്താകെ ഉയര്‍ന്നുവന്ന എല്‍ഡിഎഫ് തരംഗത്തില്‍ വിറളിപൂണ്ട് നടത്തുന്ന ഇത്തരം അക്രമസംഭവങ്ങളില്‍ പോലിസും തിരഞ്ഞെടുപ്പ് കമ്മീഷനും ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടിയേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.



Next Story

RELATED STORIES

Share it