Flash News

വാറ്റ്‌ഫോര്‍ഡിന്റെ വിജയക്കുതിപ്പിന് ഒടുവില്‍ യുനൈറ്റഡിന്റെ ഫുള്‍സ്റ്റോപ്

വാറ്റ്‌ഫോര്‍ഡിന്റെ വിജയക്കുതിപ്പിന് ഒടുവില്‍ യുനൈറ്റഡിന്റെ ഫുള്‍സ്റ്റോപ്
X

വാറ്റ്‌ഫോര്‍ഡ്: സീസണിലെ പ്രീമിയര്‍ ലീഗില്‍ അപരാജിതരായി മുന്നേറുന്ന വാറ്റ്‌ഫോര്‍ഡിന് സൂപ്പര്‍ ടീം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഫുള്‍സ്‌റ്റോപ്്. തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ പട്ടികയില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഇറങ്ങിയ വാറ്റ്‌ഫോര്‍ഡിനെ അവരുടെ മടയില്‍ വച്ച് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് യുനൈറ്റഡ് കീഴടക്കിയത്. യുനൈറ്റഡിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി റൊമേലു ലുക്കാക്കു, ക്രിസ് സ്മാളിങ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ആന്ദ്രേ ഗ്രേയുടെ വകയായിരുന്നു വാറ്റ്‌ഫോഡിന്റെ ആശ്വാസ ഗോള്‍.
മല്‍സരത്തില്‍ പന്തടക്കി വയ്ക്കുന്നതില്‍ യുനൈറ്റഡ് മുന്നിട്ടു നിന്നപ്പോള്‍ വാറ്റ്‌ഫോര്‍ഡിന്റെ പ്രതിരോധം പൊളിച്ച് എതിര്‍ വലയിലേക്ക് ഗോളുതിര്‍ക്കാന്‍ അവര്‍ നന്നേ പാടുപെട്ടു. 53 ശതമാനവും പന്തടക്കി വച്ച യുനൈറ്റഡിന് ഒമ്പത് തവണ മാത്രമാണ് പ്രതിരോധത്തെയും ഗോളിയെയും വിറപ്പിക്കാന്‍ കഴിഞ്ഞത്. വാറ്റ്‌ഫോര്‍ഡ് തൊടുത്തതാവട്ടെ, 14 തവണയും. യുനൈറ്റഡ് ഗോളി ഡേവിഡ് ഡിജിയ ഗോള്‍പോസ്റ്റിന് പുറത്ത് നടത്തിയ അസാമാന്യ പ്രകടനവും യുനൈറ്റഡിന്റെ വിജയത്തിന് നിര്‍ണായകമായി. ഗോള്‍ പോസ്റ്റ് ലക്ഷ്യമായി വന്ന അഞ്ച് ഷോട്ടുകളില്‍ നാലും തടുത്താണ് ഡിജിയ ഇന്നലെ യുനൈറ്റഡിന്റെ രക്ഷകനായത്.
ജെസ്സി ലിംഗാര്‍ഡിനെയും റൊമേലു ലുക്കാക്കുവിനെയും അലക്‌സീസ് സാഞ്ചസിനെയും മുന്നില്‍ നിര്‍ത്തി കോച്ച ജോസ് മൊറീഞ്ഞോ യുനൈറ്റഡിനെ പതിവു ശൈലിയായ 4-3-3 എന്ന ഫോര്‍മാറ്റില്‍ കളത്തില്‍ വിന്യസിച്ചപ്പോള്‍ 4-2-2-2 എന്ന നൂതന ശൈലിയാണ് വാറ്റ്‌ഫോര്‍ഡ് സ്വീകരിച്ചത്.
മികച്ച ആക്രമണ ഫുട്ബാള്‍ കാഴ്ചവച്ച യുനൈറ്റഡ് 35ാം മിനിറ്റില്‍ ലുക്കാക്കുവിലൂടെ മുന്നിലെത്തി. തുടര്‍ന്ന് മൂന്നു മിനിറ്റിനകം മികച്ചൊരു വോളിയിലൂടെ ക്രിസ് സ്മാളിങ് ടീമിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആദ്യ പകുതിയില്‍ നിന്നും വ്യത്യസ്തമായി രണ്ടാം പകുതിയില്‍ വാറ്റ്‌ഫോര്‍ഡ് താരങ്ങള്‍ കളത്തില്‍ നിറഞ്ഞുകളിക്കുന്നതാണ് കണ്ടത്. ഈ പകുതിയില്‍ പന്തടക്കത്തിലും ഗോള്‍ശ്രമത്തിലും വാറ്റ്‌ഫോര്‍ഡായിരുന്നു മുന്നില്‍. ഇതിന് അവര്‍ ഫലവും കണ്ടു. 65ാം മിനിറ്റില്‍ ഗ്രെയിലൂടെ ഒരു ഗോള്‍ മടക്കിയതോടെ വാറ്റ്‌ഫോഡ് കൂടുതല്‍ ആക്രമിച്ചു കളിച്ചു. എന്നാല്‍ യുനൈറ്റഡിന്റെ പ്രതിരോധവും ഗോള്‍ കീപ്പര്‍ ഡിജിയയുടെ തകര്‍പ്പന്‍ സേവുകളും വാറ്റ്‌ഫോഡിന് തടസമായി നിന്നു. എക്‌സ്ട്രാ ടൈമില്‍ ക്രിസ്റ്റ്യന്‍ കബസിലയിലൂടെ വാറ്റ്‌ഫോര്‍ഡ് യുനൈറ്റഡിനെ 2-2ന്റെ സമനിലയില്‍ തളച്ചു എന്ന് വിചാരിച്ച നിമിഷത്തില്‍ അവിടെയും ഡിജിയ രക്ഷകവേഷം കെട്ടി. കബസിലെയുടെ ഗോളെന്നുറച്ച ഹെഡര്‍ ഡിജിയ തട്ടിയകറ്റിയത് അവിശ്വസനീയമാംവിധമാണ് കാണികള്‍ കണ്ടു നിന്നത്.
എക്‌സ്ട്രാ ടൈമില്‍ നെമാഞ്ച മാറ്റിച്ച് രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് ചുവപ്പ കാര്‍ഡുമായി പുറത്ത് പോയെങ്കിലും ജയം യുനൈറ്റഡിനൊപ്പമായിരുന്നു. ജയത്തോടെ യുനൈറ്റഡ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്കുയര്‍ന്നു. നിലവില്‍ അവര്‍ക്ക് ഒമ്പത് പോയിന്റാണുള്ളത്.
Next Story

RELATED STORIES

Share it