Flash News

തിരിച്ചുവരവില്‍ യുനൈറ്റഡ്; ആവേശജയമല്ലാതെ വേറെന്ത് പറയാന്‍

തിരിച്ചുവരവില്‍ യുനൈറ്റഡ്; ആവേശജയമല്ലാതെ വേറെന്ത് പറയാന്‍
X

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിനോട് 2-0ന് പിന്നില്‍ നിന്നതോടെ കാര്യങ്ങള്‍ കൈവിട്ടെന്ന് കരുതിയെങ്കിലും പോരാട്ടത്തിന്റെ മാറ്റ് കുറയ്ക്കാതെ കളി മെനഞ്ഞ യുനൈറ്റഡിന് ആവേശ ജയം. ഈ മല്‍സരത്തില്‍ പരാജയപ്പെട്ടാല്‍ ഒരു പക്ഷേ യുനൈറ്റഡിനോടൊപ്പമുണ്ടാകില്ലെന്ന കോച്ച് ജോസ് മൊറീഞ്ഞോയുടെ പ്രസ്താവന ഉള്‍ക്കൊണ്ട് കളിച്ച യുനൈറ്റഡ് താരങ്ങള്‍ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് യുനൈറ്റഡിന് ആശിച്ച വിജയം നേടിക്കൊടുത്തത്. ഈ ജയത്തോടെ യുനൈറ്റഡിന് മാത്രമല്ല കോച്ച് മൊറീഞ്ഞോയ്ക്കും കൂടിയാണ് ജീവശ്വാസംതിരിച്ചു കിട്ടിയത്.
യുവാന്‍ മാറ്റ, അന്റോണി മാര്‍ഷ്യല്‍, അലക്‌സിസ് സാഞ്ചസ് എന്നിവര്‍ ചേര്‍ന്ന് അവസാന 20 മിനിറ്റുകളില്‍ നേടിയ ഗോളുകളാണ് യുനൈറ്റഡിന്റെ വിധിയെ മാറ്റിമറിച്ചത്.
മല്‍സരത്തിലെ ആദ്യ 10 മിനിറ്റുകളില്‍ തന്നെ ന്യൂകാസിലിന്റെ ഇരട്ടഗോള്‍ പ്രഹരത്തോടെ ഇത്തവണയും തങ്ങള്‍ തോല്‍വിയുടെ ഭാരം ചുമക്കേണ്ടി വരുമെന്ന് യുനൈറ്റഡ് തിരിച്ചറിഞ്ഞു. ഏഴാം മിനിറ്റുല്‍ ബ്രസീല്‍ താരം കെനഡിയും 10ാം മിനിറ്റില്‍ ജപ്പാന്‍ മിഡ്ഫീല്‍ഡര്‍ യോഷിനോരി മുറ്റോയുമാണ് യുനൈറ്റഡ് പ്രതിരോധം ഭേദിച്ച് വല കുലുക്കിയത്. പ്രീമിയര്‍ ലീഗില്‍ ഒരു ജയം പോലും സ്വന്തമായില്ലാത്ത ന്യൂകാസില്‍ രണ്ട് ഗോളുകള്‍ നിക്ഷേപിച്ചതിനെ തുടര്‍ന്ന് ജാഗരൂകരായ യുനൈറ്റഡ് താരങ്ങള്‍ പ്രതിരോധം കടുപ്പിക്കുകയും അവസരം കിട്ടുമ്പോള്‍ ന്യൂകാസില്‍ ഗോള്‍ പോസ്റ്റിലേക്ക് പന്തെത്തിക്കുകയും ചെയ്തു കൊണ്ടേയിരുന്നു. പക്ഷേ ആദ്യ പകുതിയില്‍ നിരാശയായിരുന്നു ഫലം.
രണ്ടാം പകുതിയില്‍ ടീം ആക്രമണവുമായി ന്യൂകാസിലിനെ നിരന്തരം വിറപ്പിച്ചെങ്കിലും നിരവധി അവസരങ്ങള്‍ തുലച്ച് ഗോള്‍രാഹിത്യവുമായി മുന്നോട്ട് നീക്കി. എന്നാല്‍ 70ാം മിനിറ്റില്‍ യുവാന്‍ മാറ്റ ഒന്നാന്തരമൊരു ഫ്രീകിക്കിലൂടെ യുനൈറ്റഡിന് ആദ്യ ഗോള്‍ സമ്മാനിച്ചു. ആറ് മിനിറ്റുകള്‍ക്ക് ശേഷം മാര്‍ഷ്യല്‍ കൂടി ഗോള്‍ സ്വന്തമാക്കിയതോടെ മല്‍സരം 2-2ന് സമനിലയില്‍. ഒരു ഫൈനല്‍ മല്‍സരം ജയിച്ചതിന്റെ ആഘോഷമായിരുന്നു അപ്പോള്‍ യുനൈറ്റഡ് താരങ്ങളുടെ മുഖത്ത് പ്രകടമായത്. പിന്നീട് വിജയഗോളിനായി കാത്തിരുന്ന ആരാധകര്‍ക്ക് ടീം അതും സമ്മാനിച്ചു. ഇത്തവണ 90ാം മിനിറ്റില്‍ ആഷ്‌ലി യങിന്റെ കോര്‍ണറില്‍ അലക്‌സിസ് സാഞ്ചസാണ് ടീമിന്റെ വിജയഗോള്‍ ഉതിര്‍ത്തത്. തുടര്‍ തോല്‍വികള്‍ കൊണ്ട് നിരാശരായി നില്‍ക്കുന്ന ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ത്രസിപ്പിക്കുന്ന ജയവുമായി യുനൈറ്റഡ് സ്വന്തം തട്ടകം വിട്ടു. ജയത്തോടെ യുനൈറ്റഡ് എട്ടാം സ്ഥാനത്തേക്ക് മുന്നേറി. 13 പോയിന്റുള്ള അവര്‍ ഒന്നാം സ്ഥാനത്തുള്ള ടീമുമായുള്ള പോയിന്റ് വ്യത്യാസം ആറായി കുറച്ചു.
മറ്റൊരു മല്‍സരത്തില്‍ ടോട്ടനം കാര്‍ഡിഫിനെ ഒരു ഗോളിന് പരാജയപ്പെടുത്തി. എട്ടാം മിനിറ്റില്‍ എറിക് ഡയര്‍ നേടിയ ഗോളിലാണ് ടോട്ടനം വിജയം പിടിച്ചെടുത്തത്.
Next Story

RELATED STORIES

Share it