Environment

നെയ്യാര്‍- പേപ്പാറ ഇക്കോ സെന്‍സിറ്റീവ് സോണ്‍: കരട് വിജ്ഞാപനം പുനപ്പരിശോധിക്കാന്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും

നെയ്യാര്‍- പേപ്പാറ ഇക്കോ സെന്‍സിറ്റീവ് സോണ്‍: കരട് വിജ്ഞാപനം പുനപ്പരിശോധിക്കാന്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും
X

തിരുവനന്തപുരം: നെയ്യാര്‍- പേപ്പാറ വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശം ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആയി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള കരട് വിജ്ഞാപനം പുനപ്പരിശോധിക്കണമെന്ന കേരള സര്‍ക്കാരിന്റെ അഭിപ്രായം കേന്ദ്രത്തെ അറിയിക്കും. സംസ്ഥാന സര്‍ക്കാര്‍ 2021ല്‍ നല്‍കിയ അഭിപ്രായം പരിഗണിക്കാതെയാണ് ജനവാസ മേഖലകള്‍ ഉള്‍പ്പെടുത്തി കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കിയത്. 2021ല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദമായ റിപോര്‍ട്ടില്‍ മുന്‍ റിപോര്‍ട്ടുകളില്‍ നിന്ന് വ്യത്യസ്തമായി ജനവാസ മേഖലയെ പൂര്‍ണമായും ഒഴിവാക്കിയിരുന്നു.

പ്രസ്തുത റിപോര്‍ട്ട് കേന്ദ്ര വനംപരിസ്ഥിതി വകുപ്പ് കൈപ്പറ്റിയെങ്കിലും കരട് വിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍ പരിഗണിക്കപ്പെട്ടില്ല. ഇതാണ് ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് ആശങ്ക സൃഷ്ടിച്ചത്. ജനവാസ മേഖലയെ ഒഴിവാക്കി ഇക്കോ സെന്‍സിറ്റീവ് സോണ്‍ നടപ്പാക്കണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. ഇത് വീണ്ടും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ കൊണ്ടുവരുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

നിലവില്‍ പുറപ്പെടുവിച്ച കേന്ദ്ര വിജ്ഞാപനത്തില്‍ 71.27 ചതുരശ്ര കിലോമീറ്ററാണ് ഉള്‍പ്പെടുന്നത്. എന്നാല്‍, ഫെബ്രുവരി 11ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ജനവാസ മേഖലകളെ ഒഴിവാക്കി 52.036 ചതുരശ്ര കിലോമീറ്റര്‍ ആക്കി കുറച്ചിരുന്നു. ഇതില്‍ നിന്ന് അമ്പൂരി, കള്ളിക്കാട്, വിതുര, കുറ്റിച്ചല്‍ പഞ്ചായത്തുകളിലെ ജനവാസ മേഖലയെ പൂര്‍ണമായി ഒഴിവാക്കുകയും ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കിയുമുള്ള ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക ഒഴിവാക്കുന്നതിനായി വനംവന്യജീവി വകുപ്പുമന്ത്രിയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെ യോഗം ചേര്‍ന്നു.

ജനപ്രതിനിധികള്‍ പങ്കുവെച്ച ആശങ്ക സംസ്ഥാന സര്‍ക്കാരിന്റെ നിലവിലുള്ള അഭിപ്രായത്തിന് അനുസരണമാണെന്നും പ്രസ്തുത ആശങ്കകള്‍ കേന്ദ്രത്തെ അറിയിച്ച് പൂര്‍ണ്ണമായ പരിഹാരം കണ്ടശേഷം മാത്രമേ അന്തിമ വിജ്ഞാപനം ഉണ്ടാവുകയുള്ളൂ എന്ന് മന്ത്രി ജനപ്രതിനിധികള്‍ക്ക് ഉറപ്പു നല്‍കി. ഈ വിഷയത്തില്‍ വന്യജീവി സങ്കേതത്തിലെ ബഫര്‍ സോണ്‍ എന്ന വാക്ക് പലപ്പോഴും തെറ്റിദ്ധാരണാജനകമായി ഉപയോഗിക്കുന്നതായി മന്ത്രി പറഞ്ഞു.

വന്യജീവി സങ്കേതത്തില്‍ കോര്‍ ഏരിയ, ബഫര്‍ സോണ്‍, എക്കോ ടൂറിസം സോണ്‍ എന്നിങ്ങനെ മൂന്ന് മേഖലകള്‍ ഭരണപരമായ ആവശ്യത്തിനായി തിരിച്ചിട്ടുണ്ട്. ഇതോക്കെ സങ്കേതത്തിന് ഉള്ളില്‍ വരുന്ന പ്രദേശങ്ങളാണ്. ബഫര്‍ സോണില്‍ ഏതാനും സെറ്റില്‍മെന്റുകള്‍ നിലവിലുണ്ട്. ഇക്കോ സെന്‍സിറ്റീവ് സോണ്‍ എന്നത് സങ്കേതത്തിന് പുറത്തുള്ള പ്രദേശമാണ്. ഈ പ്രദേശമാണ് കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഈ കാര്യത്തില്‍ പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും കേന്ദ്രത്തെയും സംസ്ഥാനത്തെയും നിലവിലുള്ള കരട് വിജ്ഞാപനത്തിനെതിരെയുള്ള അഭിപ്രായങ്ങള്‍ അറിയിക്കാവുന്നതാണ്. പ്രസ്തുത അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് ആവശ്യമെങ്കില്‍ വേണ്ട ഭേദഗതി വരുത്തി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിക്കും.

Next Story

RELATED STORIES

Share it