Crime News

പള്ളിപ്പുറത്ത് സ്വര്‍ണവ്യാപാരിയെ വെട്ടി സ്വര്‍ണവും പണവും കവര്‍ന്ന കേസ്; മുഖ്യപ്രതി ജാസിംഖാനും കൂട്ടാളികളും പിടിയില്‍

പിടിയിലായത് നാല് മാസമായി പോലിസിന് പിടിതരാതെ മുങ്ങിനടന്ന നിരവധി കേസുകളിലെ പ്രതി ജാസിംഖാനും സംഘവും

പള്ളിപ്പുറത്ത് സ്വര്‍ണവ്യാപാരിയെ വെട്ടി സ്വര്‍ണവും പണവും കവര്‍ന്ന കേസ്; മുഖ്യപ്രതി ജാസിംഖാനും കൂട്ടാളികളും പിടിയില്‍
X

തിരുവനന്തപുരം: പള്ളിപ്പുറത്തിന് സമീപം ദേശീയപാതയില്‍ സ്വര്‍ണവ്യാപാരിയെ കാര്‍ തടഞ്ഞ് വെട്ടിപരിക്കേല്‍പ്പിച്ച് സ്വര്‍ണക്കവര്‍ച്ച നടത്തിയ ക്വട്ടേഷന്‍ സംഘത്തലവനും കൂട്ടാളികളും പിടിയില്‍. മംഗലപുരം പോലിസും തിരുവനന്തപുരം റൂറല്‍ ഷാഡോ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

നിരവധി കവര്‍ച്ചാ, വധശ്രമകേസുകളിലെ പ്രതിയായ കഴക്കൂട്ടം മണക്കാട്ട് വിളാകം ജസീലാ മന്‍സിലില്‍ ജാസിംഖാന്‍(28), വെയിലൂര്‍ മംഗലപുരം എം.കെ നഗറില്‍ ബൈത്തുനൂര്‍ ചാരുമൂട് വീട്ടില്‍ അജ്മല്‍ (25), മേല്‍ തോന്നയ്ക്കല്‍ കല്ലൂര്‍ ആര്‍എന്‍ കോട്ടേജില്‍ മുഹമ്മദ്‌റാസി ( 23) എന്നിവരാണ് പിടിയിലായത്.

കവര്‍ച്ച നടത്തിയശേഷം പ്രതികള്‍ ബാംഗ്ലൂരിലേക്കും അവിടെ നിന്നും ഗോവയിലേക്കും കാര്‍മാര്‍ഗ്ഗം രക്ഷപ്പെടുകയായിരുന്നു. ഇവരെ രക്ഷപ്പെടാന്‍ സഹായിച്ചവരെയും കാറും കണ്ടെത്തിയിരുന്നു. അന്വേഷണ സംഘം ഇവരെ പിടികൂടാനായി കര്‍ണാടകയിലും, ഗോവയിലും എത്തിയെങ്കിലും പ്രതികള്‍ അവിടെ നിന്നും മുംബൈയിലേക്ക് ഒളിതാവളം മാറുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ മുംബൈയില്‍ അന്തേരിയിലെ വിവിധയിടങ്ങളില്‍ കൊട്ടേഷന്‍ സംഘങ്ങളുടെ സഹായത്തോടെ ഒളിവില്‍ കഴിഞ്ഞ് വരുകയായിരുന്നു. മുംബെ അന്തേരിയിലെ ഒളിത്താവളം അന്വേഷണസംഘം മനസ്സിലാക്കിയതറിഞ്ഞ് പ്രതികള്‍ തമിഴ്‌നാട് വഴി കേരളത്തിലെത്തിയപ്പോഴാണ് പിടിയിലാകുന്നത്.

നിരവധി കവര്‍ച്ചാ,വധശ്രമ കേസുകളിലെ പ്രതിയായ ജാസിം ഖാനെതിരെ തിരുവനന്തപുരം ജില്ലയില്‍ കഴക്കൂട്ടം, മംഗലപുരം,കല്ലമ്പലം, വര്‍ക്കല എന്നിവിടങ്ങളിലും കൊല്ലം ജില്ലയിലും അനവധി കേസുകളുണ്ട്. അക്രമം നടത്തിയ ശേഷം ഒളിവില്‍ പോയി നേരിട്ട് കോടതിയില്‍ കീഴടങ്ങുന്നതായിരുന്നു ഇയാളുടെ രീതി. ഇത് മനസ്സിലാക്കിയ പോലിസ് കോടതിക്ക് പുറത്ത് തുടര്‍ച്ചയായി ഷാഡോ പോലിസിന്റെ നിരീക്ഷണം ശക്തമാക്കിയിരുന്നു. ആദ്യമായാണ് ഇയാള്‍ നേരിട്ട് പോലിസിന്റെ പിടിയിലാകുന്നത്.

കവര്‍ച്ച ചെയ്ത് കിട്ടിയ സ്വര്‍ണം കേസിലെ മുഖ്യപ്രതിയായ ജാസിംഖാനാണ് സംഘാംഗങ്ങള്‍ക്ക് പകുത്ത് നല്‍കിയതും പണയം വെച്ചതും. കണ്ടെത്താനുള്ള 60 പവനോളം സ്വര്‍ണത്തെകുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇയാളില്‍ നിന്നും പോലിസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കവര്‍ച്ച ചെയ്ത മുഴുവന്‍ സ്വര്‍ണവും കണ്ടെത്താനാകും.

ഈ കേസിലെ മുഖ്യ ആസൂത്രകനും തമിഴ്‌നാട് ചെന്നൈയില്‍ താമസക്കാരനുമായ സന്തോഷിനെയും രണ്ട് കൂട്ടാളികളെയും പ്രത്യേക അന്വേഷണ സംഘം രണ്ട് ദിവസം മുമ്പ് പിടികൂടിയിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണ കവര്‍ച്ചാ കേസിലെ പ്രധാന പ്രതികളെ അന്വേഷണ സംഘത്തിന് ഇപ്പോള്‍ പിടികൂടാനായത്.

ഈ കേസില്‍ ഇതുവരെ ഇരുപത് പേര്‍ പിടിയിലായി. 40 പവനോളം സ്വര്‍ണവും 73000 രൂപയും വീണ്ടെടുത്തു. കവര്‍ച്ചയുമായി ബന്ധപ്പെട്ട് ആറ് കാറുകളും രണ്ട് ബൈക്കുകളും പോലിസ് പിടിച്ചെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചു.

മംഗലപുരം പോലിസ് ഇന്‍സ്‌പെക്ടര്‍ എച്ച്എല്‍ സജീഷിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ മാരായ എസ് ജയന്‍, ഫ്രാങ്ക്‌ളിന്‍ ഷാഡോ ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍ എം ഫിറോസ്ഖാന്‍, എ.എസ്.ഐ മാരായ ബി ദിലീപ്, ആര്‍ ബിജുകുമാര്‍, അനൂപ് എന്നിവരാണ് നാല് മാസത്തോളമായി പോലിസിന് പിടിതരാതെ മുങ്ങി നടന്ന പ്രതികളെ പിടികൂടിയത്. പോലുസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായാണ് അന്വേഷണ സംഘം കീഴടക്കിയത്.

Next Story

RELATED STORIES

Share it