Districts

കൊവിഡ് ചികിൽസാ കേന്ദ്രങ്ങള്‍: വയനാട്ടില്‍ 1500 കിടക്കകള്‍ സജ്ജം

എട്ട് കേന്ദ്രങ്ങളിലായി 1500 ഓളം കിടക്കകള്‍ ഇന്ന് സജ്ജമായി.

കൊവിഡ് ചികിൽസാ കേന്ദ്രങ്ങള്‍: വയനാട്ടില്‍ 1500 കിടക്കകള്‍ സജ്ജം
X

കല്‍പറ്റ: വയനാട് ജില്ലയില്‍ പ്രാഥമിക ചികിൽസാ കേന്ദ്രങ്ങളായ കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ സജ്ജീകരണം അന്തിമഘട്ടത്തില്‍. എട്ട് കേന്ദ്രങ്ങളിലായി 1500 ഓളം കിടക്കകള്‍ ഇന്ന് സജ്ജമായി. ജൂലൈ 23 നകം കിടക്കകളുടെ എണ്ണം 2500 ആക്കി വര്‍ധിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കി വരുന്നത്.

നിലവില്‍ കൊവിഡ് ആശുപത്രിയായ മാനന്തവാടി ജില്ലാ ആശുപത്രിക്കു കീഴില്‍ നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 144 കിടക്കകളും മാനന്തവാടി ഗവ. കോളജില്‍ 100 ഉം ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ 70 ഉം മനന്തവാടി വയനാട് സ്‌ക്വയറില്‍ 30 ഉം കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 275 ഉം പൂക്കോട് നവോദയ സ്‌കൂളില്‍ 480 ഉം കിടക്കകളാണ് സജ്ജീകരിച്ചത്. സുല്‍ത്താന്‍ ബത്തേരി ഡയറ്റില്‍ 100, അധ്യാപക ഭവനില്‍ 82, നൂല്‍പ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 210 ഉം കിടക്കകള്‍ സജ്ജീകരിച്ചു.

വൈത്തിരി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 150 ഉം വെറ്ററിനറി യൂണിവേഴ്‌സിറ്റിയുടെ രണ്ട് ലേഡീസ് ഹോസ്റ്റലുകളിലായി 200 ഉം മേപ്പാടി പോളിടെക്‌നിക്കില്‍ 150 ഉം കിടക്കകള്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ആയിരത്തോളം രോഗികള്‍ക്കുള്ള കിടത്തി ചികിൽസാ സൗകര്യം കൂടി രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകും.

ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ലയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് ഒരാഴ്ചയ്ക്കകം ഇത്രയും കൊവിഡ് ചികിൽസാ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചത്. ജൂലൈ 13 ന് ആരംഭിച്ച ജോലികള്‍ 10 ദിവസം പിന്നിടുന്നതോടെ 2500 രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്.

കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനായി 5000 ത്തിലധികം കിടക്കകള്‍ക്കുള്ള സൗകര്യങ്ങള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 2500 എണ്ണം പ്രവര്‍ത്തന സജ്ജമാകും. നിലവില്‍ മാനന്തവാടി ജില്ലാ ആശുപത്രിക്കു പുറമെ വയനാട് സ്‌ക്വയര്‍, പാസ്റ്ററല്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് രോഗികളെ ചികിൽസിക്കുന്നത്.

Next Story

RELATED STORIES

Share it