Districts

ജനങ്ങളുടെ നികുതിപ്പണം ചോരുന്നതിന്‍റെ ഉത്തമോദാഹരണമായി മാളയിലെ മൽസ്യ മാര്‍ക്കറ്റ്

ഗ്രാമപഞ്ചായത്ത് അധികൃതർ മൽസ്യ മാർക്കറ്റിലെ കച്ചവടം പുനരാരംഭിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കാതെ മാർക്കറ്റിനെ അവഗണിക്കുകയാണെന്ന പരാതി വ്യാപകമാണ്.

ജനങ്ങളുടെ നികുതിപ്പണം ചോരുന്നതിന്‍റെ ഉത്തമോദാഹരണമായി മാളയിലെ മൽസ്യ മാര്‍ക്കറ്റ്
X

മാള: മാള ടൗൺ ശുചിത്വമുള്ളതാക്കി തീർക്കുന്നതിനും മൽസ്യ വിൽപ്പനക്കാർക്ക് സൗകര്യമൊരുക്കുന്നതിനുമായി എട്ട് വർഷത്തോളം മുമ്പ് നിർമ്മിച്ച് ഉദ്ഘാടനം നടത്തിയ ആധുനിക മൽസ്യ മാർക്കറ്റ് ജനങ്ങളുടെ നികുതിപ്പണം ചോരുന്നതിന്‍റെ ഉത്തമോദാഹരണമായി തുടരുകയാണ്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ആധുനിക മത്സ്യ മാര്‍ക്കറ്റും അനുബന്ധ സംവിധാനങ്ങളും നശിച്ചു കൊണ്ടിരിക്കുന്നതിനൊപ്പം സാമൂഹ്യ വിരുദ്ധരുടെ താവളമായും മാറി.

മൽസ്യ മാർക്കറ്റിൽ കച്ചവടം നടത്തിയിരുന്നവരെല്ലാം കച്ചവടം അവസാനിപ്പിച്ച് മറ്റിടങ്ങൾ തേടിപോയി. മൽസ്യം വാങ്ങാൻ ആളുകളെത്താത്തതിനെ തുടർന്ന് കച്ചവടം നഷ്ടത്തിലായതോടെയാണ് കച്ചവടക്കാരെല്ലാം മൽസ്യ മാർക്കറ്റിലെ കച്ചവടം അവസാനിപ്പിച്ച് മറ്റിടങ്ങളിലേക്ക് ചേക്കേറിയത്. ഇതോടെ എട്ട് വർഷത്തോളം മുമ്പ് നിർമ്മിച്ച ആധുനിക മൽസ്യ മാർക്കറ്റ് ഉപയോഗവും സംരക്ഷണവുമില്ലാതെ വെറുതെ കിടക്കുകയാണ്. ലക്ഷങ്ങൾ മുടക്കി നിർമിച്ച ആധുനിക മത്സ്യ മാർക്കറ്റിലെ കച്ചവടക്കാർ ഒഴിഞ്ഞ് പോയതോടെ ഗ്രാമപഞ്ചായത്തിന് ലഭിച്ചിരുന്ന വാടക വരുമാനവും ഇല്ലാതായിരിക്കുകയിട്ട് തന്നെ ഇത്രയും വര്‍ഷങ്ങളായി.

എന്നിട്ടും ഗ്രാമപഞ്ചായത്ത് അധികൃതർ മൽസ്യ മാർക്കറ്റിലെ കച്ചവടം പുനരാരംഭിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കാതെ മാർക്കറ്റിനെ അവഗണിക്കുകയാണെന്ന പരാതി വ്യാപകമാണ്. ഇക്കാലത്തിനിടയില്‍ രണ്ട് ഭരണസമിതികളാണ് മാറി വന്നത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് കെട്ടിടവും മറ്റും ഒരുക്കിയെങ്കിലും ആവശ്യമായ ഫ്രീസിങ് സംവിധാനം ഒരുക്കിയിരുന്നില്ല. മലിനജലം സംസ്കരിച്ച് ശുദ്ധജലമാക്കി മാറ്റുന്ന സംവിധാനത്തിനും ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. ഈ സംവിധാനവും കാടുപിടിച്ച് നശിക്കുകയാണ്.

Next Story

RELATED STORIES

Share it