India

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ അഞ്ച് മാവോവാദികള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ അഞ്ച് മാവോവാദികള്‍ കൊല്ലപ്പെട്ടു
X

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബസ്തറില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് മാവോവാദികള്‍ കൊല്ലപ്പെട്ടു. അബുജ്മദ് മേഖലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ആക്രമണത്തില്‍ രണ്ടു ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ അപകടനില തരണം ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു.

നാരായണ്‍പൂര്‍, കാങ്കര്‍ ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന വലിയ പ്രദേശമാണ് വടക്കന്‍ അബുജ്മദ്. ഈ പ്രദേശത്ത് മാവോവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ സുരക്ഷാ സേന നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മാവോവാദികളെ വധിച്ചത്.

സുരക്ഷാ സേനയും മാവോവാദികളും തമ്മില്‍ രാവിലെ എട്ട് മണിയോടെ ആരംഭിച്ച വെടിവയ്പ്പ് മണിക്കൂറുകളോളം നീണ്ടു. അഞ്ചു മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായും പോലിസ് പറഞ്ഞു. ജില്ലാ റിസര്‍വ് ഗാര്‍ഡും (ഡിആര്‍ജി), പ്രത്യേക ടാസ്‌ക് ഫോഴ്സും (എസ്ടിഎഫ്), അതിര്‍ത്തി സുരക്ഷാ സേനയും (ബിഎസ്എഫ്) സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.

ഗോവയെക്കാല്‍ വലിയ നിബിഡ വന പ്രദേശമാണ് അബുജ്മദ്. പ്രധാനമായും നാരായണ്‍പൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ, ചിലഭാഗങ്ങള്‍ ബീജാപൂര്‍, ദന്തേവാഡ, കാങ്കര്‍ ജില്ലകളിലും മഹാരാഷ്ട്രയിലുമായി വ്യാപിച്ചുകിടക്കുന്നു. ഈ വര്‍ഷം സര്‍ക്കാര്‍ നടത്തിയ 'മാദ് ബച്ചാവോ' ക്യാംപിന്റെ ഭാഗമായി, അബുജ്മദിലും പ്രാന്തപ്രദേശങ്ങളിലുമായി സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 100-ലധികം മാവോയിസ്റ്റുകളെ വധിച്ചിരുന്നു.





Next Story

RELATED STORIES

Share it